രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലുള്ള സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. തെരഞ്ഞെടുത്ത പൊതുമേഖലാ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയുടെ ഓഹരി വില്‍പ്പനയാണ് പരിഗണനയിലുള്ളത്. സര്‍ക്കാരിന് 90 ശതമാനത്തില്‍ കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലാണ് സ്വകാര്യ പങ്കാളിത്തം അനുവദിക്കുക. ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന പണത്തിന്റെ തോത് വ്യക്തമായിട്ടില്ല. അടുത്ത നാലു വര്‍ഷത്തേക്ക് ഓഹരി വില്‍പ്പന നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഉപദേശം നല്‍കാന്‍ ചുമതലപ്പെടുത്തുന്നത് സ്വകാര്യ വാണിജ്യ ബാങ്കുകളെയാണ്. ഇത്തരം ബാങ്കുകളുടെ പാനല്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കഴിഞ്ഞ ദിവസം കേന്ദ്ര നിക്ഷേപ, പൊതുമുതല്‍ നിയന്ത്രണ വകുപ്പ് (Department of Investment and Public Asset Management -DIPAM) പുറത്തിറക്കി. സ്ഥപനങ്ങളില്‍ നിന്ന് താല്‍പര്യ പത്രം ക്ഷണിച്ചു കൊണ്ടാണ് ഉത്തരവ്. ഇതനുസരിച്ച് വൈദഗ്ധ്യമുള്ള വാണിജ്യ ബാങ്കുകളെ മൂന്നു വര്‍ഷത്തേക്കാണ് ഉപദേശകരായി നിയമിക്കുന്നത്. ആവശ്യമെങ്കില്‍ ഇവരുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടും. പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ എപ്പോള്‍, എങ്ങനെയെല്ലാം വില്‍ക്കണമെന്ന് ഈ പാനലാണ് പരിഗണിക്കുക.
ആദ്യ ഘട്ടത്തില്‍ നാല് പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വില്‍പ്പന നടക്കുമെന്നാണ് സൂചനകള്‍. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, യുകോ ബാങ്ക് എന്നിവയാണിത്. ഈ ബാങ്കുകളില്‍ നിലവില്‍ സര്‍ക്കാരിന് 90 ശതമാനത്തില്‍ അധികം ഓഹരി പങ്കാളിത്തമുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ എല്‍ഐസി, ന്യൂ ഇന്ത്യ അഷ്വറന്‍സ് എന്നീ കമ്പനികളാകും ആദ്യം പരിഗണനയില്‍.
ഓഹരി വില്‍പ്പന ഏതറ്റം വരെയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും, വാണിജ്യ ബാങ്കുകളെ ഉപദേശകരായി നിയമിക്കുന്നത് രാജ്യത്തെ കമ്പനി ആക്ടിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കുമെന്ന് നിക്ഷേപ വകുപ്പ് ഉത്തരവില്‍ പറയുന്നു. പൊതു മേഖലാ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ പങ്കാളിത്തം 75 ശതമാനം വരെയായി കുറക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് സൂചനകള്‍. സ്വകാര്യ നിക്ഷേപം 25 ശതമാനമായി ഉയരുന്നത് വരെ വില്‍പ്പന തുടര്‍ന്നേക്കും. ഇത് സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും ഓഹരി വില ഉയരുമെന്നുമുള്ള കണക്കു കൂട്ടലാണുള്ളത്. പൊതു ചിലവുകള്‍ക്ക് പണം കണ്ടെത്താനുള്ള വഴിയായും സര്‍ക്കാരുകള്‍ ഓഹരി വില്‍പ്പനയെ പ്രോല്‍സാഹിപ്പിക്കാറുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine