സംസ്ഥാനത്തെ ബാങ്കിങ്, ധനകാര്യ മേഖലയിൽ വേറിട്ട ചുവടുവെപ്പുമായി കേരള ഗ്രാമീണ ബാങ്ക് (KGB). ഗ്രാമ-നഗര വ്യത്യാസങ്ങളില്ലാതെ ശക്തമായ പ്രാദേശിക സാന്നിധ്യവും ആധുനിക ഡിജിറ്റൽ ബാങ്കിങ് സൗകര്യങ്ങളും ഉപഭോക്തൃ സൗഹൃദ ഉൽപ്പന്നങ്ങളുമാണ് ബാങ്കിനെ മുൻനിരയിലേക്ക് എത്തിക്കുന്നത്. ശമ്പളക്കാർക്കാരായ ജീവനക്കാർക്കായി ഇൻഷുറൻസ് പരിരക്ഷയും വായ്പാ ആനുകൂല്യങ്ങളും അടങ്ങുന്ന പ്രത്യേക സാലറി അക്കൗണ്ടുകളും റീട്ടെയിൽ നിക്ഷേപകർക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന ആകർഷകമായ സ്ഥിരനിക്ഷേപ പദ്ധതികളുമാണ് (FD) കേരള ഗ്രാമീണ ബാങ്കിനെ വേറിട്ടുനിർത്തുന്നത്.
സാധാരണ സാലറി അക്കൗണ്ടിന് ഉപരിയായി അധിക സാമ്പത്തിക സുരക്ഷയും ബാങ്കിങ് ആനുകൂല്യങ്ങളും നൽകുന്നവയാണ് കേരള ഗ്രാമീണ ബാങ്കിന്റെ സാലറി എലൈറ്റ് (KGB Salary Elite), സാലറി പ്രീമിയം (KGB Salary Premium) അക്കൗണ്ടുകൾ. യോഗ്യരായ ഉപഭോക്താക്കൾക്ക് സാലറി എലൈറ്റ് അക്കൗണ്ടിലൂടെ 15 ലക്ഷം രൂപയുടെയും സാലറി പ്രീമിയം അക്കൗണ്ടിലൂടെ 10 ലക്ഷം രൂപയുടെയും സൗജന്യ വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നുണ്ട്.
ഇതിനുപുറമെ ഭവന, വാഹന വായ്പകളിൽ ആകർഷകമായ ഇളവുകൾ, മുൻഗണനാ വായ്പാ ആനുകൂല്യങ്ങൾ, ലോക്കർ വാടകയിൽ ഇളവ്, പ്രീമിയം റുപേ ഡെബിറ്റ് കാർഡ് തുടങ്ങിയ സൗകര്യങ്ങളും ഈ സാലറി അക്കൗണ്ടുകളുടെ സവിശേഷതകളാണ്. ശമ്പളവരുമാനക്കാർക്ക് ദൈനംദിന ബാങ്കിങ് ആവശ്യങ്ങൾക്കൊപ്പം സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സാധാരണക്കാരായ നിക്ഷേപകരെ ലക്ഷ്യമിട്ട് കേരള ഗ്രാമീണ ബാങ്ക് അവതരിപ്പിച്ച പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതിയാണ് 401 ദിവസത്തെ ടേം ഡിപ്പോസിറ്റ് (special 401-day term deposit). പ്രതിവർഷം 7.50 ശതമാനമെന്ന ആകർഷകമായ പലിശ നിരക്കാണ് ഈ സ്പെഷ്യൽ എഫ്.ഡിയിൽ കേരള ഗ്രാമീണ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. സുരക്ഷിതമായി നിക്ഷേപിച്ച് മികച്ച സ്ഥിര വരുമാനം നേടാനും സമ്പാദ്യം സ്വരുക്കൂട്ടാനും ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് പരിഗണിക്കാവുന്ന മികച്ച അവസരമാണിത്.
2013 ജൂലൈ 8-ന് സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും ലയിച്ചാണ് കേരള ഗ്രാമീണ ബാങ്ക് രൂപംകൊണ്ടത്. സംസ്ഥാനത്തെ ഏക റീജിയണൽ റൂറൽ ബാങ്കായ (RRB) കേരള ഗ്രാമീണ ബാങ്കിന്റെ മൊത്തം ബിസിനസ് 71,000 കോടി രൂപ പിന്നിട്ടിട്ടുണ്ട്. ഗ്രാമീണ മേഖലകൾക്കൊപ്പം നഗര, അർധനഗര മേഖലകളിലും കെജിബിക്ക് ശക്തമായ സാന്നിധ്യം അറിയിക്കാൻ സാധിച്ചിട്ടുണ്ട്.
കുടുംബശ്രീ, വനിതാ സ്വയംസഹായ സംഘങ്ങൾ എന്നിവയുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങളിലൂടെ സംരംഭകത്വത്തിനും സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വത്തിനും കേരള ഗ്രാമീണ ബാങ്ക് മികച്ച പിന്തുണ നൽകുന്നു. കൃഷി, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ (MSME), സാമ്പത്തിക സാക്ഷരത, ഇൻഷുറൻസ് ബോധവൽക്കരണം, പെൻഷൻ പദ്ധതികൾ എന്നിവയിലും ബാങ്കിന്റെ സജീവമായ ഇടപെടലുണ്ട്. സാമ്പത്തിക സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം പ്രാദേശിക സംരംഭങ്ങൾക്കും സമൂഹത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും കരുത്തുപകരുന്ന നിലപാടാണ് കേരള ഗ്രാമീണ ബാങ്കിന്റേത്.
Kerala Grameena Bank offers salary accounts with personal accident insurance and banking benefits, alongside a special 401-day fixed deposit carrying a stated interest rate of 7.50%.
Read DhanamOnline in English
Subscribe to Dhanam Magazine