Image Credit -Business photo created by osaba - www.freepik.com 
Banking, Finance & Insurance

ആരോഗ്യ ഇന്‍ഷുറന്‍സ് കഠിനം തന്നെ; ഒരു വര്‍ഷത്തിനിടെയുള്ള പ്രീമിയം വര്‍ധന ഞെട്ടിക്കുന്നത്!

2022-23 സാമ്പത്തികവര്‍ഷം 75,000 കോടിയോളം രൂപയാണ് ക്ലെയിം സെറ്റില്‍മെന്റിലൂടെ വിതരണം ചെയ്തത്

Dhanam News Desk

രോഗങ്ങളും അപകടങ്ങളും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ആരോഗ്യ ഇന്‍ഷുറസ് പോളിസിയെന്നത് ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ടതുമാണ്. കൊവിഡ് മഹാമാരി വന്നുപോയതോടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണവും വലിയതോതില്‍ ഉയര്‍ന്നിട്ടുണ്ട്.

ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് വലിയ പ്രാധാന്യം വന്നതിനൊപ്പം പ്രീമിയവും ഓരോ വര്‍ഷവും പിടിവിട്ട് ഉയരുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 25 മുതല്‍ 40 ശതമാനത്തോളം വര്‍ധനയാണ് പ്രീമിയം തുകയില്‍ ഉണ്ടായിട്ടുള്ളത്. വരും മാസങ്ങളില്‍ 10-15 ശതമാനമെങ്കിലും പ്രീമിയത്തില്‍ ഇനിയും വര്‍ധന ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ചില പരിഷ്‌കാരങ്ങളും പ്രീമിയം വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. 65 വയസ് വരെയുള്ളവര്‍ക്കായിരുന്നു മുമ്പ് പോളിസി എടുക്കാന്‍ സാധിച്ചിരുന്നത്. ഈ നിയന്ത്രണം ഇന്‍ഷുറന്‍സ് റഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി (IRDAI) എടുത്തു മാറ്റിയിരുന്നു. പ്രീമിയം വര്‍ധിക്കാന്‍ ഇതും ഒരു കാരണമാണ്.

ക്ലെയിം സെറ്റില്‍മെറ്റ് അനുപാതം കൂടി

ക്ലെയിം സെറ്റില്‍മെന്റ് അനുപാതം കൂടിയതും പ്രീമിയം തുകയിലെ വര്‍ധനയ്ക്ക് കാരണമായി ഇന്‍ഷുറന്‍സ് കമ്പനികള്‍ പറയുന്നുണ്ട്. ആശുപത്രിച്ചെലവ് വന്‍തോതില്‍ ഉയര്‍ന്നതും പ്രീമിയം തുക വര്‍ധിപ്പിക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കി.

40ന് മുകളില്‍ പ്രായമുള്ള വ്യക്തിയുടെ നാലംഗ കുടുബത്തിന് ഫാമിലി കവറേജ് നല്‍കുന്ന പല പോളിസികള്‍ക്കും അടയ്‌ക്കേണ്ട കുറഞ്ഞ പ്രീമിയം പതിനായിരത്തിനും മുകളിലായി. 30 വയസില്‍ താഴെയുള്ളവരുടെ പ്രീമിയത്തിലും ഒരു വര്‍ഷത്തിനിടെ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ 52 ശതമാനം വീടുകളില്‍ മാത്രമാണ് ഒരു വ്യക്തിയുടെ പേരിലെങ്കിലും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുള്ളതെന്നാണ് കണക്ക്.

2022-23 സാമ്പത്തികവര്‍ഷം 75,000 കോടിയോളം രൂപയാണ് ക്ലെയിം സെറ്റില്‍മെന്റിലൂടെ വിതരണം ചെയ്തത്. 2.5 കോടി കേസുകളിലാണിത്. ഇതില്‍ 60 ശതമാനം ക്ലെയിമുകളും കാഷ്‌ലെസ് സ്‌കീമില്‍പ്പെട്ടതാണ്. കൂടുതല്‍ ഉപയോക്താക്കളും കാഷ്‌ലെസ് സ്‌കീം തന്നെയാണ് തിരഞ്ഞെടുക്കുന്നതും. വരും വര്‍ഷങ്ങളില്‍ ക്ലെയിം സെറ്റില്‍മെന്റ് തുക ഉയരുമെന്നാണ് വിദഗ്ധരുടെ നിഗമനം.

മുതിര്‍ന്നവര്‍, കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, ഗര്‍ഭാവസ്ഥയിലുള്ളവര്‍ തുടങ്ങിയ വിഭാഗക്കാര്‍ക്ക് അനുയോജ്യമായ പ്രത്യേക പോളിസികള്‍ അവതരിപ്പിക്കണമെന്നും ഐ.ആര്‍.ഡി.എ.ഐ കമ്പനികളോട് നിര്‍ദേശിച്ചിട്ടുണ്ട്. പോളിസിയുടെ അധിക ബാധ്യത ഒഴിവാക്കാനായി കമ്പനികള്‍ ഇന്‍സ്റ്റാള്‍മെന്റ് ആയി പ്രീമിയം അടയ്ക്കാവുന്ന പ്ലാനുകള്‍ അവതരിപ്പിക്കും. കൂടാതെ ഫ്ളെക്സിബിളായ പ്രീമിയം പേയ്മെന്റ് ഓപ്ഷനുകള്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ചെറുപ്രായത്തില്‍ തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങുന്നത് പ്രധാനമാണ്. രോഗസാധ്യത കുറവായതിനാല്‍ യുവാക്കള്‍ക്ക് താരതമ്യേന കുറഞ്ഞ പ്രീമിയമാണ് ഈടാക്കുന്നത്. പുതുക്കുന്ന സമയത്തുപോലും പ്രീമിയം വര്‍ധന നാമമാത്രമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT