Banking, Finance & Insurance

അര്‍ബന്‍ സഹകരണ ബാങ്കില്‍ സ്വര്‍ണപ്പണയ വായ്പയുണ്ടോ, പഴയത് പോലെ പുതുക്കി വയ്ക്കല്‍ ഇനി നടക്കില്ല

സ്വര്‍ണപ്പണയ വായ്പയിലെ പുതിയ റിസര്‍വ് ബാങ്ക് നയം നിങ്ങളെ ബാധിക്കുന്നതെങ്ങനെയെന്നറിയാം.

Dhanam News Desk

ഈ പ്രതിസന്ധി കാലഘട്ടത്തില്‍ സ്വര്‍ണപ്പണയ വായ്പയെ ആശ്രയിക്കാത്തവര്‍ ചുരുക്കമായിരിക്കും. ബാങ്കുകളിലും നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങളിലും സഹകരണ ബാങ്കുകളും മറ്റ് വായ്പാ സ്ഥാപനങ്ങളിലുമായി വായ്പ തേടുന്നവര്‍ ശ്രദ്ധിക്കുക. അര്‍ബന്‍ സഹകരണ ബാങ്കുകളുടെ സ്വര്‍ണപ്പണയ വായ്പയില്‍ റിസര്‍വ് ബാങ്ക് ഇടപെടല്‍ നടത്തിയിട്ടുണ്ട്. 90 ദിവസം കഴിഞ്ഞ സ്വര്‍ണപ്പണയ വായ്പ പുതുക്കി നല്‍കരുതെന്ന നിര്‍ദേശമാണ് കര്‍ശനമാക്കിയിരിക്കുന്നത്.

വായ്പക്കാരനെ ഇക്കാര്യം അറിയിക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും നിശ്ചിതദിവസം കഴിഞ്ഞ് തിരിച്ചടച്ചില്ലെങ്കില്‍ വായ്പക്കാരനെ കുടിശികക്കാരനാക്കി കണക്കാക്കും. പണ്ട് അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ സ്വര്‍ണം പണയം വച്ചെടുക്കുന്ന വായ്പ 90 ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കില്‍ പലിശയടച്ച് പുതുക്കിവയ്ക്കാന്‍ കഴിയുമായിരുന്നു. ഈ സൗകര്യത്തിനാണ് റിസര്‍വ് ബാങ്ക് പൂട്ടിട്ടത്. ജൂലായ് ഒന്നു മുതല്‍ 90 ദിവസത്തിന് ശേഷം പണയം പുതുക്കിവയ്ക്കുന്നത് നിര്‍ത്തി വയ്ക്കാനും കര്‍ശന നടപടി തുടങ്ങാനുമാണ് ഉത്തരവ്.

നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ബാങ്കുകള്‍ക്കെതിരെയാണ് നടപടിയെടുക്കുക എന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഈ വായ്പ തിരിച്ചടയ്ക്കാനുള്ള സമ്മര്‍ദ്ദം വര്‍ധിക്കും. നിശ്്ചിത സമയത്തില്‍ തിരിച്ചെടുത്തില്ലെങ്കില്‍ പ്രസ്തുത ബാങ്കിന് പോലും ചിലപ്പോള്‍ നിങ്ങളെ സഹായിക്കാന്‍ കഴിഞ്ഞെന്നുവരില്ല. 91 ദിവസമായാല്‍ പോലും പുതുക്കാനാവില്ല. മുഴുവന്‍ തുകയും പലിശയും അടച്ച് പണയം തിരിച്ചെടുക്കുകയാണ് പോംവഴി. അടച്ചില്ലെങ്കില്‍ പണയസ്വര്‍ണം ലേലം ചെയ്യാന്‍ ബാങ്കുകള്‍ക്ക് നടപടി സ്വീകരിക്കാം.

തുടര്‍ച്ചയായി 90 ദിവസം കുടിശിക വന്നാല്‍ കിട്ടാക്കടം (എന്‍.പി.എ) ആയി കണക്കാക്കാനാണ് ആര്‍ബിഐ നിര്‍ദേശം. പ്രാഥമിക സഹകരണ സംഘങ്ങള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിബന്ധന കര്‍ശനമാക്കിയിട്ടില്ല. എന്നാല്‍ അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ പണയം വച്ചവര്‍ തീയതി പരിശോധിച്ച് പെട്ടെന്ന് തിരിച്ചെടുക്കാനുള്ള മാര്‍ഗം നോക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT