വിവിധ പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് സെക്രട്ടറി അരുണിഷ് ചാവ്‌ലയെ ഉദ്ധരിച്ച് ടിവി18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍.ഐ.സി) തുടങ്ങിയ സ്ഥാപനങ്ങളിലെ ഓഹരികളും വിറ്റൊഴിക്കുമെന്നാണ് വിവരം.
ഈ സാമ്പത്തിക വര്‍ഷം ഒരു പൊതുമേഖല സ്ഥാപനത്തിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) നടക്കുമെന്നും ചാവ്‌ല സൂചന നല്കുന്നു. ഒ.എന്‍.ജി.സി ഗ്രീന്‍ എനര്‍ജി, എന്‍എച്ച്പിസി റീന്യൂവബിള്‍ എനര്‍ജി എന്നിവയുടെ ഐ.പി.ഒയാകും നടക്കുയെന്നാണ് വിവരം. ഈ കമ്പനികളുടെ ഐപിഒ ഈ വര്‍ഷം തന്നെ നടക്കുകയെന്നാണ് സൂചന.
നിയമമനുസരിച്ച് എല്‍.ഐ.സിയിലെ ഓഹരി പങ്കാളിത്തം സര്‍ക്കാരിന് കുറയ്‌ക്കേണ്ടതുണ്ട്. ഇതിനൊപ്പം മറ്റ് ചില പൊതുമേഖല സ്ഥാപനങ്ങളിലെ ചെറിയ ശതമാനം ഓഹരികള്‍ വിറ്റൊഴിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ഇന്‍ഷുറന്‍സ്, പ്രതിരോധ കമ്പനികളുടെ കൂടുതല്‍ ഓഹരികള്‍ വിറ്റഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സാമ്പത്തികവര്‍ഷം വിവിധ പൊതുമേഖല സ്ഥാപനങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ വിഹിതത്തില്‍ നിന്ന് 47,000 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഐ.ഡി.ബി.ഐ ബാങ്ക് ഓഹരി വിറ്റഴിക്കല്‍ പൂര്‍ണമാകുമെന്നാണ് കരുതുന്നതെന്ന് ചാവ്‌ല പ്രത്യാശ പ്രകടിപ്പിച്ചു.
ഈ സാമ്പത്തികവര്‍ഷം പൊതുമേഖല ബാങ്കുകളുടെ ലയനത്തിനും കേന്ദ്രം നീക്കം നടത്തുന്നുണ്ട്. താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക രംഗത്ത് ചടുലമായ മാറ്റത്തിനുള്ള ശ്രമങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ബാങ്കിംഗ് രംഗത്തും പരിഷ്‌കരണം കൊണ്ടുവരാനാണ് ശ്രമം.
2020ലാണ് ഇതിനു മുമ്പ് പൊതുമേഖല ബാങ്കുകളുടെ ലയനം നടന്നത്. അന്ന് പൊതുമേഖല ബാങ്കുകളുടെ എണ്ണം 27ല്‍ നിന്ന് 12ലേക്ക് കുറച്ചിരുന്നു. ലയനത്തിനുശേഷം ബാങ്കുകളുടെ പ്രവര്‍ത്തനമികവ് വര്‍ധിച്ചിരുന്നു. സമീപകാലത്ത് പൊതുമേഖല ബാങ്കുകളുടെ വരുമാനവും ലാഭവും കുത്തനെ ഉയരുകയും ചെയ്തിട്ടുണ്ട്.
ആഗോളതലത്തില്‍ മത്സരക്ഷമതയുള്ള കൂടുതല്‍ ബാങ്കുകളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലയനത്തിനായി കേന്ദ്രം തയാറെടുക്കുന്നത്. നിലവില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ), എച്ച്.ഡി.എഫ്.സി ബാങ്കുകള്‍ മാത്രമാണ് ആഗോള തലത്തില്‍ മികച്ച 100 വായ്പാദാതാക്കളില്‍ ഉള്‍പ്പെടുന്നത്. വലിയ വായ്പകള്‍ നല്കാന്‍ ബാങ്കുകളെ പ്രാപ്തമാക്കുകയെന്ന ലക്ഷ്യം കേന്ദ്രത്തിനുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine