Banking, Finance & Insurance

ഓഹരി വില്‍പ്പനയിലൂടെ 15,000 കോടി ലക്ഷ്യമിട്ട് ഐസിഐസിഐ ബാങ്ക്

Dhanam News Desk

ഓഹരി വില്‍പ്പനയിലൂടെ 15,000 കോടി രൂപ സമാഹരിക്കാന്‍ ഐസിഐസിഐ ബാങ്ക്. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാങ്ക് ഫണ്ട് ശേഖരണം നടത്തുന്നത്. കോവിഡ് സാഹചര്യത്തിലെ അനിശ്ചിത സാമ്പത്തിക അന്തരീക്ഷത്തില്‍ ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്തുകയാണു ലക്ഷ്യം.

ഐസിഐസിഐ ബാങ്ക് 2007 ജൂണില്‍ പുതിയ ഓഹരികള്‍ വിതരണം ചെയ്ത് 58,750 കോടി രൂപ സമാഹരിച്ചിരുന്നു.ജൂണ്‍ 22 ന് ഐസിഐസിഐ ബാങ്ക് ലൈഫ് ഇന്‍ഷുറന്‍സ് വിഭാഗമായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്റെ 1.5 ശതമാനം ഓഹരി 840 കോടി രൂപയ്ക്ക് വിറ്റിരുന്നു. ഒരാഴ്ച മുമ്പ് ജനറല്‍ ഇന്‍ഷുറന്‍സ് വിഭാഗമായ ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സിലെ 3.96 ശതമാനം ഓഹരികള്‍ വിറ്റ്  2,250 കോടി രൂപയും സമാഹരിച്ചിരുന്നു.

റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ ലിമിറ്റഡിന്റെ കണക്കനുസരിച്ച്, ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ മൊത്തം വായ്പകളുടെ 11.5 ശതമാനം വരെ മോശം വായ്പകള്‍ക്കു സാധ്യതയുള്ളതിനാല്‍ ദ്രവ്യത കഴിയുന്നത്ര ഭദ്രമാക്കുകയാണ് ഐസിഐസിഐ ബാങ്കിന്റെ ലക്ഷ്യം. 2020 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ തന്നെ നിഷ്‌ക്രിയ ആസ്തി നിരക്ക് 9% തലത്തിലായിരുന്നു.ഓഹരി വില്‍പ്പനയുടെ വാര്‍ത്ത പുറത്തുവന്നതോടെ ഐസിഐസിഐ ബാങ്ക് ഓഹരി വില ഇന്ന 2 ശതമാനത്തോളം ഉയര്‍ന്നു.

10,000 - 13,000 കോടി രൂപയുടെ മൂലധന സമാഹരണത്തിന് എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡും തയ്യാറെടുക്കുന്നുണ്ട്.ഓഹരി വില്‍പ്പനയിലൂടെ 15,000 കോടി രൂപ സമാഹരിക്കുമെന്ന് ആക്സിസ് ബാങ്ക് അറിയിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്ക് ഇതിനകം ഒരു ക്യുഐപി വഴി 7,442 കോടി രൂപ സമാഹരിച്ചു. യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങി നിരവധി ബാങ്കുകളും ഇക്വിറ്റി ക്യാപിറ്റല്‍ സമാഹരിക്കാനുള്ള ശ്രമത്തിലാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT