Banking, Finance & Insurance

88-കാരന് തെറ്റായ പെന്‍ഷന്‍ പ്ലാന്‍ വിറ്റു: ഒരു കോടി രൂപ പിഴ ചുമത്തി ഐ.ആര്‍.ഡി.എ.ഐ, ഇടപെടല്‍ സ്വമേധയ

കനറ ബാങ്ക് ശാഖ വഴി വിറ്റ പോളിസിയില്‍ ഗുരുതര വീഴ്ച, പ്രീമിയം തുക ഉപഭോക്താവിന് തിരികെ നല്‍കി

Resya Raveendran

മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്കുകള്‍ വഴി തെറ്റായ രീതിയില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ വിറ്റഴിക്കുന്നതിനെതിരെ (Mis-selling) കര്‍ശന നടപടിയുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI). 88 വയസ്സുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസണ് തെറ്റായ വിവരങ്ങള്‍ നല്‍കി ഡിഫേര്‍ഡ് ആന്‍വിറ്റി (പെന്‍ഷന്‍) പ്ലാന്‍ വിറ്റ സംഭവത്തില്‍ കനറ എച്ച്.എസ്.ബി.സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിക്ക് റെഗുലേറ്റര്‍ ഒരു കോടി രൂപ പിഴ ചുമത്തി.

കോര്‍പ്പറേറ്റ് ഏജന്റായ കനറ ബാങ്ക് വഴിയാണ് ഈ പോളിസി വിറ്റഴിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ റെഗുലേറ്റര്‍ സ്വമേധയാ കേസെടുത്ത് (Suo-motu) അന്വേഷണം നടത്തുകയായിരുന്നു.

ഉല്‍പ്പന്ന നിബന്ധനകളില്‍ ഗുരുതര ലംഘനം

വര്‍ഷത്തില്‍ രണ്ട് ലക്ഷം രൂപ പ്രീമിയവും നാല് വര്‍ഷത്തെ അടവ് കാലാവധിയുമുള്ള ഡിഫേര്‍ഡ് ആന്‍വിറ്റി പ്ലാനാണ് 88-കാരന് വിറ്റത്. മകളെയാണ് ആന്‍വിറ്റന്റായി (അതായത് പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നയാള്‍) കാണിച്ചിരുന്നത്. എന്നാല്‍, റെഗുലേറ്റര്‍ അംഗീകരിച്ച ഈ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നത്തിന്റെ മാനദണ്ഡമനുസരിച്ച് പ്രവേശന പ്രായപരിധി (Entry Age) 30 മുതല്‍ 80 വയസ്സ് വരെ മാത്രമാണ്.

80 വയസ്സെന്ന പരമാവധി പരിധി ലംഘിച്ചാണ് 88 വയസ്സുള്ള വ്യക്തിക്ക് കമ്പനി പോളിസി നല്‍കിയത്. ഉപഭോക്താവിന്റെ ഉയര്‍ന്ന പ്രായവും സാമ്പത്തിക ശേഷിയും കൃത്യമായി വിലയിരുത്തുന്നതില്‍ (Suitability Assessment) കമ്പനിയും ബാങ്കും പരാജയപ്പെട്ടുവെന്ന് ഐ.ആര്‍.ഡി.എ.ഐ കണ്ടെത്തി.

വെരിഫിക്കേഷനിലും വഞ്ചന

പോളിസി വില്‍പന നടത്തുമ്പോള്‍ ഉപഭോക്താവിന് നല്‍കേണ്ട കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ ഷീറ്റോ, പ്രൊപ്പോസല്‍ ഫോമിന്റെ പകര്‍പ്പോ നല്‍കിയിരുന്നില്ല. പ്രൊപ്പോസല്‍ ഫോമിലെ വിവരങ്ങള്‍, വെരിഫിക്കേഷന്‍ കോള്‍, പോളിസി നിബന്ധനകളുടെ വിശദീകരണം എന്നിവയിലെല്ലാം ഗുരുതരമായ പിഴവുകള്‍ വരുത്തി.

കൂടാതെ, പ്രീമിയം അടയ്ക്കുന്ന കാലയളവില്‍ പ്രൊപ്പോസര്‍ മരിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഉപഭോക്താവിനെ കൃത്യമായി ധരിപ്പിച്ചതുമില്ല. ഇവയെല്ലാം ചേര്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്തെ നിബന്ധനകളുടെയും ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്ന് വിലയിരുത്തിയാണ് വലിയ തുക പിഴ വിധിച്ചത്.

തുക പൂര്‍ണ്ണമായി റീഫണ്ട് ചെയ്തു

ഐ.ആര്‍.ഡി.എ.ഐയുടെ ഇടപെടലിനെ തുടര്‍ന്ന് കനറ എച്ച്.എസ്.ബി.സി ലൈഫ് ഇന്‍ഷുറന്‍സ് അധികൃതര്‍ ഉപഭോക്താവിനെ നേരില്‍ കാണുകയും അദ്ദേഹം അടച്ച രണ്ടാം വര്‍ഷത്തെ തുകയുള്‍പ്പെടെ ആകെ 4.09 ലക്ഷം രൂപ പൂര്‍ണ്ണമായി തിരികെ നല്‍കുകയും ചെയ്തു. ബാങ്കുകള്‍ വഴിയുള്ള ബാങ്കഷ്വറന്‍സ് (Bancassurance) വില്‍പനകളില്‍ സീനിയര്‍ സിറ്റിസന്മാര്‍ നേരിടുന്ന ചൂഷണങ്ങള്‍ തടയാന്‍ റെഗുലേറ്ററുടെ ഈ നടപടി ശക്തമായ മുന്നറിയിപ്പാണ്.

Insurance regulator IRDAI penalizes Canara HSBC Life Insurance ₹1 crore after a deferred annuity policy was wrongly sold to an 88-year-old customer through Canara Bank.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT