ഗാര്‍ഹിക സമ്പാദ്യങ്ങളില്‍ നിന്ന് ബാങ്ക് നിക്ഷേപങ്ങള്‍ പതുക്കെ അകലുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ്. അടുത്തിടെ നടന്ന ഒരു ബാങ്കിംഗ്, ഫിനാന്‍സ് ഉച്ചകോടിയിലാണ് ഗവര്‍ണര്‍ ഇതേ കുറിച്ച് സംസാരിച്ചത്. ബാങ്കുകളിലെ സേവിംഗ് നിക്ഷേപങ്ങള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത മാർഗങ്ങളിൽ നിന്ന് നിക്ഷേപകർ അകലുന്നത് രാജ്യത്ത് ലിക്വിഡിറ്റി പ്രശ്‌നങ്ങളുണ്ടാക്കുമെന്നതാണ് പ്രധാന ആശങ്ക. അടുത്തകാലത്തായി മ്യൂച്വല്‍ഫണ്ടുകളിലേക്കും മറ്റ് സാമ്പത്തിക ഉത്പന്നങ്ങളിലേക്കുമാണ് ഗാര്‍ഹിക നിക്ഷേപങ്ങള്‍ കൂടുതലായി ഒഴുകുന്നത്.
മുന്‍കാലങ്ങളില്‍ കുടുംബങ്ങളും വ്യക്തികളും അവരുടെ നിക്ഷേപങ്ങള്‍ ബാങ്കുകളിലാണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഓഹരി വിപണിയുടെ വളർച്ചയും നിക്ഷേപിക്കാനുള്ള എളുപ്പവും ധാരാളം ആളുകളെ സ്റ്റോക്ക് മാര്‍ക്കറ്റിലേക്കും മ്യൂച്വല്‍ഫണ്ടുകളിലേക്കും ആകര്‍ഷിക്കുന്നുണ്ട്.
ബാങ്കുകള്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനേക്കാള്‍ വായ്പാ തോത് ഉയര്‍ത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുള്ള ആശങ്കയും അദ്ദേഹം പങ്കുവച്ചു. നിക്ഷേപം ആകര്‍ഷിക്കാനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ബാങ്കുകളെ ഓര്‍മിപ്പിച്ചു.
നിലവില്‍ ബാങ്കുകള്‍ ഹ്രസ്വകാല വായ്പകളിലൂടെയും ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകളിലൂടെയും മറ്റുമാണ് വായ്പാ-നിക്ഷേപ അനുപാതം ക്രമീകരിക്കുന്നത്. ഇത് പലിശ നിരക്കിലെ ചലനങ്ങള്‍ക്കനുസരിച്ച് മാറുകയും ലിക്വിഡിറ്റി വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. കൂടാതെ കറന്റ് സേവിംഗ് അക്കൗണ്ട് (കാസ) നിക്ഷേപങ്ങളില്‍ നിന്നുള്ള മാറ്റത്തെ കുറിച്ചും ബാങ്കുകള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine