Image : ipl20 website  
Banking, Finance & Insurance

ഐ.പി.എല്‍ പൂരത്തിന്റെ ഇന്‍ഷുറന്‍സ് 10,000 കോടി!

ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ കൊവിഡ്-19 ഉള്‍പ്പെടുത്തിയിട്ടില്ല

Dhanam News Desk

ലോക ക്രിക്കറ്റിനെ തന്നെ മാറ്റിമറിച്ച ട്വന്റി-20 ക്രിക്കറ്റ് മാമാങ്കമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അഥവാ ഐ.പി.എല്‍. ഓരോ സീസണിലും ഐ.പി.എല്ലില്‍ നിറയുന്ന പണത്തിന്റെ അളവും കുന്നുകൂടുകയാണ്. 48,000 കോടി രൂപയാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ബി.സി.സി.ഐ ഇത്തവണത്തെ ഐ.പി.എല്ലിന്റെ സംപ്രേഷണാവകാശത്തിലൂടെ മാത്രം നേടിയ വരുമാനം. 2018ലെ വരുമാനത്തിന്റെ മൂന്നിരട്ടിയാണിത്. അമേരിക്കയിലെ നാഷണല്‍ ഫുട്‌ബോള്‍ ലീഗ് (എന്‍.എഫ്.എല്‍) കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം പണംവരുന്ന കായിക മാമാങ്കമെന്ന പെരുമയും ഐ.പി.എല്ലിന് സ്വന്തം.

റിസ്‌കാണ്, വേണം പരിരക്ഷ!

പണത്തിന്റെ ഒഴുക്ക് കൂടിയതോടെ ഐ.പി.എല്ലില്‍ പങ്കാളികളാകുന്നവര്‍ ഇന്‍ഷുറന്‍സിനും ഇപ്പോള്‍ വലിയ പ്രാധാന്യം കൊടുക്കുകയാണ്. ഈ വര്‍ഷത്തെ ഐ.പി.എല്ലിന്റെ മൊത്തം ഇന്‍ഷുറന്‍സ് മൂല്യം 10,000 കോടി രൂപയ്ക്ക് മേലെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബി.സി.സി.ഐ., മത്സര ബ്രോഡ്കാസ്റ്റര്‍മാര്‍, സ്‌പോണ്‍സര്‍മാര്‍, ഫ്രാഞ്ചൈസി ഉടമകള്‍, അനുബന്ധ സേവന കമ്പനികള്‍ തുടങ്ങിയവ എടുത്ത ഇന്‍ഷുറന്‍സസ് പരിരക്ഷകളുടെ സംയുക്ത മൂല്യമാണിത്.

എന്തിന് ഇന്‍ഷുറന്‍സ്?

ഐ.പി.എല്ലിന്റെ ഭാഗമായ സ്‌പോണ്‍സര്‍മാര്‍, ബ്രോഡ്കാസ്റ്റിംഗ് കമ്പനികള്‍, ഫ്രാഞ്ചൈസികള്‍ തുടങ്ങിയവ വന്‍തോതിലാണ് പണമൊഴുക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ മത്സരമോ ടൂര്‍ണമെന്റോ ഉപേക്ഷിക്കപ്പെട്ടാലുണ്ടാകുന്ന വരുമാന നഷ്ടം നികത്തുക ലക്ഷ്യമിട്ടാണ് ഇവര്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത്.

മോശം കാലാവസ്ഥ, ആഭ്യന്തര കലാപം, തീവ്രവാദ ആക്രമണം, അപകടങ്ങള്‍ മൂലം കളിക്കാര്‍ക്കുണ്ടാകുന്ന പരിക്കുകള്‍ വഴി ഫ്രാഞ്ചൈസി നേരിടുന്ന സാമ്പത്തിക നഷ്ടം, രോഗവ്യാപനം മൂലം മത്സരങ്ങള്‍ തടസ്സപ്പെടുക ഇതെല്ലാം ഇന്‍ഷ്വറന്‍സിന്റെ പരിധിയില്‍ വരും. എന്നാല്‍, 'നിലവില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന പകര്‍ച്ചവ്യാധി' ആയതിനാല്‍ കൊവിഡ്-19നെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

എന്നാല്‍, ലോകത്ത് മറ്റ് ചില കായിക മത്സരങ്ങള്‍ക്ക് കൊവിഡ്-19 മൂലം ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. 2022ലെ വിംബിള്‍ഡണ്‍ മത്സരം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ലഭിച്ച നഷ്ടപരിഹാരം 14.2 കോടി ഡോളറായിരുന്നു (ഏകദേശം 1,170 കോടി രൂപ).

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT