Bank loans Image by Canva
Banking, Finance & Insurance

ഇറാൻ യുദ്ധം: രാജ്യത്ത് 6 മാസം വരെ വായ്പ മോറട്ടോറിയം പ്രഖ്യാപിക്കാൻ സർക്കാർ നീക്കം

എൽ.പി.ജിക്ക് നേരിടുന്ന ക്ഷാമം, വിതരണ ശൃംഖല താറുമാറായതിനാൽ കമ്പനികളുടെ ഉത്പദാന ചെലവ് വർധിക്കുന്നതും കണക്കിലെടുത്ത് വായ്പ തിരിച്ചടവിൽ ആനുകൂല്യം നൽകുന്ന കാര്യമാണ് പരിഗണിക്കുന്നത്.

Dhanam News Desk

പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേൽ - യു.എസ് സഖ്യവും തമ്മിലുള്ള യുദ്ധം കാരണം രാജ്യത്ത് നേരിടാവുന്ന സാമ്പത്തിക ആഘാതം കണക്കിലെടുത്ത് 3 മുതൽ 6 മാസം വരെയുള്ള കാലയളവിലേക്ക് വായ്പകളിന്മേൽ മോറട്ടോറിയം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. വായ്പ എടുത്തിട്ടുള്ളവ‌രുടെ പ്രതിമാസ തിരിച്ചടവിൽ നിശ്ചിത കാലയളവിലേക്ക് ഇളവ് അനുവ​ദിക്കാനുള്ള നിർദേശം കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരി​ഗണനയിലാണെന്ന് ദേശീയ മാധ്യമങ്ങളിലൊന്നായ സി.എൻ.ബി.സി. ആവാസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധം കാരണം എൽ.പി.ജിക്ക് നേരിടുന്ന ക്ഷാമം ദൈന്യംദിന പ്രവർത്തനത്തെ ബാധിക്കുന്നതും ​ഗൾഫ് മേഖലയിൽ നിന്നുള്ള വിതരണ ശൃംഖല താറുമാറായതിനാൽ കമ്പനികളുടെ ഉത്പദാന ചെലവ് വർധിക്കുന്നതും കണക്കിലെടുത്ത് വായ്പ തിരിച്ചടവിൽ ആനുകൂല്യം നൽകുന്ന കാര്യം കേന്ദ്ര സർക്കാർ പരിശോധിക്കുന്നത്. ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ (എം.എസ്.എം.ഇ) നേരിടുന്ന പ്രതിസന്ധി കൂടി കണക്കിലെടുത്താണ് സർക്കാർ നീക്കം. നേരത്തെ കയറ്റുമതിക്കാരും വിവിധ മേഖലകളിൽ നിന്നുള്ള വ്യവസായികളും പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാർതല ആനുകൂല്യങ്ങൾക്കായി ധനമന്ത്രാലയത്തെ സമീപിച്ചിരുന്നു.

അതേസമയം ലോക്സഭയിൽ ഡോളറിനെതിരായ രൂപയുടെ മൂല്യത്തകർച്ചയെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നപ്പോൾ, മറ്റ് വികസ്വര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ സമ്പദ്ഘടന ശക്തമായ നിലയിലാണെന്നും നമ്മുടെ കറൻസിയുടെ വിനിമയമൂല്യം ഭേദപ്പെട്ട നിലവാരത്തിലാണെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം പ്രതിസന്ധി നേരിടാൻ പര്യാപ്തമാണ്. ധനസ്ഥിതിയും മെച്ചമാണെന്നും മന്ത്രി പറഞ്ഞു. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചശേഷം ഡോളറിനെതിരേ രൂപയുടെ മൂല്യം 5 ശതമാനത്തോളം ഇടി‍ഞ്ഞിട്ടുണ്ട്. ഇന്നത്തെ വ്യാപാരത്തിനിടെ ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 95 നിലവാരവും മറികടന്നിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT