Banking, Finance & Insurance

കേരള ഗ്രാമീണ ബാങ്കിന് ലാഭത്തില്‍ സര്‍വകാല റെക്കോര്‍ഡ്, അഭിനന്ദിച്ച് നബാര്‍ഡ്

ഗ്രാമ-നഗര മേഖലകളിലെ മികച്ച സാന്നിധ്യവും സാമ്പത്തിക ഉൾച്ചേർക്കൽ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും കേരള ​ഗ്രാമീണ ബാങ്കിന്റെ വളർച്ചയ്ക്ക് കരുത്തേകിയതെന്ന് നബാർഡ് ചൂണ്ടിക്കാട്ടി.

Dhanam News Desk

പ്രമുഖ റീജ്യണൽ റൂറൽ ബാങ്കായ കേരള ഗ്രാമീണ ബാങ്ക് (കെ.ജി.ബി), 2025–26 സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് കൈവരിച്ച ശ്രദ്ധേയമായ വളർച്ചയേയും സാമ്പത്തിക സേവന മേഖലയിൽ കാഴ്ചവെച്ച പ്രവർത്തനങ്ങളെയും അഭിനന്ദിച്ച് നബാർഡ് (NABARD). കഴിഞ്ഞ ദിവസം മലപ്പുറത്തെ ബാങ്ക് ആസ്ഥാനത്ത് ചേർന്ന വാർഷിക അവലോകന യോഗത്തിലായിരുന്നു നബാർഡ് ചീഫ് ജനറൽ മാനേജർ ആയ നാഗേഷ് കുമാർ അനുമല, കേരള ഗ്രാമീണ ബാങ്കിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ചത്.

മികച്ച പ്രവർത്തനഫലം

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കെ.ജി.ബി കൈവരിച്ച 20 ശതമാനം ബിസിനസ് വളർച്ച, അവലോകന യോഗത്തിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. ഗ്രാമ — നഗര മേഖലകളിലെ മികച്ച സാന്നിധ്യവും സാമ്പത്തിക ഉൾച്ചേർക്കൽ (Financial Inclusion) ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും കേരള ​ഗ്രാമീണ ബാങ്കിന്റെ വളർച്ചയ്ക്ക് കരുത്തേകിയതെന്ന് നബാർഡ് ചൂണ്ടിക്കാട്ടി.

ഭവനവായ്പകൾ ഉൾപ്പെടെയുള്ള റീട്ടെയിൽ വിഭാഗത്തിൽ ബാങ്ക് മികച്ച മുന്നേറ്റം നടത്തി. സംസ്ഥാനത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ) വികസനത്തിന് കേരള ​ഗ്രാമീണ ബാങ്ക് നൽകുന്ന സംഭാവനകൾ നിർണ്ണായകമാണെന്ന് നബാർഡ് വിലയിരുത്തി. അതുപോലെ ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അറ്റാദായമാണ് (Net Profit) 2025-26 സാമ്പത്തിക വർഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് കേരള ​ഗ്രാമീണ ബാങ്കിന്റെ കാര്യക്ഷമമായ ബിസിനസ് തന്ത്രങ്ങളുടെ പ്രതിഫലനമായി വിലയിരുത്തപ്പെടുന്നു.

ഭാവി പദ്ധതികൾ

നബാർഡിന്റെ മാർ​ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി വേഗത്തിലുള്ളതും സുസ്ഥിരവുമായ വളർച്ച ഉറപ്പാക്കാൻ കേരള ​ഗ്രാമീണ ബാങ്ക് പ്രതിജ്ഞാബദ്ധരാണെന്ന് ചെയർപേഴ്സൺ വിമല വിജയഭാസ്കർ പറഞ്ഞു. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും വരും വർഷങ്ങളിൽ മുൻഗണന നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

നബാർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ രാജേഷ് എസ്. എരിമ്മലും അവലോകന യോഗത്തിൽ പങ്കെടുത്തു. ചടങ്ങിൽ ജനറൽ മാനേജർ ഹർക്കേശ്വർ പ്രസാദ് സ്വാഗതവും രാഗേഷ് ടി.വി. കൃതജ്ഞതയും രേഖപ്പെടുത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT