ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ജെഎംജെ ഫിന്‍ടെക് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും പ്രമോട്ടര്‍ ഗ്രൂപ്പ് അംഗവുമായ ജോജു മടത്തുംപടി ജോണി കമ്പനിയുടെ 3,50,500 ഇക്വിറ്റി ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റിലൂടെ സ്വന്തമാക്കി. 2026 സെപ്റ്റംബര്‍ 24നാണ് ഓഹരി വാങ്ങല്‍ നടന്നത്.
നിലവിലുള്ള ഓഹരിയുടമകളില്‍ നിന്ന് വിപണിയിലൂടെ നടത്തിയ വാങ്ങലാണിത്. ഇടപാടിനെത്തുടര്‍ന്ന് ജോജു മടത്തുംപടി ജോണിയുടെ വ്യക്തിഗത ഓഹരി പങ്കാളിത്തം വര്‍ധിച്ചു. കമ്പനിയുടെ മൊത്തം ഇക്വിറ്റി ഓഹരികളുടെ എണ്ണത്തില്‍ ഈ ഇടപാടുമൂലം മാറ്റമുണ്ടാകുന്നില്ല.
റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത, നിക്ഷേപങ്ങള്‍ സ്വീകരിക്കാത്ത ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ജെഎംജെ ഫിന്‍ടെക് ലിമിറ്റഡ്. കോര്‍പ്പറേറ്റ് വായ്പകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സേവനങ്ങളിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ കമ്പനി 1.97 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തിലെ ലാഭവുമായി താരതമ്യം ചെയ്യുമ്പോള്‍ 72.48 ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. തൊട്ടു മുന്‍പത്തെ പാദത്തേക്കാള്‍ 13 ശതമാനം വര്‍ധനയും ലാഭത്തിലുണ്ടായിട്ടുണ്ട്.
സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഡിജിറ്റല്‍ വായ്പാ മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 'Money bro' എന്ന പുതിയ ഡിജിറ്റല്‍ ലെന്‍ഡിംഗ് പ്ലാറ്റ്ഫോമിന് കമ്പനി ആദ്യ പാദത്തില്‍ തുടക്കം കുറിച്ചിരുന്നു. പരമ്പരാഗത വായ്പാ രീതികളിലെ കാലതാമസവും സങ്കീര്‍ണതകളും ഒഴിവാക്കി, ഉപഭോക്താക്കള്‍ക്ക് ലളിതവും വേഗത്തിലുള്ളതുമായ സേവനം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
Read DhanamOnline in English
Subscribe to Dhanam Magazine