രാജ്യത്തെ സഹകരണ മേഖലയില്‍ കരുത്തോടെ തലയുയര്‍ത്തിപ്പിടിച്ച് കേരള ബാങ്ക്. സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് രൂപംകൊണ്ട കേരള സംസ്ഥാന സഹകരണ ബാങ്ക് എന്ന കേരള ബാങ്ക് വിശ്വാസം, ജനസേവനം, പങ്കാളിത്തം എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാനത്തിന്റെ സമഗ്ര സാമ്പത്തിക പുരോഗതിക്ക് ഊര്‍ജം പകരുകയാണ്.
സംസ്ഥാനത്തെ മികച്ച സഹകാരിയും മുന്‍ എംഎല്‍എയുമായ ഗോപി കോട്ടമുറിക്കലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കേരള ബാങ്കിനെ നയിക്കുന്നത്. വി. രവീന്ദ്രനാണ് ബോര്‍ഡ് ഓഫ് മാനേജ്മെന്റ് ചെയര്‍മാന്‍. ഐ.ഡി.ബി.ഐ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്റ്റര്‍ പദവിയില്‍ നിന്നും വിരമിച്ച ജോര്‍ട്ടി എം. ചാക്കോയാണ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍.
രാജ്യത്തെ സഹകരണ ബാങ്കിംഗ് മേഖല ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലായിരുന്നു കേരള ബാങ്കിന്റെ ഐടി സംയോജനം. 13 വ്യത്യസ്ത ബാങ്കുകളുടെ ഐടി സംവിധാനങ്ങളെയും അനുബന്ധ സേവനങ്ങളെയും തടസമില്ലാതെ ചേര്‍ത്തിണക്കിയ നടപടി ഇന്ന് രാജ്യമൊട്ടാകെയുള്ള സഹകരണ, സാമ്പത്തിക, ധനകാര്യ, ഐടി സ്ഥാപനങ്ങള്‍ ഉറ്റുനോക്കുന്ന കേസ് സ്റ്റഡിയാണ്. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകള്‍, അവയുടെ വ്യത്യസ്ത ബാങ്കിംഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ഒട്ടേറെ സങ്കീര്‍ണമായ കാര്യങ്ങള്‍ ഏകീകരിച്ച് ഐടി സംയോജനം നടപ്പാക്കുകയും ബാങ്കിലെ വിവിധ തലങ്ങളിലുള്ള ജീവനക്കാര്‍ക്ക് അവരവരുടെ ജോലികള്‍ക്ക് അനുസരിച്ച് മതിയായ പരിശീലനം നല്‍കിയും കേരള ബാങ്ക് ഡിജിറ്റലൈസേഷന്‍ സാധ്യമാക്കുകയായിരുന്നു. 2023 മുതല്‍ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്‍, യുപിഐ, എടിഎം കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ കൂടി ബാങ്ക് ലഭ്യമാക്കിത്തുടങ്ങി.
കേരള ബാങ്കിന്റെ ഐടി സംയോജനം, ഡിജിറ്റലൈസേഷന്‍ എന്നിവ സംബന്ധിച്ച ഒരു കേസ് സ്റ്റഡി കേരള ബാങ്കും ഇന്‍ഫോസിസും ചേര്‍ന്ന് തയാറാക്കിയിരുന്നു. സെപ്റ്റംബര്‍ 27ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വെച്ച് നടന്ന ഐടി കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് പ്രകാശിപ്പിച്ചത്. കൂടാതെ വിവരസാങ്കേതിക വിദ്യാ രംഗത്തെ നൂതനമായ മാറ്റങ്ങള്‍, എഐയുടെ സാധ്യതകള്‍, അതിനോടുള്ള സമീപന രീതികള്‍ എന്നിവയെല്ലാം കോണ്‍ഫറന്‍സില്‍ ആഴത്തിലുള്ള ചര്‍ച്ചയായി.
കൂടാതെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന് കേരള ബാങ്കിന്റെ എറണാകുളം ഓഫീസില്‍ ഒരു ഇന്നൊവേഷന്‍ ഹബ്ബും ആരംഭിച്ചിട്ടുണ്ട്. ഫിന്‍ടെക്ക് രംഗത്ത് നൂതന ആശയങ്ങളും സംരംഭങ്ങളും കൊണ്ടുവരാന്‍ ഈ ഹബ്ബ് സഹായകമാകും. സ്റ്റാര്‍ട്ടപ്പുകളുടെ സേവനം ഉപയോഗിച്ചു കൊണ്ട് കേരള ബാങ്കിന്റെ രണ്ടാംഘട്ട ഡിജിറ്റലൈസേഷന്‍ പ്രാവര്‍ത്തികമാക്കാനും പദ്ധതിയുണ്ട്.
