image credit : canva 
Banking, Finance & Insurance

ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് പ്രത്യേക ബാങ്ക് പരിഗണനയില്‍

'സിഡ്ബി'യെ എം.എസ്.എം.ഇക്കായുള്ള സമ്പൂര്‍ണ ബാങ്കാക്കി മാറ്റണമെന്ന ബദല്‍ നിര്‍ദേശവുമുണ്ട്

Dhanam News Desk

ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് (എം.എസ്.എം.ഇ) വായ്പ നല്‍കുന്നതിന് പ്രത്യേക ബാങ്ക് രൂപവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഈ മേഖലയിലേക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കണമെന്ന ആവശ്യം ദീര്‍ഘനാളായി ഉയരുന്നുണ്ട്. സിഡ്ബി പോലുളള സ്ഥാപനങ്ങളും സംസ്ഥാന ധനകാര്യ, വ്യവസായ വികസന സ്ഥാപനങ്ങളുമാണ് നിലവില്‍ വായ്പ ലഭ്യമാക്കി വരുന്നത്.

അമേരിക്കയും ചൈനയും പോലുള്ള വന്‍കിട സമ്പദ്‌വ്യവസ്ഥകളുമായി തട്ടിച്ചു നോക്കിയാല്‍ ഇന്ത്യയില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കുള്ള വായ്പാ തോത് കുറവാണ് എന്നാണ് പഠനം. 25 ട്രില്യണ്‍ രൂപയുടെ വായ്പ ലഭ്യതക്കുറവ് ഈ മേഖല നേരിടുന്നതായി വിലയിരുത്തുന്നു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും സാമ്പത്തിക ക്രയവിക്രയം ശക്തിപ്പെടുത്താനും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ കൂടുതലായി വരുകയും ശക്തിപ്പെടുത്തുകയും വേണ്ടതുണ്ട്.

വന്‍കിട ബാങ്കുകള്‍ക്ക് ചെറുകിട-ഇടത്തരം വ്യവസായ മേഖലയുടെ പ്രത്യേകമായ ആവശ്യങ്ങള്‍ കണ്ടെത്താനും പരിഗണിക്കാനും കഴിയാത്ത സാഹചര്യമുണ്ട്. എം.എസ്.എം.ഇ മേഖലയെ സാമ്പത്തികമായി സഹായിക്കാന്‍ പ്രത്യേക ബാങ്ക് രൂപവല്‍ക്കരിക്കുന്നതിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഇനിയും രൂപപ്പെടുത്തേണ്ടതുണ്ട്. ഉടമസ്ഥത, പൊതു-സ്വകാര്യ പങ്കാളിത്ത സാധ്യത തുടങ്ങിയവ നിര്‍ണയിക്കണം. പ്രത്യേക ബാങ്ക് രൂപവല്‍ക്കരിക്കുന്നതിനു പകരം സിഡ്ബിയെ (ചെറുകിട വ്യവസായ വികസന ബാങ്ക്) എം.എസ്.എം.ഇക്ക് വേണ്ടിയുള്ള സമ്പൂര്‍ണ ബാങ്കാക്കി മാറ്റുകയെന്ന ബദല്‍ നിര്‍ദേശവും സര്‍ക്കാറിന് മുമ്പാകെയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സിഡ്ബി മുഖേന ഈ മേഖലക്ക് 84,000 കോടി രൂപയുടെ പുനര്‍വായ്പകളാണ് നല്‍കിയത്.

സമയബന്ധിതമായി, ഭാരിച്ച പലിശ ബാധ്യതയില്ലാത്ത വായ്പ നല്‍കുന്നത് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മുന്നേറ്റത്തിന് സഹായിക്കും. ഇന്ത്യയില്‍ 6.40 കോടി ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ ഉള്ളതില്‍ 99 ശതമാനവും സൂക്ഷ്മ സംരംഭങ്ങളാണ്. നല്‍കുന്ന തൊഴിലവസരങ്ങള്‍ 11 കോടിയെന്നാണ് കണക്ക്. രാജ്യത്തെ തൊഴില്‍ ശക്തിയുടെ 23 ശതമാനമാണിത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT