നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ (ജൂലൈ - സെപ്റ്റംബര്‍ 2026) മികച്ച ബിസിനസ് വളര്‍ച്ച നേടി കേരളത്തില്‍ നിന്നുള്ള പ്രമുഖ സ്വകാര്യ ബാങ്കുകള്‍. സി.എസ്.ബി ബാങ്ക് (CSB Bank), ധനലക്ഷ്മി ബാങ്ക് (Dhanlaxmi Bank), സൗത്ത് ഇന്ത്യന്‍ ബാങ്ക് (South Indian Bank) എന്നിവ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച ബിസിനസ് പ്രൊവിഷണല്‍ കണക്കുകളിലാണ് മൊത്തം ഡിപ്പോസിറ്റുകളിലും വായ്പകളിലും മികച്ച വര്‍ധന രേഖപ്പെടുത്തിയത്.
സ്വര്‍ണ വായ്പാ രംഗത്ത് സി.എസ്.ബി ബാങ്കും ധനലക്ഷ്മി ബാങ്കും വന്‍ കുതിച്ചുചാട്ടമാണ് നടത്തിയത്.
തൃശൂര്‍ ആസ്ഥാനമായ സി.എസ്.ബി ബാങ്കിന്റെ മൊത്തം വായ്പകള്‍ (Gross Advances) മുന്‍വര്‍ഷത്തെ സമാന പാദത്തിലെ 34,712 കോടി രൂപയില്‍ നിന്ന് 22 ശതമാനം വര്‍ധിച്ച് 42,373 കോടി രൂപയിലെത്തി. തൊട്ടുതലേ പാദമായ 2026 ജൂണ്‍ പാദത്തിലെ 40,867 കോടി രൂപ അപേക്ഷിച്ച് (Quarter-on-Quarter) വായ്പകളില്‍ 3.68 ശതമാനം വര്‍ധനയുണ്ട്.
മൊത്തം ഡിപ്പോസിറ്റുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ (YoY) 18 ശതമാനം വര്‍ധിച്ച് 46,889 കോടി രൂപയായി. മുന്‍ പാദത്തിലെ 45,415 കോടി രൂപയില്‍ നിന്ന് (QoQ) 3.25 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. രണ്ടാം പാദത്തില്‍ കാസ(കറന്റ് ആക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട്) ഡിപ്പോസിറ്റുകള്‍ 8,889 കോടി രൂപയായി. ജൂണ്‍ പാദത്തിലെ 8,815 കോടി രൂപയില്‍ നിന്ന് നേരിയ വര്‍ധന രേഖപ്പെടുത്തി.
ബാങ്കിന്റെ സ്വര്‍ണ വായ്പാ പോര്‍ട്ട്‌ഫോളിയോ 22,301 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ വാര്‍ഷിക വളര്‍ച്ച 36 ശതമാനമാണ്. ജൂണ്‍ പാദത്തിലെ 21,906 കോടി രൂപയില്‍ നിന്ന് പാദാടിസ്ഥാനത്തില്‍ 1.8 ശതമാനം വര്‍ധന രേഖപ്പെടുത്തി.
പാദാടിസ്ഥാനത്തിലുള്ള ബിസിനസ് വിവരങ്ങള്‍ ധനലക്ഷ്മി ബാങ്ക് ലഭ്യമാക്കിയിട്ടില്ല, ആറുമസത്തെ കണക്കുകളാണ് കൈമാറിയിട്ടുള്ളത്. ഇക്കാലയളവില്‍, ബാങ്കിന്റെ മൊത്തം ബിസിനസ് മുന്‍വര്‍ഷത്തെ 30,146 കോടി രൂപയില്‍ നിന്ന് 21.08 ശതമാനം വര്‍ധിച്ച് 36,500 കോടി രൂപയിലെത്തി.
ബാങ്കിന്റെ മൊത്തം വായ്പകള്‍ 22.29 ശതമാനം വര്‍ധിച്ച് 15,948 കോടി രൂപയായി. മൊത്തം ഡിപ്പോസിറ്റുകള്‍ 20.15 ശതമാനം വര്‍ധനയോടെ 20,552 കോടി രൂപയിലെത്തി.
സ്വര്‍ണ വായ്പ മേഖലയില്‍ ബാങ്ക് 53.43 ശതമാനത്തിന്റെ അതിവേഗ വളര്‍ച്ച കൈവരിച്ച് 6,823 കോടി രൂപ നേടി. എം.എസ്.എം.ഇ വായ്പകള്‍ 35.90 ശതമാനം വര്‍ധിച്ച് 2,544 കോടി രൂപയായി.
കാസ ഡിപ്പോസിറ്റുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 16.83 ശതമാനം വര്‍ധിച്ച് 5,769 കോടി രൂപ രേഖപ്പെടുത്തി.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൊത്തം ഡിപ്പോസിറ്റുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 18.70 ശതമാനം വര്‍ധിച്ച് 1,37,258 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,15,635 കോടി രൂപയായിരുന്നു.ബാങ്കിന്റെ മൊത്തം വായ്പകള്‍ 18.67 ശതമാനം വാര്‍ഷിക വര്‍ധനയോടെ 1,09,519 കോടി രൂപയായി ഉയര്‍ന്നു. 2026 ജൂണ്‍ പാദത്തിലെ (Q1 FY27) 1,04,368 കോടി രൂപയില്‍ നിന്ന് പാദാടിസ്ഥാനത്തില്‍ (QoQ) 4.93 ശതമാനത്തിന്റെ വര്‍ധനയുണ്ട്. കാസ ഡിപ്പോസിറ്റുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 17.56 ശതമാനം വര്‍ധിച്ച് 43,310 കോടി രൂപയായി. എന്നാല്‍ ബാങ്കിന്റെ കാസ അനുപാതം (CASA Ratio) മുന്‍വര്‍ഷത്തെ 31.86 ശതമാനത്തില്‍ നിന്നും 2026 മാര്‍ച്ച് പാദത്തിലെ 32.12 ശതമാനത്തില്‍ നിന്നും 31.55 ശതമാനമായി നേരിയ തോതില്‍ കുറഞ്ഞു.
CSB Bank, Dhanlaxmi Bank, and South Indian Bank post double-digit growth in advances and deposits for the quarter ended September 30, 2026.
Read DhanamOnline in English
Subscribe to Dhanam Magazine