വ്യക്തിഗത ഇടപാടുകാരെയും ബിസിനസുകാരെയുംഒരുപോലെ തൃപ്തിപ്പെടുത്തുന്ന സാങ്കേതിക വിദ്യകള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് 77 ലക്ഷം ഉപയോക്താക്കളും 1.21 ലക്ഷം കോടി രൂപയുടെ ബിസിനസുമുള്ള കേരള ബാങ്കിന്റെ മുന്നേറ്റം. ബാങ്കിന്റെ 823 ശാഖകള്‍, 14 ജില്ലാതല ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുകള്‍, ഏഴ് റീജ്യണല്‍ ഓഫീസുകള്‍, കോര്‍പ്പറേറ്റ് ബിസിനസ് ഓഫീസ്, കമാന്‍ഡ് സെന്റര്‍, ഡാറ്റ സെന്റര്‍, ഡിസാസ്റ്റര്‍ റിക്കവറി സെന്റര്‍ എന്നിവയെയെല്ലാം സോഫ്റ്റ്വെയര്‍ ഡിഫൈന്‍ഡ് വൈഡ് ഏരിയ നെറ്റ്വര്‍ക്ക് (SDWAN) സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നു. തത്സമയ നിരീക്ഷണത്തിനും റിസോഴ്‌സ് അലോക്കേഷനുകള്‍ സുഗമമാക്കുന്നതിനും ഇത് സഹായിക്കുന്നു.
കോര്‍ബാങ്കിംഗ് സംവിധാനത്തിന് കീഴില്‍ ട്രഷറി, ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ഡിജിറ്റല്‍ ഡോക്യുമെന്റ് ഫയലിംഗ് സിസ്റ്റം, ജിഎസ്ടി, അസറ്റ് ലയബിലിറ്റി മാനേജ്‌മെന്റ് തുടങ്ങിയ 18 വ്യത്യസ്ത സോഫ്‌റ്റ്വെയറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
നാഷണല്‍ ഓട്ടോമാറ്റഡ് ക്ലിയറിംഗ് സിസ്റ്റം, പിഎഫ്എംഎസ്, ഡിബിടി എന്നീ സംവിധാനങ്ങളിലൂടെ ഏകദേശം 3,000 കോടി രൂപയോളം ഇടപാടുകാരിലേക്കെത്തിച്ചു കഴിഞ്ഞു. കേരള ബാങ്ക് രൂപീകരണത്തിന് ശേഷമുള്ള കാലയളവില്‍ ആര്‍ടിജിഎസ്/നെഫ്റ്റ് സംവിധാനം വഴി മൂന്ന് ലക്ഷം കോടിയോളം രൂപയുടെ വിനിമയമാണ് നടന്നിട്ടുള്ളത്.
യുപിഐ, ഐഎംപിഎസ് സംവിധാനങ്ങളിലൂടെ മാത്രം 17,000 കോടി രൂപയുടെ ഇടപാടുകളും നടന്നു. ചെറുകിട, കോര്‍പ്പറേറ്റ് ഉപയോക്താക്കള്‍ക്കായി പ്രത്യേക മൊബൈല്‍ബാങ്കിംഗ് ആപ്ലിക്കേഷന്‍ കൂടാതെ പ്രൈമറി സഹകരണ സംഘങ്ങള്‍ക്കായി 'കോബാങ്ക്' സ്വയം സഹായ സംഘങ്ങള്‍ക്കായി 'മണി പേഴ്‌സ്' എന്നീ ആപ്ലിക്കേഷനുകളും ബാങ്ക് ഒരുക്കിയിട്ടുണ്ട്. ഇ-കെവൈസി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ അക്കൗണ്ട് ഓപ്പണിംഗ്, സികെവൈസി സംവിധാനം, ഏജന്‍സി ബാങ്കിംഗ് എന്നിവയും ബാങ്കിന്റെ ആകര്‍ഷണങ്ങളാണ്. മുന്‍ ജില്ലാ ബാങ്കുകളുടെ എടിഎം സംവിധാനം പരിഷ്‌കരിച്ച് 500 എടിഎം/സിഡിഎമ്മുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine