കനേഡിയൻ ശതകോടീശ്വരൻ പ്രേം വത്സയുടെ നേതൃത്വത്തിലുള്ള ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ഐഡിബിഐ ബാങ്കിന്റെ (IDBI Bank) 60.72 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ തയാറെടുക്കുന്നതോടെ, തൃശൂർ ആസ്ഥാനമായ സിഎസ്ബി ബാങ്കിലെ (CSB Bank) അവരുടെ നിക്ഷേപം നിർണായക വഴിത്തിരിവിലേക്ക്. കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ 52,878 കോടി രൂപയുടെ (5.6 ബില്യൺ ഡോളർ) ചരിത്രപരമായ ഏറ്റെടുക്കലിന് പിന്നാലെ, സിഎസ്ബി ബാങ്കിലെ 40 ശതമാനം ഓഹരി പങ്കാളിത്തത്തിന്റെ ഭാവി കാര്യത്തിൽ തീരുമാനമെടുക്കാൻ ഫെയർഫാക്സിന് കേന്ദ്ര സർക്കാർ രണ്ടു വർഷത്തെ സമയപരിധി അനുവദിച്ചു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) നിബന്ധനകൾ അനുസരിച്ച് രണ്ട് ബാങ്കുകളുടെ നിയന്ത്രണം ഒരു പ്രൊമോട്ടർ സ്ഥാപനത്തിന് കൈവശം വെക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ, ഐഡിബിഐ ബാങ്കുമായി സിഎസ്ബി ബാങ്കിനെ ലയിപ്പിക്കുകയോ, അല്ലെങ്കിൽ സിഎസ്ബി ബാങ്കിലെ ഓഹരികൾ പൂർണ്ണമായും വിറ്റഴിച്ചു പുറത്തുപോകുകയോ ചെയ്യുക എന്ന രണ്ട് വഴികളാണ് ഫെയർഫാക്സിന് മുന്നിലുള്ളത്.
ഐഡിബിഐ ബാങ്കിലെ കേന്ദ്ര സർക്കാരിന്റെ 30.48 ശതമാനം ഓഹരിയും എൽഐസിയുടെ (LIC) 30.24 ശതമാനം ഓഹരിയുമാണ് ഫെയർഫാക്സിന്റെ 'കാനഡ ഇൻക്' എന്ന സ്ഥാപനം വാങ്ങുന്നത്. ഇതോടെ ഐഡിബിഐ ബാങ്കിൽ സർക്കാരിന് 15 ശതമാനവും എൽഐസിക്ക് 19 ശതമാനവും ശേഷിക്കുന്ന ഓഹരി പങ്കാളിത്തം മാത്രമാണുണ്ടാകുക.
ഇന്ത്യൻ സാമ്പത്തിക മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിൽ (FDI) ഒന്നായ ഈ ഇടപാട് പൂർത്തിയാകുമ്പോൾ, തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎസ്ബി ബാങ്കിന്റെ ഭരണത്തിലും ഉടമസ്ഥതയിലും വലിയ മാറ്റങ്ങൾ വരാം:
ബാങ്കുകളുടെ ലയനം (Merger): ഐഡിബിഐ ബാങ്കിനെയും സിഎസ്ബി ബാങ്കിനെയും ഒന്നിപ്പിച്ച് ഒറ്റ വലിയ ബാങ്കാക്കി മാറ്റുക എന്നതാണ് ഒന്നാമത്തെ വഴി. അങ്ങനെ സംഭവിച്ചാൽ റിട്ടെയ്ൽ ബാങ്കിംഗിൽ ശക്തമായ സാന്നിധ്യമുള്ള സിഎസ്ബി ബാങ്കിനും കോർപ്പറേറ്റ്, റിട്ടെയ്ൽ മേഖലകളിൽ വിപുലമായ ശൃംഖലയുള്ള ഐഡിബിഐ ബാങ്കിനും വലിയ ബിസിനസ് നേട്ടങ്ങൾ കൈവരിക്കാനാകും.
ഓഹരി വിറ്റഴിക്കൽ (Divestment): ലയനം സാധ്യമല്ലെങ്കിൽ, സിഎസ്ബി ബാങ്കിലെ 40 ശതമാനം ഓഹരി വിഹിതം മറ്റേതെങ്കിലും നിക്ഷേപകർക്ക് വിറ്റ് ഫെയർഫാക്സിന് ബാങ്കിൽ നിന്ന് പൂർണ്ണമായി പിന്മാറേണ്ടി വരും.
ലയനം ബാങ്കിംഗ് ബിസിനസിൽ തന്ത്രപ്രധാനമായ നേട്ടങ്ങൾ സമ്മാനിക്കുമെങ്കിലും, സാങ്കേതികവിദ്യകളുടെ സംയോജനം വലിയ വെല്ലുവിളിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഐഡിബിഐ ബാങ്ക് ഇൻഫോസിസിന്റെ 'ഫിനാക്കിൾ' (Infosys Finacle) ബാങ്കിംഗ് പ്ലാറ്റ്ഫോമിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ സിഎസ്ബി ബാങ്ക് ഓറക്കിളിന്റെ 'ഫ്ലെക്സ്ക്യൂബ്' (Oracle FLEXCUBE) സിസ്റ്റമാണ് ഉപയോഗിക്കുന്നത്.
രണ്ട് സോഫ്റ്റ്വെയറുകളും തമ്മിൽ ചില സമാനതകൾ ഉണ്ടെങ്കിലും, ഡാറ്റ സ്ട്രക്ചറുകൾ, ഉൽപ്പന്നങ്ങൾ, ആപ്ലിക്കേഷനുകൾ എന്നിവ സംയോജിപ്പിക്കുന്നതിന് വലിയ സാങ്കേതിക ചിലവും സമയവും ആവശ്യമായി വരും.
കേരളത്തിലെ ഏറ്റവും പ്രമുഖമായ പരമ്പരാഗത സ്വകാര്യ ബാങ്കുകളിലൊന്നാണ് സിഎസ്ബി ബാങ്ക്. 2018-ൽ ഫെയർഫാക്സ് വലിയ നിക്ഷേപം നടത്തിയതോടെയാണ് ബാങ്ക് വൻ കുതിച്ചുചാട്ടവും പുനരുദ്ധാരണവും നടത്തിയത്. ഇപ്പോൾ ഐഡിബിഐ ബാങ്ക് ഏറ്റെടുക്കലിലൂടെ ഫെയർഫാക്സ് എടുക്കുന്ന ഏത് തീരുമാനവും കേരളത്തിലെ ബാങ്കിംഗ് മേഖലയെയും സിഎസ്ബി ബാങ്കിന്റെ ഓഹരി ഉടമകളെയും ജീവനക്കാരെയും നേരിട്ട് ബാധിക്കുന്നതായിരിക്കും.
ലയനത്തിലൂടെ സിഎസ്ബി ബാങ്ക് ഐഡിബിഐ ബാങ്കിന്റെ ഭാഗമായാൽ, കേരളം ആസ്ഥാനമായുള്ള ഒരു ബാങ്കിംഗ് പ്രസ്ഥാനം എന്ന നിലയിൽ നിന്ന് അത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖലകളിലൊന്നിലേക്ക് വ്യാപിക്കും. മറിച്ച് ഓഹരി വിൽപ്പനയാണ് നടക്കുന്നതെങ്കിൽ സിഎസ്ബി ബാങ്കിലേക്ക് പുതിയ പ്രൊമോട്ടർമാർ കടന്നുവരും.
2017-ൽ നിഷ്ക്രിയ ആസ്തികൾ (NPA) കുതിച്ചുയർന്നതിനെ തുടർന്ന് റിസർവ് ബാങ്കിന്റെ (RBI) വാച്ച് ലിസ്റ്റിലായ (Prompt Corrective Action) സ്ഥാപനമാണ് ഐഡിബിഐ ബാങ്ക്. തുടര്ന്ന് 2019-ൽ എൽ.ഐ.സി (LIC) വൻതുക നിക്ഷേപിച്ച് ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
കർശനമായ ബാങ്കിംഗ് പരിഷ്കാരങ്ങളിലൂടെ ബാങ്ക് മികച്ച സാമ്പത്തിക അടിത്തറ വീണ്ടെടുത്തു. 2025-26 സാമ്പത്തിക വർഷത്തിലെ ബാങ്കിന്റെ അറ്റാദായം 9,513 കോടി രൂപയാണ്.
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണ പദ്ധതികളിൽ നിർണായകമായ ഒരു വഴിത്തിരിവാണ് ഐഡിബിഐ ബാങ്കിന്റെ ഈ തന്ത്രപരമായ വിൽപ്പനയിലൂടെ നടപ്പിലാകുന്നത്.
ലയന വാര്ത്തകള്ക്ക് പിന്നാലെ സി.എസ്.ബി ബാങ്ക് ഓഹരികള് ഇന്ന് മൂന്ന് ശതമാനത്തോളം ഇടിവിലാണ്. ഓഹരി ഒന്നിന് 315 രൂപയിലാണ് വ്യാപാരം. ഈ വര്ഷം ഇതുവരെ സി.എസ്.ബി. ബാങ്ക് ഓഹരികള് 35 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്ഷമെടുത്താല് 18 ശതമാനം ഇടിവിലുമാണ് ഓഹരി.
ഐ.ഡി.ബി.ഐ ബാങ്ക് ഓഹരി വില 7 ശതമാനം ഇടിവിലാണ്. ഈ വര്ഷം ഇതുവരെ 18 ശതമാനമാണ് ഓഹരിയുടെ നഷ്ടം. കഴിഞ്ഞ ഒരു വര്ഷമെടുത്താല് നഷ്ടം ഒമ്പത് ശതമാനവും.
Fairfax Financial Holdings faces a regulatory choice to either merge CSB Bank with IDBI Bank or divest its stake in the Thrissur-headquartered lender following its major acquisition.
Read DhanamOnline in English
Subscribe to Dhanam Magazine