എൽഐസിക്കും കേന്ദ്രസർക്കാരിനും ചേർന്ന് 94 ശതമാനത്തിലധികം ഓഹരി പങ്കാളിത്തമുള്ള ഐഡിബിഐ ബാങ്കിനെ (BSE: 500116, NSE: IDBI) സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. കാനഡ ആസ്ഥാനമായ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സിന്, ഐഡിബിഐ ബാങ്കിന്റെ ഭൂരിപക്ഷ ഓഹരികൾ കൈമാറുന്നതിനെതിരെ ഡിസംബർ 3-ന് രാജ്യവ്യാപകമായി ഏകദിന പണിമുടക്ക് നടത്തുമെന്ന് ജീവനക്കാരുടെ സംഘടനകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സർക്കാർ നീക്കത്തിനെതിരേയുള്ള സമരാഹ്വാനം. നവംബർ 2, 3 തീയതികളിലും ജീവനക്കാർ പണിമുടക്കിയിരുന്നു.
കേന്ദ്ര സർക്കാരിന്റെയും എൽഐസിയുടെയും കൈവശമുള്ള 60.72 ശതമാനം ഓഹരികൾ 52,878 കോടി രൂപയ്ക്ക് ഏറ്റെടുക്കാനാണ് ഫെയർഫാക്സിന്റെ കരാർ. ഇക്കഴിഞ്ഞ ഒക്ടോബർ 14-ന് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി ഇടപാടിന് അംഗീകാരം നൽകിയിരുന്നു. ഇന്ത്യയുടെ ധനകാര്യ സേവനമേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.
എന്നാൽ ഏറ്റെടുക്കലിനുള്ള പണം എവിടെനിന്നാണ് എത്തുന്നതെന്നാണ് ജീവനക്കാരുടെ പ്രധാന ചോദ്യം. ഫെയർഫാക്സിന്റെ സ്വന്തം ഫണ്ട്, ഇൻഷുറൻസ് ബിസിനസിൽനിന്നുള്ള വരുമാനം, ആസ്തി വിൽപ്പന തുടങ്ങിയവയാണോ ധനസ്രോതസ്സുകൾ? ഇടപാടിനുശേഷം ഐഡിബിഐ ബാങ്കിന്റെ തന്നെ മൂലധനം ഏറ്റെടുക്കലിന് ഉപയോഗിക്കുമോ? ബാങ്കിന്റെ വിഭവങ്ങൾ ഉപയോഗിച്ച് ബാങ്കിനെ തന്നെ വാങ്ങുന്ന സാഹചര്യമുണ്ടാകുമെന്ന ആശങ്ക യൂണിയനുകൾ ഉന്നയിക്കുന്നു. എന്നാൽ ഏറ്റെടുക്കലിന് ഐഡിബിഐയുടെ പണം ഉപയോഗിക്കുമെന്ന റിപ്പോർട്ടുകൾ സർക്കാർ തള്ളിയിട്ടുണ്ട്.
ഓഹരിയൊന്നിന് 81 രൂപ എന്ന ഇടപാട് വിലയുടെ സുതാര്യതയും അതിന്റെ ന്യായീകരണം സംബന്ധിച്ചും ജീവനക്കാരുടെ സംഘടനകൾ ചോദ്യം ചെയ്യുന്നു. ബാങ്കിന്റെ യഥാർത്ഥ ബുക്ക് വാല്യു, വിപണി വില, സർക്കാരിന്റെ അംഗീകൃത മൂല്യനിർണയ മാനദണ്ഡങ്ങൾ എന്നിവ പൂർണമായും പാലിച്ചാണോ ഈ വില നിശ്ചയിച്ചതെന്ന് അധികൃതർ വ്യക്തമാക്കണമെന്നാണ് മുഖ്യ ആവശ്യം. എന്നാൽ, നിലവിൽ ലഭ്യമായ ഔദ്യോഗിക വിവരങ്ങളിൽ ബുക്ക് വാല്യുവിന്റേയും വിപണി വിലയുടേയും മൂല്യനിർണയത്തിന്റെ വിശദമായ കണക്കുകളും ഇല്ല. അതിനാൽ, ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങൾ ലഭ്യമായ സാമ്പത്തിക ഡാറ്റയുടെ അടിസ്ഥാനത്തിൽ സ്വതന്ത്രമായി പുനഃപരിശോധിക്കേണ്ടതുണ്ട് എന്നാണ് ജീവനക്കാരുടെ പക്ഷം.
നിലവിൽ ഫെയർഫാക്സിന്, തൃശൂർ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്കിൽ 40 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. അതു നിലനിൽക്കുമ്പോൾ തന്നെ, ഐഡിബിഐ ബാങ്കിൽ നിയന്ത്രണാധികാരം ഉറപ്പാക്കുന്നവിധം ഭൂരിപക്ഷ ഓഹരി വിഹിതം കൂടി കരസ്ഥമാക്കുകയാണെങ്കിൽ സിഎസ്ബി ബാങ്കിലെ പങ്കാളിത്തം 26 ശതമാനമായി കുറയ്ക്കുകയോ രണ്ടു വർഷത്തിനകം പൂർണമായി പിന്മാറുകയോ രണ്ടു ബാങ്കുകളും തമ്മിൽ ലയിപ്പിക്കുകയോ ചെയ്യണം. ഒന്നിലധികം ബാങ്കുകളുടെ ഉടമസ്ഥാവകാശം ഒരേ ഗ്രൂപ്പിൽ നിക്ഷിപ്തമാകുമ്പോഴുള്ള മത്സരസാധ്യതകളും ഭരണസംവിധാനത്തിലെ സുതാര്യതയും സംബന്ധിച്ച് സ്വതന്ത്ര പരിശോധന വേണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആവശ്യം.
ജീവനക്കാരുടെ സേവനവ്യവസ്ഥകളും പെൻഷൻ ആനുകൂല്യങ്ങളും പൂർണമായും സംരക്ഷിക്കുമെന്ന് കേന്ദ്ര സർക്കാർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. 19,000-ത്തിലധികം ജീവനക്കാരുള്ള ഐഡിബിഐ ബാങ്കിലെ ആശങ്കകൾ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. എങ്കിലും, സമരം പിൻവലിക്കാത്ത പക്ഷം അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നാണ് തൊഴിലാളി യൂണിയനുകളുടെ മുന്നറിയിപ്പ്.
ഐഡിബിഐയുടെ ഓഹരി വിൽപ്പന കേവലം ഒരു ബാങ്കിന്റെ ഉടമസ്ഥാവകാശ മാറ്റം മാത്രമല്ല; ഭാവിയിൽ നടപ്പിലാകാൻ ഉദ്ദേശിക്കുന്ന മറ്റ് പൊതുമേഖലാ ബാങ്ക് സ്വകാര്യവൽക്കരണത്തിനും ജീവനക്കാരുടെയും നിക്ഷേപകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ഉള്ള നിർണായകമായ മാതൃക കൂടിയായേക്കും ഇത്.
IDBI Bank employee unions have called a nationwide strike on December 3 against the proposed 60.72% stake sale to Fairfax, citing concerns over funding, valuation and ownership implications.
Read DhanamOnline in English
Subscribe to Dhanam Magazine