Banking, Finance & Insurance

ആഗോളതലത്തില്‍ ആദ്യമായി ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി ഗൂഗിള്‍, തുടക്കം ഇന്ത്യയില്‍; പ്രത്യേകതകള്‍ എന്തൊക്കെ?

ക്യാഷ് ബാക്ക്, റിവാര്‍ഡ്‌സ് എന്നിവയിലും വിപ്ലവകരമായ മാറ്റമാണ് ഗൂഗിള്‍ ക്രെഡിറ്റ് കാര്‍ഡില്‍ കൊണ്ടുവന്നിരിക്കുന്നത്

Dhanam News Desk

ലോകത്തെ മുന്‍നിര ടെക് കമ്പനികളിലൊന്നായ ഗൂഗിള്‍ ആദ്യമായി ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി. ഇന്ത്യന്‍ വിപണിയില്‍ ആക്‌സിസ് ബാങ്കുമായും റുപേ നെറ്റ്‌വര്‍ക്കുമായും ചേര്‍ന്നാണ് പുതിയ മേഖലയിലേക്ക് എത്തുന്നത്. ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്ത് യു.പി.ഐ വഴി ഇടപാടുകള്‍ നടത്താവുന്ന രീതിയില്‍ വളരെ ലളിതമായാണ് ക്രെഡിറ്റ് കാര്‍ഡ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

വിസ, മാസ്റ്റര്‍ കാര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായി ഗൂഗിളിന്റെ ക്രെഡിറ്റ് കാര്‍ഡ് യു.പി.ഐയുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും. ഇതുവഴി എല്ലാവിധ മെര്‍ച്ചന്റ്‌സ് പേയ്‌മെന്റുകളും ചെയ്യാം.

മത്സരം കടുക്കും

ക്യാഷ് ബാക്ക്, റിവാര്‍ഡ്‌സ് എന്നിവയിലും വിപ്ലവകരമായ മാറ്റമാണ് ഗൂഗിള്‍ ക്രെഡിറ്റ് കാര്‍ഡില്‍ കൊണ്ടുവന്നിരിക്കുന്നത്. മറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നത് ഒരു മാസത്തിന് ശേഷമോ അല്ലെങ്കില്‍ അടുത്ത ബില്ലിംഗ് ഘട്ടത്തിലോ ആകും. എന്നാല്‍ ഗൂഗിള്‍ കാര്‍ഡില്‍ റിവാര്‍ഡ് പോയിന്റുകള്‍ തൊട്ടടുത്ത ഇടപാടില്‍ ഉപയോഗപ്പെടുത്താനാകും. ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതാകും ഈ മാറ്റം.

അനായാസ തിരിച്ചടവ് രീതികളാണ് ഗൂഗിള്‍ പേ ക്രെഡിറ്റ് കാര്‍ഡിന്റെ മറ്റൊരു പ്രത്യേകത. ഉപയോക്താക്കള്‍ക്ക് പ്രതിമാസ ബില്‍ ഇ.എം.ഐ അടിസ്ഥാനത്തില്‍ 6/9 മാസ കാലയളവുകളായി തിരിച്ചടയ്ക്കാന്‍ സാധിക്കും. പാര്‍ട്ണര്‍ ആപ്പ്/വെബ്‌സൈറ്റുകള്‍ എന്നിവയ്ക്ക് പുറമെ സ്‌കാന്‍ & യു.പി.ഐ പേയ്‌മെന്റുകള്‍ക്ക് അടക്കം 1-1.5 ശതമാനം ക്യാഷ് ബാക്ക് നല്‍കുകയും ചെയ്യുന്നു.

റുപേ-യു.പി.ഐ ക്രെഡിറ്റ് കാര്‍ഡ് മോഡലിന് ഉപയോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഫിന്‍ടെക് കമ്പനികളായ ഫോണ്‍പേയും പേടിഎമ്മും ഇതിനകം തന്നെ യു.പി.ഐയുമായി ലിങ്ക് ചെയ്യാന്‍ സാധിക്കുന്ന റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഗൂഗിള്‍പേയുടെ വരവ് ഈ മേഖലയില്‍ മത്സരം കടുക്കാനും അതുവഴി ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനം ലഭിക്കാനും വഴിയൊരുക്കും.

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കാണ് കാര്‍ഡിന്റെ ഇഷ്യൂ പങ്കാളി. രാജ്യത്തെ സാമ്പത്തിക മേഖലയില്‍ ബാങ്കിംഗ്-ഫിന്‍ടെക് സഹകരണം കൂടുതല്‍ ശക്തമാകുന്നതിന്റെ സൂചനകളാണ് പുതിയ കൂട്ടുകെട്ടിലൂടെ ഉരുത്തിരിഞ്ഞു വരുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT