Image by Canva 
Banking, Finance & Insurance

മുതിർന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപം: ഇപ്പോൾ ഏറ്റവും ഉയർന്ന ആദായം നൽകുന്ന ബാങ്ക് ഏതാണ്?

റിപ്പോ നിരക്ക് ഇളവ് ഉപയോക്താക്കൾക്ക് കൈമാറുന്നതിനായി വായ്പകളുടെ പലിശ കുറയ്ക്കാൻ ബാങ്ക് തയ്യാറാൽ അതിനുശേഷം സ്ഥിരനിക്ഷേപം പുതുക്കുന്നവർക്ക് ആദായവും കുറവാകും.

Dhanam News Desk

ജോലിയിൽ നിന്നും വിടുതൽ നേടി വിരമിക്കൽ ജീവിതത്തിലേക്ക് കടന്നവരെ സംബന്ധിച്ച്, സാമ്പത്തിക ആസൂത്രണത്തിന്റെ അടിസ്ഥാന വീക്ഷണകോണിലൂടെ നോക്കിയാൽ, ഉയർന്ന തോതിലുള്ള വിപണി അധിഷ്ഠിത നേട്ടം ലക്ഷ്യമിടുന്നതിനേക്കാൾ ഉചിതം, താരതമ്യേന സുരക്ഷിതവും സ്ഥിരവരുമാനം നൽകുന്നതുമായ നിക്ഷേപ മാർ​ഗങ്ങളെ തെരഞ്ഞെടുക്കുന്നതായിരിക്കും. ഈയൊരു പശ്ചാത്തലത്തിലാണ് വിശ്വസ്തതയിൽ മുന്നിലുള്ള ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങളോട് (FD) മുതിർന്ന പൗരന്മാർക്കിടയിൽ പരി​ഗണന കൂടുതലുള്ളത്.

അതേസമയം റിസർവ് ബാങ്കിന്റെ (ആർബിഐ) ഫെബ്രുവരിയിൽ ചേർന്ന പണനയ സമിതിയുടെ (എംപിസി) അവലോകന യോ​ഗത്തിൽ, രാജ്യത്തെ ബാങ്ക് വായ്പ പലിശയെ നേരിട്ട് സ്വാധീനിക്കുന്ന അടിസ്ഥാന നിരക്കായ റിപ്പോ റേറ്റിൽ മാറ്റമൊന്നും പ്രഖ്യാപിച്ചില്ല. അതുകൊണ്ട് തന്നെ വാണിജ്യ ബാങ്കുകൾ സ്ഥിരനിക്ഷേപത്തിന്മേലുള്ള ആദായ നിരക്കുകളിലും ഉടനെയൊരു മാറ്റം വരുത്താൻ സാധ്യതയില്ല. നേരത്തെ അനുവദിച്ച റിപ്പോ നിരക്ക് ഇളവിന്റെ ​ഗുണഫലം വായ്പ എടുത്തിട്ടുള്ളവ‌ർക്ക് ഇനിയും കൈമാറാൻ ബാക്കിയുള്ളതിനാൽ സ്ഥിരനിക്ഷേപങ്ങളുടെ ആദായ നിരക്ക് താഴാനും സാധ്യതയുണ്ട്.

എന്നാൽ, ഇതിനകം ബാങ്ക് സ്ഥിരനിക്ഷേപം നടത്തിയവർക്ക് അതിന്റെ കാലാവധി പൂർത്തിയാകുന്നതുവരെ തുടക്കത്തിൽ നിശ്ചയിച്ച ആദായ നിരക്കിൽ മാറ്റമുണ്ടാകില്ല. പക്ഷേ റിപ്പോ നിരക്ക് ഇളവ് ഉപയോക്താക്കൾക്ക് കൈമാറുന്നതിനായി വായ്പകളുടെ പലിശ കുറയ്ക്കാൻ ബാങ്ക് തയ്യാറാൽ അതിനുശേഷം സ്ഥിരനിക്ഷേപം പുതുക്കുന്നവർക്ക് ആദായവും കുറവാകും. അതിന് മുമ്പ് സ്ഥിരനിക്ഷേപം നടത്താൻ ആ​ഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്കായി നിലവിൽ ഏറ്റവും ഉയർന്ന ആദായം നൽകുന്ന ബാങ്കുകൾ ഏതൊക്കെയെന്ന് ചുവടെ ചേർക്കുന്നു.

ഇപ്പോൾ ഉയർന്ന ആദായമുള്ള ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ

  • ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്: 3 വർഷത്തെ സ്ഥിരനിക്ഷേപത്തിന് 8.0% പലിശ.

  • ജന സ്മോൾ ഫിനാൻസ് ബാങ്ക്: 2-3 വർഷത്തെ സ്ഥിരനിക്ഷേപത്തിന് 8.0% പലിശ.

  • യെസ് ബാങ്ക്: 36-60 മാസത്തെ സ്ഥിരനിക്ഷേപത്തിന് 7.75% പലിശ.

  • ഐസിഐസിഐ ബാങ്ക്: 3 വർഷം ഒരു ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിരനിക്ഷേപത്തിന് 7.10% പലിശ.

  • കാനറ ബാങ്ക്: 555 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് 7.0% പലിശ.

ടിഡിഎസ് നിയമം

മുതി‌ർന്ന പൗരന്മാരുടെ (പ്രായം 60 വയസ്സിന് മുകളിൽ) സ്ഥിരനിക്ഷേപത്തിന്മേലുള്ള വാർഷിക ആദായം ഒരു ലക്ഷം രൂപ കവിഞ്ഞാൽ ബാങ്ക് ടിഡിഎസ് (TDS) നികുതി പിടിക്കുന്നതാണ്. പാൻ കാർഡ് നൽകിയിട്ടുള്ള നിക്ഷേപകർക്ക് 10 ശതമാനം നിരക്കിലാകും ടിഡിഎസ് ഈടാക്കുക. പാൻ കാർ‍ഡ് ഇല്ലെങ്കിൽ 20 ശതമാനം നിരക്കിലാകും ടിഡിഎസ് പിടിക്കുക. എന്നാൽ എഫ്ഡി പലിശ ഉൾപ്പെടെയുള്ള നിക്ഷേപകന്റെ മൊത്തം വരുമാനം ആദായ നികുതി ബാധ്യത വരുന്ന പരിധിക്ക് താഴെയാണെങ്കിൽ 15-എച്ച് (15H) ഫോം പൂരിപ്പിച്ച് ബാങ്കിൽ ഏൽപ്പിച്ചാൽ ടിഡിഎസ് ഈടാക്കുകയില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT