Banking, Finance & Insurance

ജെഎംജെ ഫിന്‍ടെക്: ഉറച്ച അടിത്തറ, ഡിജിറ്റലാണ് കരുത്ത്

കോടികളുടെ നഷ്ടത്തില്‍ നിന്ന് നാല് വര്‍ഷം കൊണ്ട് ലാഭപാതയിലെത്തിയ ലിസ്റ്റഡ് കമ്പനിയായ ജെഎംജെ ഫിന്‍ടെക് ഡിജിറ്റല്‍ ലെന്‍ഡിങ് പ്ലാറ്റ്ഫോം സജ്ജമാക്കി കുതിപ്പിനൊരുങ്ങുന്നു

Dhanam News Desk

സാമ്പത്തിക സേവനരംഗത്ത് തൃശൂരിനൊരു തലപ്പൊക്കമുണ്ട്. സ്വയം വഴിവെട്ടി വന്ന പാരമ്പര്യം അവകാശപ്പെടാവുന്ന നിരവധി കമ്പനികളുടെ ആസ്ഥാനം കൂടിയാണ് തൃശൂര്‍. ഇപ്പോഴിതാ ഡിജിറ്റല്‍ ലെന്‍ഡിങ് പ്ലാറ്റ്‌ഫോം സജ്ജമാക്കി ദേശീയതലത്തില്‍ തൃശൂരില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനിയായ ജെഎംജെ ഫിന്‍ടെക് മുന്നേറ്റത്തിനൊരുങ്ങുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ 1.84 കോടി രൂപ സഞ്ചിതനഷ്ടം ബാലന്‍സ് ഷീറ്റിലുണ്ടായ കമ്പനി ഈവര്‍ഷം ലാഭവിഹിതം വിതരണം ചെയ്തു. 'മണി ബ്രോ' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കിക്കൊണ്ട് ദേശീയതലത്തില്‍ അനായാസം വായ്പകള്‍ ലഭ്യമാക്കാനാണ് ജെഎംജെ ഫിന്‍ടെക് ലക്ഷ്യമിടുന്നത്.

'കാലം മാറി. ഡിജിറ്റലായാല്‍ മാത്രമെ വളര്‍ച്ചയുണ്ടാകൂ. കടമില്ലാത്ത കമ്പനിയായി നിന്നുകൊണ്ട് ജനങ്ങള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ നല്‍കണം. അതാണ് ലക്ഷ്യം,' തികച്ചും വ്യത്യസ്തമായൊരു കാഴ്ചപ്പാടാണ് ജെഎംജെ ഫിന്‍ടെക് മാനേജിങ് ഡയറക്റ്റര്‍ ജോജു എം.ജെ പങ്കുവെക്കുന്നത്. ഇങ്ങനെ ഒരു വേറിട്ട ലക്ഷ്യം മുന്നില്‍വെക്കാനും അതിലേക്ക് നടക്കാനും അദ്ദേഹത്തിന് ധൈര്യം പകരുന്നത് സാമ്പത്തിക സേവന മേഖലയിലുള്ള പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തും മികച്ച പ്രൊഫഷണലുകള്‍ അടങ്ങിയ ടീമുമാണ്.

നാല് പതിറ്റാണ്ടിലേറെ പാരമ്പര്യമുണ്ട് ജെഎംജെ ഫിന്‍ടെക്കിന്. പരമ്പരാഗതമായ സേവനങ്ങള്‍ നല്‍കിയ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമെന്ന ചട്ടക്കൂടില്‍ നിന്ന് ന്യൂജെന്‍ കമ്പനിയായി വളര്‍ന്ന ചരിത്രമാണ് ജെഎംജെ ഫിന്‍ടെക്കിനുള്ളത്.

പാരമ്പര്യം തന്നെ കരുത്ത്

സാമ്പത്തിക സേവന മേഖലയെ അടിമുടി അറിയുന്നവരാണ് ജെഎംജെ ഫിന്‍ടെക്കിന്റെ സാരഥികള്‍. 1970കളുടെ മധ്യം മുതല്‍ തൃശൂരിലെ ചിട്ടി കമ്പനി നടത്തിപ്പില്‍ സജീവമായുള്ള ജോണി എം.എല്‍ ആണ് കമ്പനിയുടെ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍. ഇദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്നാണ് മാനേജിങ് ഡയറക്റ്ററായ മകന്‍ ജോജു എം.ജെയും സാമ്പത്തിക സേവന രംഗത്തേക്ക് ചുവടുവെച്ചത്. പരമ്പരാഗതമായി ചെയ്യുന്ന കാര്യങ്ങള്‍ അതുപോലെ തന്നെ തുടരാന്‍ ഒട്ടും താല്‍പര്യമില്ലാത്ത, പുതിയ വഴികളിലൂടെ കമ്പനിയെ ഉയരങ്ങളിലേക്ക് നയിക്കാന്‍ ഇവര്‍ നടത്തുന്ന വേറിട്ട യാത്രകളാണ് ജെഎംജെ ഫിന്‍ടെക്കിനെ വ്യത്യസ്തമാക്കുന്നത്.

'ഞാന്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ പിതാവ്, അദ്ദേഹം കൂടി ഡയറക്റ്ററായ ചിട്ടി കമ്പനിയില്‍ കണക്കെഴുതാന്‍ നിയോഗിക്കുമായിരുന്നു. മാര്‍ച്ച് മാസത്തിലാണ് ഈ ജോലി വരിക. കണക്കെടുപ്പിന്റെ സമയം. അന്ന് എല്ലാം എഴുതിത്തന്നെ തയാറാക്കണം. കമ്പ്യൂട്ടറുകള്‍ വന്നിട്ടില്ല. പത്തുരൂപ ദിവസ വേതനത്തില്‍ അന്ന് എഴുതിയ കണക്കുകളില്‍ നിന്ന് തുടങ്ങുന്നു ഈ രംഗത്തെ പരിശീലനവും പ്രാഥമിക പാഠങ്ങളും,'' ജോജു എം ജെ പറയുന്നു.

ചിട്ടി കമ്പനികള്‍, നിധി കമ്പനികള്‍, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകളുടെ വായ്പ ഉല്‍പന്നങ്ങളുടെ വില്‍പന തുടങ്ങി വ്യത്യസ്ത തലങ്ങളില്‍ സജീവമായ ഇടപെടലും പ്രവര്‍ത്തനങ്ങളും ജോജു നടത്തിയിട്ടുണ്ട്. കൊമേഴ്‌സിലും നിയമത്തിലും ബിരുദമെടുത്തിട്ടുള്ള ജോജു വിശ്വാസ്യതയും സുതാര്യതയുമുള്ള പ്രസ്ഥാനം ബാങ്കിങ് ഇതര മേഖലയില്‍ കെട്ടിപ്പടുക്കാനാണ് എന്നും പ്രയത്‌നിച്ചത്.

''ബാങ്കിങ് ഇതര ധനകാര്യ സ്ഥാപന രംഗത്താണ് പ്രവര്‍ത്തിക്കുന്നതെങ്കിലും എന്നോട് ഒരു എന്‍ബിഎഫ്സിയുടെ പേര് പറയാന്‍ പറഞ്ഞാല്‍ ആദ്യം മണപ്പുറം ഫിനാന്‍സ് എന്നാകും പറയുക. കാരണം തൃശൂര്‍ ജില്ലയില്‍ നിന്ന് ദേശീയതലത്തിലേക്ക് വളര്‍ന്ന, ആദ്യമായി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഗോള്‍ഡ് ലോണ്‍ രംഗത്തെ എന്‍ബിഎഫ്സിയാണത്. അത് എന്നെയും പ്രചോദിപ്പിച്ചിട്ടുണ്ട്. മുമ്പേ നടന്നവരുടെ പാതയിലൂടെ നടന്നാല്‍ ഇനി അവര്‍ക്കൊപ്പം എത്താന്‍ സാധിക്കില്ല. പകരം പുതിയൊരു പാതയിലൂടെ അവരെപ്പോലെ സഞ്ചരിക്കണം. അതുകൊണ്ടാണ് ഡിജിറ്റലിനെ കൂട്ടുപിടിച്ചത്,'' ജോജു പറയുന്നു.

2021ല്‍ കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ഒരു ലിസ്റ്റഡ് കമ്പനിയെ ഏറ്റെടുത്താണ് ജോജു ജെഎംജെ ഫിന്‍ടെക് എന്ന് പുനര്‍നാമകരണം നടത്തിയത്. അന്ന് ആ കമ്പനിയുടെ സഞ്ചിത നഷ്ടം 1.84 കോടി രൂപയായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ പ്രിഫറന്‍ഷ്യല്‍ ഓഹരി വില്‍പനയിലൂടെ ഒരു കോടി രൂപ കമ്പനി സമാഹരിച്ചു. ഡിജിറ്റല്‍ ലെന്‍ഡിങ്ങിന് കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ ചട്ടക്കൂട് കൊണ്ടുവന്നതോടെ ജെഎംജെ ഫിന്‍ടെക് അക്ഷരാര്‍ഥത്തില്‍ സാമ്പത്തിക സേവന രംഗത്തെ ടെക്‌നോളജി അധിഷ്ഠിത കമ്പനികളുടെ നിരയിലേക്ക് കടന്നുചെന്നു.

''ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയാണ് ജെഎംജെ ഫിന്‍ടെക്. ഡിജിറ്റല്‍ ലെന്‍ഡിങ് രംഗത്ത് ഒട്ടേറെ വ്യാജന്മാര്‍ ഉണ്ടായിരുന്നു. പലവിധ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ മാനദണ്ഡങ്ങളും നിയമസംവിധാനങ്ങളും കൊണ്ടുവന്നതോടെ ഞങ്ങള്‍ക്ക് അതിലേക്ക് കടന്നുവരാനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു,'' ജോജു വിശദീകരിക്കുന്നു.

പ്രൊഫഷണലുകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കി, വലിയ ലക്ഷ്യങ്ങളിലേക്ക് കമ്പനിയെ നയിക്കുന്ന ശൈലിയാണ് ജോജുവിന്റേത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ അവകാശ ഓഹരി വില്‍പനക്ക് കമ്പനി ഒരുങ്ങിയതും ഈ പ്രൊഫഷണല്‍ ചട്ടക്കൂട് ഉള്ളതുകൊണ്ടാണ്. ''ചെയ്ത് പരിചയമില്ലെങ്കില്‍ കൂടിയും കാര്യങ്ങള്‍ പഠിച്ച് ചെയ്യാന്‍ പറ്റുന്ന കരുത്തുള്ള സംവിധാനം ഇവിടെയുണ്ട്. ടീമിന് ധൈര്യം നല്‍കി, കൂടെ നിന്നാല്‍ അത്ഭുതങ്ങള്‍ സംഭവിക്കും. ഞങ്ങള്‍ 26 കോടി രൂപയാണ് അവകാശ ഓഹരി വില്‍പനയിലൂടെ ലക്ഷ്യമിട്ടത്. 150 ശതമാനത്തിലധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. ലക്ഷ്യമിട്ട തുകയും സമാഹരിക്കാന്‍ സാധിച്ചു. ഓഹരി ഉടമകള്‍ക്ക് ഡിവിഡന്റും നല്‍കി.'' ജോജു പറയുന്നു.

നൂതന ടെക്നോളജിയുടെ പിന്‍ബലം

കമ്പനിയുടെ പ്രമോട്ടര്‍മാരായ ജോജുവിന്റെയും കുടുംബാംഗങ്ങളുടെയും കൈവശം 24 ശതമാനത്തോളം ഓഹരികളാണ് ഇന്നുള്ളത്. ''ചെറുകിട നിക്ഷേപകര്‍ കമ്പനിയില്‍ വിശ്വാസം പുലര്‍ത്തി ഓഹരികള്‍ വാങ്ങാന്‍ മുന്നോട്ട് വന്നതിന് പിന്നിലെ കാരണം കമ്പനിയിലുള്ള വിശ്വാസമാകാം. പലരും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുമുണ്ട്,'' ജോജു വ്യക്തമാക്കുന്നു. 8,000ലേറെ ഓഹരിയുടമകളാണ് കമ്പനിക്കുള്ളത്. 3.84 കോടി ഓഹരികള്‍ വിപണിയിലുണ്ട്. 37.27 കോടി രൂപയാണ് കമ്പനിയുടെ അടച്ചുതീര്‍ത്ത മൂലധനം. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലോണ്‍ സൈസ് 42 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അത് 60 കോടി രൂപയിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ലോണ്‍ സൈസ് 120-150 കോടി രൂപയാകുമെന്ന പ്രതീക്ഷയും അധികൃതര്‍ പങ്കുവെക്കുന്നു.

അവകാശ ഓഹരി വഴി സമാഹരിച്ച തുക വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വിനിയോഗിച്ച് തുടങ്ങും. ''സാമ്പത്തിക സേവന രംഗത്തുള്ള കമ്പനിയെന്ന നിലയില്‍ ഞങ്ങളുടെ റോ മെറ്റീരിയല്‍ പണമാണ്. ആ പണം പരമാവധി ബിസിനസിന് തന്നെ വിനിയോഗിക്കുകയെന്നതാണ് ശൈലി. പൊതുസമൂഹം വിശ്വസിച്ച് ഏല്‍പിച്ച പണത്തിന്റെ കാര്യസ്ഥര്‍ മാത്രമാണ് ഞങ്ങള്‍,'' പ്രവര്‍ത്തനങ്ങളില്‍ പുലര്‍ത്തുന്ന ഈ സൂക്ഷ്മതയും വിശ്വാസ്യതയും സുതാര്യതയും പ്രൊഫഷണല്‍ മികവുമാണ് ജെഎംജെ ഫിന്‍ടെക്കിനെ വ്യത്യസ്തമാക്കുന്നത്.

സ്വര്‍ണ വായ്പ, പേഴ്‌സണല്‍ ലോണ്‍, കോര്‍പറേറ്റ് ലോണ്‍, ബിസിനസ് ലോണ്‍, ടേം ലോണ്‍ എന്നിവയെല്ലാം ജെഎംജെ ഫിന്‍ടെക് നല്‍കുന്നുണ്ട്. ഡിജിറ്റല്‍ സംവിധാനങ്ങള്‍ അടിസ്ഥാനമാക്കിയാണ് കമ്പനിയുടെ വിപുലീകരണ ലക്ഷ്യങ്ങള്‍. കമ്പനിയുടെ കോര്‍പറേറ്റ് മന്ദിര നിര്‍മാണത്തിനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്.

ഇന്ത്യന്‍ ആര്‍മിയില്‍ രണ്ട് പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ച ടെക്‌നോക്രാറ്റായ ലെഫ്. കേണല്‍ വേലായുധന്‍ പിള്ള ഹരികുമാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റും പ്രമുഖ പൊതുമേഖല ബാങ്കുകള്‍, സ്വകാര്യ കമ്പനികള്‍ എന്നിവയുടെ ഓഡിറ്ററും മാനേജ്‌മെന്റ് അധ്യാപകനുമൊക്കെയായ ശിവദാസ് ചേറ്റൂര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റും സിസ്റ്റംസ് ഓഡിറ്റ്, ഫോറന്‍സിക് അക്കൗണ്ടിങ്, ഫ്രോഡ് പ്രിവന്‍ഷന്‍ എന്നിവയില്‍ ഐസിഎഐ ഡിപ്ലോമയുമുള്ള ജൂലി ജി വര്‍ഗീസ് എന്നിവരാണ് കമ്പനിയുടെ സ്വതന്ത്ര ഡയറക്റ്റര്‍മാര്‍.''കരുത്തുറ്റ അടിത്തറ ജെഎംജെ ഫിന്‍ടെക് സജ്ജമാക്കിക്കഴിഞ്ഞു. ഇനി ടേക്ക്ഓഫിന്റെ സമയമാണ്''ജോജു പറയുന്നു.

മണി ബ്രോ: സാമ്പത്തിക ആവശ്യത്തിനായി 'ചങ്ക് ബ്രോ'

പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് സമീപിക്കാനൊരു വിശ്വസ്തന്‍. അതും നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍. അതാണ് മണി ബ്രോ. 50,000 രൂപ വരെയുള്ള ഈടില്ലാത്ത വായ്പകളാണ് പ്രധാനമായും മണി ബ്രോയിലൂടെ ലഭ്യമാവുക. ''സാധാരണക്കാരെയാണ് ഞങ്ങള്‍ കൂടുതലും ലക്ഷ്യമിടുന്നത്. അത്യാവശ്യത്തിനായി പണത്തിന് ഓടി നടക്കുന്നവരും അവരാണല്ലോ? ഇവരുടെ തിരിച്ചടവ് ശേഷി, സാമ്പത്തിക ക്രയവിക്രയത്തിന്റെ പശ്ചാത്തലം എന്നിവയെല്ലാം മനസിലാക്കാനുള്ള എഐ ടൂളുകളും ഡാറ്റ വിശകലന സംവിധാനങ്ങളുമുണ്ട്.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ആര്‍ക്കും എളുപ്പത്തില്‍ വായ്പ എടുക്കാം, തിരിച്ചടക്കാം,'' ജോജു പറയുന്നു. സുസജ്ജമായ സൈബര്‍ സെക്യൂരിറ്റി സംവിധാനങ്ങളുമുണ്ട്. ജെഎംജെ ഫിന്‍ടെക്കിന്റെ അടുത്തഘട്ട വളര്‍ച്ചയുടെ മുഖ്യഘടകമാകും മണി ബ്രോ ആപ്പെന്ന് കമ്പനി സാരഥികള്‍ വ്യക്തമാക്കുന്നു. അടുത്തിടെ തൃശൂരില്‍ നടന്ന ചടങ്ങില്‍ മണി ബ്രോ ആപ്പിന്റെ ഔപചാരിക ലോഞ്ചിങ്ങും നടന്നു.

മൂല്യങ്ങളാണ് അടിസ്ഥാനം

'കയ്യിലുള്ള പണമെല്ലാം നമ്മുടേതല്ല. ജനങ്ങള്‍ വിശ്വസിച്ചേല്‍ പിച്ച പണത്തിന്റെ തല്‍ക്കാലത്തേക്കുള്ള കാര്യസ്ഥര്‍ മാത്രം'' തനിക്ക് എന്നും വഴികാട്ടിയായുള്ളത് പിതാവിന്റെ ഈ വാക്കുകളാണെന്ന് പറയും ജോജു എം.ജെ. പിതാവ് ജോണി എം.എല്‍ തൃശൂരില്‍ 1970കള്‍ മുതല്‍ ചിട്ടി കമ്പനി രംഗത്തുണ്ട്. പിതാവ് പഠിപ്പിച്ച പാഠങ്ങളും പറഞ്ഞ വാക്കുകളുമാണ് തന്റെയും അടിസ്ഥാന മൂല്യങ്ങളെന്ന് ജോജു പറയുന്നു. ''ചില ബിസിനസുകളിലേക്ക് ഒരിക്കലും കടക്കരുത് എന്നദ്ദേഹം വിലക്കിയിട്ടുണ്ട്. സാഹചര്യം വന്നിട്ടുപോലും അതിലേക്ക് കടന്നിട്ടില്ല. ഇരുന്നിട്ടേ കാല് നീട്ടാവൂ എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ശ്രദ്ധിച്ചല്ലാതെ ഒരു ചുവടുവെപ്പും നടത്തിയിട്ടുമില്ല.'

യുകെയില്‍ നിന്ന് എംബിഎ ബിരുദമെടുത്ത മകന്‍ ജോയല്‍ എം.ജെയും ബംഗളൂരുവില്‍ ഡാറ്റ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന മകന്‍ ജോഷ്വ എം.ജെയും ബിസിനസില്‍ ജോജുവിന് പിന്തുണയേകി കൂടെയുണ്ട്. ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിനിയാണ് മകള്‍ ജോവന്ന എം.ജെ. 'പരമ്പരാഗതമായി സാമ്പത്തിക സേവന രംഗത്തുള്ളവരാണ് ഞങ്ങള്‍. തലമുറകള്‍ കഴിഞ്ഞാലും ഈ രംഗത്തുണ്ടാകണമെന്നാണ് ആഗ്രഹം. ഈ യാത്രയില്‍ ഒരിക്കല്‍ പോലും ജനങ്ങളുടെ വിശ്വാസം തകര്‍ക്കരുതെന്ന ലക്ഷ്യമുണ്ട്. അതുകൊണ്ടാണ് ലിസ്റ്റഡ് കമ്പനിയായതും പ്രൊഫഷണല്‍ സംവിധാനം ഒരുക്കിയതും,'' ജോജു പറയുന്നു. ജോജുവിന്റെ മാതാവ് അല്‍ഫോന്‍സയും ഭാര്യ ഷൈനി ജോജുവും സംരംഭങ്ങള്‍ക്ക് പിന്തുണയേകി പിന്നണിയിലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT