ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും ആശുപത്രി ബില്ലിന്റെ മുഴുവന്‍ തുകയും ഇനി കിട്ടിയെന്നു വരില്ല. ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ അനുവദനീയമായ ആശുപത്രി ചെലവിന്റെ 10 ശതമാനം പോളിസിയുടമകള്‍ തന്നെ വഹിക്കണമെന്ന പുതിയ നിര്‍ദേശവുമായി ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍. ഈ നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ 2027 ജനുവരി ഒന്നുമുതല്‍ മാറ്റം പ്രാബല്യത്തില്‍ വന്നേക്കും. സാധാരണക്കാരായ പോളിസി ഉടമകളെ സാരമായി ബാധിച്ചേക്കാവുന്നതാണ് ഈ പരിഷ്‌കാരം.
ഓരോ ക്ലെയിമിലും പോളിസിയുടമ നല്‍കേണ്ട പരമാവധി തുക അഞ്ച് ലക്ഷം രൂപയായി നിയന്ത്രിക്കാനാണ് ആലോചന. പകരമായി ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ കുറവുണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നിര്‍ദേശം ഇതുവരെ അന്തിമമാക്കിയിട്ടില്ല.
പുതിയ നിര്‍ദേശം നടപ്പായാല്‍ ആശുപത്രിവാസവുമായി ബന്ധപ്പെട്ട അനുവദനീയമായ ക്ലെയിം തുകയുടെ 10 ശതമാനം പോളിസിയുടമ സ്വന്തം നിലയില്‍ നല്‍കേണ്ടിവരും. അപകടത്തെ തുടര്‍ന്നുള്ള ആശുപത്രിവാസത്തിനും ഇത് ബാധകമായേക്കും. ക്യാഷ്ലെസ് ക്ലെയിമായാലും റീഇംബേഴ്‌സ്‌മെന്റ് രീതിയിലായാലും വ്യവസ്ഥ ബാധകമാകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉദാഹരണത്തിന്, അനുവദനീയമായ ആശുപത്രി ബില്‍ അഞ്ച് ലക്ഷം രൂപയാണെങ്കില്‍ 50,000 രൂപ പോളിസിയുടമ നല്‍കേണ്ടിവരും. ക്ലെയിം തുക 60 ലക്ഷം രൂപയായാല്‍ 10 ശതമാനം കണക്കില്‍ ആറു ലക്ഷം രൂപ വരുമെങ്കിലും നിര്‍ദേശിക്കുന്ന പരമാവധി പരിധി പ്രകാരം പോളിസിയുടമയുടെ ബാധ്യത അഞ്ച് ലക്ഷം രൂപയില്‍ ഒതുങ്ങും.
റീട്ടെയില്‍ ഇന്‍ഡെംനിറ്റി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍, റീട്ടെയില്‍-അണ്ടര്‍-ഗ്രൂപ്പ് പോളിസികള്‍, ചില കോമ്പിനേഷന്‍ ഉല്‍പന്നങ്ങളിലെ ഇന്‍ഡെംനിറ്റി ഘടകങ്ങള്‍, പോര്‍ട്ടബിലിറ്റി തുടങ്ങിയ വിഭാഗങ്ങള്‍ നിര്‍ദേശത്തിന്റെ പരിധിയില്‍ വരാം. ഔട്ട്പേഷ്യന്റ് ചികിത്സാ ക്ലെയിമുകള്‍ ഇതില്‍ ഉള്‍പ്പെടില്ലെന്നാണ് റിപ്പോര്‍ട്ട്. പോളിസിയുടമ അടയ്‌ക്കേണ്ട തുക മറ്റൊരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ഉപയോഗിച്ച് തിരിച്ചുപിടിക്കാനും അനുവദിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
ആരോഗ്യപരിചരണ ചെലവുകള്‍ വര്‍ധിക്കുന്നതും സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള രോഗികളുടെ ചികിത്സാ ചെലവ് കൂടുതലാകുന്നതുമാണ് ഇന്‍ഷുറന്‍സ് മേഖല ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണങ്ങള്‍. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള രോഗികള്‍ക്ക് അധിക പരിശോധനകളും ചികിത്സകളും നിര്‍ദേശിക്കപ്പെടുകയോ ആശുപത്രിവാസം നീളുകയോ ചെയ്യുന്നതിലൂടെ മൊത്തം ബില്‍ ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് മേഖലയുടെ വിലയിരുത്തല്‍. ഉയര്‍ന്ന നിരക്കുള്ള മുറി തിരഞ്ഞെടുക്കുമ്പോള്‍ ഡോക്ടര്‍ ഫീസ്, ചികിത്സാ നടപടികളുടെ നിരക്ക് തുടങ്ങിയവയും കൂടുന്ന സാഹചര്യമുണ്ടാകാമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ആശുപത്രി നിരക്കുകള്‍ക്ക് പൊതുവായ മാനദണ്ഡങ്ങള്‍ കൊണ്ടുവരിക, അനിയന്ത്രിത ബില്ലിംഗ് കുറയ്ക്കുക, ചികിത്സാഫലവുമായി ബന്ധപ്പെടുത്തി ആശുപത്രികളുമായുള്ള കരാറുകള്‍ ക്രമീകരിക്കുക എന്നിവയാണ് മാറ്റത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികളും ആശുപത്രികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനം കൊണ്ടുവരാനും ആലോചനയുണ്ട്. അതേസമയം, നിര്‍ബന്ധിത കോ-പേയ്‌മെന്റ് സംബന്ധിച്ച് ഇന്‍ഷുറന്‍സ് രംഗത്തുനിന്നുതന്നെ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine