Banking, Finance & Insurance

ഐഡിബിഐ സ്വകാര്യവത്കരണം; കേന്ദ്രവും എല്‍ഐസിയും വില്‍ക്കുക 60.7 ശതമാനം ഓഹരികള്‍

എല്‍ഐസിക്ക് 49.24 ശതമാനവും കേന്ദ്ര സര്‍ക്കാരിന് 45.48 ശതമാനവും ഓഹരികള്‍ വീതമാണ് ബാങ്കിലുള്ളത്

Dhanam News Desk

ഐഡിബിഐ ബാങ്കിന്റെ ഓഹരി വില്‍പ്പനയ്ക്കുള്ള (IDBI Bank Privatisation) ബിഡ്ഡുകള്‍ ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും (LIC) കേന്ദ്ര സര്‍ക്കാറും ചേര്‍ന്ന് 60.7 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, എഐഎഫുകള്‍ എന്നിവയ്ക്ക് ഓഹരികള്‍ വാങ്ങാം.

ബിഡുകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് കുറഞ്ഞത് 22,500 കോടിയുടെ ആസ്തി ഉണ്ടായിരിക്കണം. കഴിഞ്ഞ 5 സാമ്പത്തിക വര്‍ഷത്തിനിടെ കുറഞ്ഞത് മൂന്ന തവണയെങ്കിലും ലാഭം രേഖപ്പെടുത്തിയ കമ്പനികള്‍ക്ക് അപേക്ഷിക്കാം. ഓഹരികള്‍ സ്വന്തമാക്കിയ ശേഷം 5 വര്‍ഷത്തേക്ക് 40 ശതമാനം ഓഹരികള്‍ ബാങ്കില്‍ നിലനിര്‍ത്തണം. ശേഷം15 വര്‍ഷം കൊണ്ട് ഓഹരി വിഹിതം 26 ശതമാനം ആയി കുറയ്ക്കാം.

എല്‍ഐസിക്ക് 49.24 ശതമാനവും കേന്ദ്ര സര്‍ക്കാരിന് 45.48 ശതമാനവും ഓഹരികള്‍ വീതമാണ് ബാങ്കിലുള്ളത്. അതില്‍ കേന്ദ്രവും എല്‍ഐസിയും യഥാക്രമം 30.48 ശതമാനം, 30.24 ശതമാനം ഓഹരികള്‍ വീതം വില്‍ക്കും. വില്‍പ്പനയ്ക്ക് ശേഷം ഐഡിബിഐയില്‍ എല്‍ഐസിക്ക് 19 ശതമാനം ഓഹരികളാവും ഉണ്ടാവുക. കേന്ദ്രത്തിന്റെ വിഹതം 15 ശതമാനമായി കുറയും.

വെള്ളിയാഴ്ചത്തെ കണക്കുകള്‍ അനുസരിച്ച് 45,913 കോടിയുടെ വിപണി മൂല്യമാണ് ഐഡിബിഐയ്ക്ക് ഉള്ളത്. ഓഹരി വില്‍പ്പനയിലൂടെ എ്ല്‍ഐസിക്കും കേന്ദ്രത്തിനും യഥാക്രമം 13,844 കോടി, 13,944 കോടി രൂപയോളം സമാഹരിക്കാനാവും. ഓഹരി വില്‍പ്പനയിലൂടെ 2022-23 സാമ്പത്തിക വര്‍ഷം 65,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT