ഐഡിബിഐ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു. ഇപ്പോള്‍ വെറും 700 ദിവസത്തേക്ക് 7.60 ശതമാനം വരെ പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഐഡിബിഐ റീട്ടെയില്‍ അമൃത് മഹോത്സവ് നിക്ഷേപത്തിനാണ് നിരക്ക് വര്‍ധന. ഈ പരിമിത കാലയളവ് ഓഫര്‍ 2022 ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റീപോ നിരക്കുകള്‍ ഉയര്‍ത്തിയതിന് പിന്നാലെ വായ്പ പലിശ മാത്രമല്ല, നിക്ഷേപ പലിശ നിരക്കും പല ബാങ്കുകളും വര്‍ധിപ്പിച്ചിരുന്നു.
പൊതുമേഖലയിലെ ഉള്‍പ്പടെ രാജ്യത്തെ മുന്‍നിര ബാങ്കുകളിലടക്കം നിക്ഷേപ പലിശ ഉയര്‍ന്നിരുന്നു. സ്ഥിര നിക്ഷേപങ്ങള്‍ക്ക് പൊതുവിഭാഗത്തില്‍ 3% മുതല്‍ 6.75% വരെയും മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തില്‍ 3.50% മുതല്‍ 7.25% വരെയും നിരക്ക് നിലവിലുണ്ട്. ഫെഡറല്‍ ബാങ്കും 3- 7.75 ശതമാനം വരെയാണ് നിക്ഷേപ പലിശ നിരക്കുകള്‍ ഉയര്‍ത്തിയത്. ഐസിഐസിഐ ബാങ്ക് 3% മുതല്‍ 7% വരെ പലിശ നിരക്ക് വര്‍ധിപ്പിച്ചു.
എച്ച്ഡിഎഫ്സി ബാങ്കിന്റെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3% മുതല്‍ 7% വരെയും പലിശ ലഭിക്കും. കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് 2.75% മുതല്‍ 7% വരെ പലിശ ലഭിക്കും. ഐഡിഎഫ്സി ബാങ്ക് സാധാരണ ജനങ്ങള്‍ക്ക് 7.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 8 ശതമാനം പലിശയുമാണ് വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന ആളുകള്‍ക്കുള്ള പലിശ നിരക്ക് 0.5 ശതമാനം വരെ ചില ബാങ്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine