രാജ്യത്തുടനീളമുള്ള സാന്നിധ്യം വിപുലീകരിക്കാന്‍ പൊതുമേഖല ബാങ്കായ ഇന്ത്യന്‍ ബാങ്ക്. നടപ്പു സാമ്പത്തിക വര്‍ഷം 100 പുതിയ ശാഖകള്‍ ആരംഭിക്കാനാണ് പദ്ധതി. ബിസിനസ് വളര്‍ച്ചയ്ക്കും വിരമിക്കുന്ന ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതിനും ലക്ഷ്യമിട്ട് സ്പെഷലിസ്റ്റ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 2,500 പേരെ നിയമിക്കുമെന്നും ബാങ്ക് എംഡിയും സിഇഒയുമായ ബിനോദ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്ക് 100 ശാഖകള്‍ തുറന്നിരുന്നു. സ്ഥാപക ദിനമായ ഓഗസ്റ്റ് 15ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 പുതിയ ശാഖകളാണ് ഉദ്ഘാടനം ചെയ്തത്. നിലവില്‍ 41,875 ജീവനക്കാരാണ് ബാങ്കിനുള്ളത്.
2026 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യന്‍ ബാങ്കിന് രാജ്യത്ത് 6,003 ശാഖകളുണ്ട്. സിംഗപ്പൂര്‍, കൊളംബോ, ജാഫ്‌ന എന്നിവിടങ്ങളിലായി മൂന്ന് വിദേശ ശാഖകളും ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയില്‍ ഐഎഫ്എസ്‌സി ബാങ്കിംഗ് യൂണിറ്റും പ്രവര്‍ത്തിക്കുന്നു.
2020ല്‍ അലഹബാദ് ബാങ്ക് ലയിപ്പിച്ചതോടെ കിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്തര്‍പ്രദേശിലും ഇന്ത്യന്‍ ബാങ്കിന്റെ സാന്നിധ്യം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മധ്യ, പശ്ചിമ മേഖലകളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ബാങ്കിന്റെ സ്വര്‍ണ വായ്പാ പോര്‍ട്ട്ഫോളിയോ നിലവിലെ 1.25 ലക്ഷം കോടിയില്‍നിന്ന് 1.5 ലക്ഷം കോടി കടക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്വര്‍ണവിലയിലുണ്ടായ വര്‍ധന മൂലം ഈ വിഭാഗം ഏകദേശം 30 ശതമാനം വളര്‍ന്നിരുന്നു.
സ്വര്‍ണവിലയിലെ മാറ്റങ്ങള്‍ കാരണം നടപ്പുവര്‍ഷം മൂല്യാടിസ്ഥാനത്തിലുള്ള വളര്‍ച്ച മന്ദഗതിയിലായേക്കാം. എന്നാല്‍ പണയംവയ്ക്കുന്ന സ്വര്‍ണത്തിന്റെ അളവിലുണ്ടാകുന്ന വര്‍ധന പോര്‍ട്ട്ഫോളിയോ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍.
നിക്ഷേപകര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മികച്ച നേട്ടമാണ് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ നല്കിയത്. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് 668 രൂപയായിരുന്ന ഓഹരിവില നിലവില്‍ 877 രൂപയാണ്. അതേസമയം, കഴിഞ്ഞ ആറുമാസത്തിനിടെ ഓഹരിവില 10.17 ശതമാനം താഴുകയും ചെയ്തു. ജൂണ്‍ പാദത്തില്‍ വരുമാനം 18,095 കോടി രൂപയും ലാഭം 3,357 കോടി രൂപയായും ഉയര്‍ന്നിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine