കേരളത്തിലെ വ്യവസായ സംരംഭങ്ങള്‍ക്ക് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (KFC) വഴി ലഭ്യമാക്കാവുന്ന സാമ്പത്തിക സഹായത്തിന്റെ ഉയര്‍ന്ന പരിധി 50 കോടിയില്‍ നിന്ന് 100 കോടിയായി ഉയര്‍ത്തി. സംസ്ഥാനത്ത് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (MSME) എണ്ണവും നിക്ഷേപവും വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് വായ്പാപരിധി ഇരട്ടിയാക്കാനുള്ള തീരുമാനം.
നിലവിലുണ്ടായിരുന്ന 50 കോടിയുടെ പരിധി വലിയ നിക്ഷേപം ആവശ്യമായ പല വ്യവസായ പദ്ധതികള്‍ക്കും അപര്യാപ്തമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പരിധി ഉയര്‍ത്തിയത്. പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നവര്‍ക്കും നിലവിലുള്ള യൂണിറ്റുകളുടെ ശേഷി വര്‍ധിപ്പിക്കാനും ആധുനികവത്കരണത്തിനും വൈവിധ്യവത്കരണത്തിനും പദ്ധതിയിടുന്നവര്‍ക്കും തീരുമാനം ഗുണകരമാകും.
പാലക്കാട് കഞ്ചിക്കോട് ഉള്‍പ്പെടെ വലിയ വ്യവസായ നിക്ഷേപങ്ങള്‍ നടക്കുന്ന മേഖലകളിലെ സംരംഭങ്ങള്‍ക്ക് പുതിയ തീരുമാനം ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. വലിയ പദ്ധതികളുടെ മൂലധന ആവശ്യകത ഉയര്‍ന്ന സാഹചര്യത്തില്‍ 50 കോടിയുടെ പരിധി പലപ്പോഴും പര്യാപ്തമായിരുന്നില്ല.
പരിധി 100 കോടിയാകുന്നതോടെ കൂടുതല്‍ മൂലധനം ആവശ്യമായ പദ്ധതികള്‍ക്കും കെഎഫ്‌സി വഴി സാമ്പത്തിക പിന്തുണ ലഭ്യമാക്കാനുള്ള സാഹചര്യം ഒരുങ്ങും. കേരളത്തിലേക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്കും ഇത് കരുത്തേകും.
പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് മാത്രമല്ല, നിലവിലുള്ള വ്യവസായങ്ങളുടെ വിപുലീകരണം, ആധുനികവത്കരണം, ഉത്പാദനശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കും കെഎഫ്‌സി ധനസഹായം നല്‍കുന്നുണ്ട്.
വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടേം ലോണ്‍, പ്രവര്‍ത്തന മൂലധന വായ്പ, ഹൗസിംഗ്-കണ്‍സ്ട്രക്ഷന്‍ പദ്ധതികള്‍ക്കുള്ള ധനസഹായം, ആധുനികവത്കരണ-വിപുലീകരണ വായ്പകള്‍, സ്റ്റാര്‍ട്ടപ്പ് വായ്പകള്‍ തുടങ്ങി വിവിധ ധനസഹായ പദ്ധതികളാണ് നിലവില്‍ നടപ്പാക്കുന്നത്.
നിലവിലുള്ള യൂണിറ്റുകളുടെ ആധുനികവത്കരണം, ശേഷി വര്‍ധിപ്പിക്കല്‍, വിപുലീകരണം, വൈവിധ്യവത്കരണം എന്നിവയ്ക്കുള്ള ചില പദ്ധതികളില്‍ പദ്ധതി ചെലവിന്റെ 90% വരെ വായ്പ ലഭ്യമാക്കുന്ന സംവിധാനവും കെഎഫ്‌സിക്കുണ്ട്.
100 കോടി വരെയുള്ള സാമ്പത്തിക സഹായത്തിനാവശ്യമായ പണം കെഎഫ്‌സി സ്വന്തം നിലയില്‍ സമാഹരിക്കണം. വലിയ വായ്പകള്‍ക്കാവശ്യമായ അധിക വിഭവസമാഹരണവും കെഎഫ്‌സി നടത്തേണ്ടിവരും.
സംസ്ഥാന സര്‍ക്കാരിന് 99 ശതമാനത്തിലധികം ഓഹരി പങ്കാളിത്തമുള്ള കെഎഫ്‌സി, കേരളത്തിലെ വ്യവസായ-എംഎസ്എംഇ മേഖലകള്‍ക്ക് ധനസഹായം നല്‍കുന്ന പ്രധാന സംസ്ഥാനതല ധനകാര്യ സ്ഥാപനമാണ്. തിരുവനന്തപുരം ആസ്ഥാനമായുള്ള സ്ഥാപനത്തിന് സംസ്ഥാനത്താകെ 21 ശാഖകളുണ്ട്. ഇതുവരെ ഏകദേശം 65,000 സംരംഭങ്ങള്‍ക്ക് വായ്പ അനുവദിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine