പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ പ്രശ്‌നങ്ങള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കാന്‍ ഫെഡറല്‍ ബാങ്ക് മാനേജ്‌മെന്റിനോടും ഫെഡറല്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനോടും ഹൈക്കോടതി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെഡറല്‍ ബാങ്ക് അസോസിയേഷന്‍ ജൂണ്‍ 26ന് രാജ്യ വ്യാപകമായി പണിമുടക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരായ ഫെഡറല്‍ ബാങ്കിന്റെ പരാതിയില്‍ ലേബര്‍ കമ്മീഷണര്‍ അസോസിയേഷന് നോട്ടീസ് നല്‍കി. ഈ നോട്ടീസ് ചോദ്യം ചെയ്താണ് ഫെഡറല്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോടതിയെ സമീപിച്ചത്. കേന്ദ്ര ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരമാണ് ഓഫീസേഴ്‌സ് അസോസിയേഷനുവേണ്ടി ഹാജരായത്.
ലേബര്‍ കമ്മീഷണര്‍ക്ക് ഇതില്‍ ഇടപെടാന്‍ അധികാരമില്ലെന്നും സെഷന്‍ 2(S) പ്രകാരം ഹര്‍ജിക്കാര്‍ വര്‍ക്ക്‌മെന്‍ യൂണിയനില്‍ ഉള്‍പ്പെടുന്നില്ലെന്നും അഡ്വക്കേറ്റ് പി.ചിദംബരം കോടതിയെ അറിയിച്ചു. ഇരുകക്ഷികള്‍ക്കും സമ്മതനായ വിരമിച്ച സുപ്രീം കോടതി ജഡ്ജിയേയോ, ഹൈക്കോടതി ജഡ്ജിയേയോ മധ്യസ്ഥനാക്കി പ്രശ്‌നം പരിഹരിക്കാന്‍ കോടതി ഉത്തരവിട്ടു. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. കഴിഞ്ഞ മൂന്നു തവണയും അസോസിയേഷൻ സമരം പ്രഖ്യാപിച്ചപ്പോൾ ഫെഡറൽ ബാങ്ക് മാനേജ്‌മന്റ് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine