ബാങ്ക് വായ്പയെടുത്ത് തിരിച്ചടക്കാതെ വരുമ്പോള്‍ അകൗണ്ട് ഉടമയുടെ സിബില്‍ സ്‌കോര്‍ താഴുന്നത് സാധാരണം. എന്നാല്‍ സര്‍ക്കാര്‍ നല്‍കേണ്ട പണം വായ്പയാക്കി മാറ്റി, അത് സര്‍ക്കാര്‍ യഥാസമയം തിരിച്ചടക്കാത്തതിന്റെ പേരില്‍ സിബില്‍ സ്‌കോര്‍ താഴോട്ട് പോയാലോ? കേരളത്തിലെ ചില നെല്‍കര്‍ഷകരുടെ ഇപ്പോഴത്തെ അവസ്ഥയാണിത്. അധ്വാനിച്ചുണ്ടാക്കുന്ന നെല്ല് സിവില്‍ സപ്ലെസ് കോര്‍പ്പറേഷന്‍ ഏറ്റെടുത്ത് അതിനുള്ള പണം വായ്പയായി അനുവദിക്കുന്നതിലൂടെ കേരളത്തിലെ നെല്‍ കര്‍ഷകര്‍ വഞ്ചിക്കപ്പെടുന്നു. താന്‍ പോലുമറിയാതെ വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ സിബില്‍ സ്‌കോര്‍ നഷ്ടമായ നിരവധി കര്‍ഷകരാണ് കേരളത്തിലുള്ളത്. സ്വന്തം ആവശ്യത്തിന് വായ്പയെടുക്കുന്നതിനോ വാഹന ലോണിനോ ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുമ്പോള്‍ മാത്രമാണ് അവര്‍ സിബില്‍ സ്‌കോര്‍ ഇല്ലെന്ന് അറിയുന്നത്. അവരില്‍ പലരും മുമ്പ് വായ്പകളെടുക്കാത്തവരാണ്.
കര്‍ഷകരില്‍ നിന്ന് താങ്ങുവില നല്‍കി സംസ്ഥാന സിവില്‍ സര്‍വീസ് കോര്‍പ്പറേഷന്‍ നെല്ല് വാങ്ങുന്നതാണ് പതിവ്. പണം കര്‍ഷകകരുടെ ബാങ്ക് അകൗണ്ടിലേക്ക് നല്‍കണം. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാതെ വരുമ്പോള്‍ സര്‍ക്കാര്‍ ബാങ്കുകളുമായി ധാരണയിലെത്തുകയാണ് പതിവ്. സര്‍ക്കാര്‍ നല്‍കേണ്ട പണം ബാങ്ക്, കര്‍ഷകര്‍ക്ക് വായ്പയായി അനുവദിക്കും. എന്നാല്‍ ഇത് വായ്പയാണെന്ന് അധിക കര്‍ഷകര്‍ക്കും അറിയില്ല. താന്‍ നല്‍കിയ നെല്ലിനുള്ള പണമായാണ് കര്‍ഷകര്‍ കണക്കാക്കുന്നത്. ബാങ്ക് നല്‍കുന്ന രേഖകളില്‍ ഒപ്പിട്ടു നല്‍കുമ്പോള്‍ അത് വായ്പാ കരാറാണെന്ന് പലരും തിരിച്ചറിയാറില്ല. വായ്പയുടെ പലിശ ബാങ്കിന് സര്‍ക്കാര്‍ നല്‍കും. ഒരു വര്‍ഷത്തെ കാലാവധിയുള്ള വായ്പ സര്‍ക്കാര്‍ യഥാസമയം അടച്ചു തീര്‍ക്കാതെ വരുമ്പോഴാണ് കര്‍ഷകര്‍ കുടുങ്ങുന്നത്. പലപ്പോഴും ഒരു വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ പണം നല്‍കുന്നത്. അതുവരെ കര്‍ഷകന്റെ പേരിലുള്ള വായ്പ കുടിശിഖയായി കിടക്കും. ചില കര്‍ഷകര്‍ക്ക് ബാങ്കുകള്‍ നോട്ടീസ് അയക്കുമെങ്കിലും പണം സര്‍ക്കാര്‍ നല്‍കുമെന്ന ഉറപ്പാണ് അവര്‍ക്ക് ലഭിക്കുന്നത്. കര്‍ഷകന് സാമ്പത്തിക ബാധ്യതകള്‍ വരുന്നില്ലെങ്കിലും വായ്പാ തിരിച്ചടവ് മുടങ്ങുന്നതിന്റെ പേരില്‍ സിബില്‍ സ്‌കോര്‍ താഴുന്നു.
പാലക്കാട് ജില്ലയിലെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമില്‍ കര്‍ഷകന്‍ എത്തിയത് തവണ വ്യവസ്ഥയില്‍ സ്‌കൂട്ടര്‍ വാങ്ങാനാണ്. സിബില്‍ സ്‌കോര്‍ പരിശോധിച്ചപ്പോള്‍ വളരെ കുറവ്. 1.8 ലക്ഷം രൂപയുടെ ബാങ്ക് വായ്പ സമയത്ത് തിരിച്ചടക്കാത്തതാണ് പ്രശ്‌നമെന്ന് ഷോറൂമിലെ ഫിനാന്‍സ് കമ്പനി പ്രതിനിധി വ്യക്തമാക്കി. താന്‍ വായ്പയൊന്നും എടുത്തിട്ടില്ലെന്നായി കര്‍ഷകന്‍. തുടര്‍ന്ന് ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ്, കഴിഞ്ഞ വര്‍ഷം നെല്ലിന്റെ വിലയായ 1.8 ലക്ഷം രൂപ വാങ്ങിയത് വായ്പയായാണെന്നും സര്‍ക്കാരില്‍ നിന്ന് ബാങ്കിന് പണം ലഭിക്കാന്‍ വൈകിയെന്നും അറിയുന്നത്.
പൊതു വിപണിയേക്കാള്‍ കിലോക്ക് അഞ്ച് രൂപ വരെ കൂടുതല്‍ കിട്ടുന്നതിനാലാണ് കര്‍ഷകര്‍, നെല്ല് സപ്ലൈകോക്ക് നല്‍കുന്നത്. കിലോക്ക് 28.30 രൂപയാണ് സപ്ലെകോ നല്‍കുന്ന താങ്ങുവില. സപ്ലൈകോ നിശ്ചിക്കുന്ന റൈസ് മില്ലുകളാണ് കര്‍ഷകരില്‍ നിന്ന് വയലില്‍ നിന്ന് നെല്ല് സംഭരിക്കുന്നത്. നെല്ല് സംഭരണത്തിന് വാര്‍ഷിക ബജറ്റില്‍ ഉള്‍പ്പടെ സര്‍ക്കാര്‍ ഫണ്ട് വകയിരുത്താറുണ്ട്. എന്നാല്‍ സംഭരണ സമയത്ത് പണമില്ലാതെ വരുമ്പോഴാണ് കര്‍ഷകരുടെ പേരില്‍ വായ്പ നല്‍കാന്‍ ബാങ്കുകളോട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine