കൊട്ടക് മഹീന്ദ്ര ബാങ്ക് കേരള ആൻഡ് ആർ.ഒ.ടി.എൻ സ്റ്റേറ്റ് ഹെഡും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ രജീഷ് കളപ്പുരയിൽ പുരസ്കാരം ഏറ്റുവാങ്ങുന്നു Image Source: Dhanam Business Media
Banking, Finance & Insurance

'ധനം ബാങ്ക് ഓഫ് ദി ഇയർ' പുരസ്കാരം കൊട്ടക് മഹീന്ദ്ര ബാങ്കിന്

ധനം ബി.എഫ്.എസ്.ഐ സമിറ്റ് 2026-ൽ വൻകിട ബാങ്കുകളുടെ വിഭാഗത്തിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന് ധനം ബാങ്ക് ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചു; 10.68 ലക്ഷം കോടി രൂപയുടെ ബിസിനസും കുറഞ്ഞ കിട്ടാക്കട നിരക്കും നേട്ടത്തിന് കരുത്തായി

Dhanam News Desk

10 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ മൊത്തം ബിസിനസുള്ള വൻകിട ബാങ്കുകളുടെ വിഭാഗത്തിൽ 2026-ലെ 'ധനം ബാങ്ക് ഓഫ് ദി ഇയർ' പുരസ്കാരം കൊട്ടക് മഹീന്ദ്ര ബാങ്ക് സ്വന്തമാക്കി. ബാങ്ക് ഓഫ് ഇന്ത്യ നോൺ-എക്സിക്യൂട്ടീവ് ചെയർമാനും എൽ.ഐ.സി മുൻ ചെയർമാനുമായ എം.ആർ. കുമാറിൽനിന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് കേരള ആൻഡ് ആർ.ഒ.ടി.എൻ (ROTN) സ്റ്റേറ്റ് ഹെഡും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ രജീഷ് കളപ്പുരയിൽ പുരസ്കാരം ഏറ്റുവാങ്ങി. കൊച്ചിയിൽ നടന്ന ധനം ബി.എഫ്.എസ്.ഐ സമിറ്റ് 2026-ലാണ് അവാർഡ് വിതരണം ചെയ്തത്.

ബിസിനസ് വളർച്ചയ്‌ക്കൊപ്പം സാമ്പത്തിക അച്ചടക്കവും വിട്ടുവീഴ്ചയില്ലാതെ കാത്തുസൂക്ഷിക്കുന്ന മികവാണ് വൻകിട ബാങ്കുകൾക്കിടയിൽ കൊട്ടക് മഹീന്ദ്ര ബാങ്കിനെ വേറിട്ടുനിർത്തുന്നത്. വായ്പാ വിതരണം വിപുലീകരിക്കുമ്പോഴും കിട്ടാക്കടങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാനും ശക്തമായ മൂലധന അടിത്തറ നിലനിർത്താനും ബാങ്കിന് സാധിച്ചു. കുറഞ്ഞ ചെലവിൽ ലഭിക്കുന്ന സേവിംഗ്സ്, കറന്റ് അക്കൗണ്ട് നിക്ഷേപങ്ങളുടെ (CASA) ഉയർന്ന വിഹിതവും ബാങ്കിന്റെ കരുത്തായി.

2025-26 സാമ്പത്തിക വർഷത്തിൽ നിക്ഷേപങ്ങളും വായ്പകളും ചേർന്ന ബാങ്കിന്റെ മൊത്തം ബിസിനസ് 15.4 ശതമാനം വർധിച്ച് 10.68 ലക്ഷം കോടി രൂപയിലെത്തി. ആവശ്യമായ കരുതൽ തുക (പ്രൊവിഷനിംഗ്) മാറ്റിവെച്ച ശേഷമുള്ള അറ്റ കിട്ടാക്കടം (Net NPA) വെറും 0.25 ശതമാനം മാത്രമാണ്. വളർച്ചയ്‌ക്കൊപ്പം സാമ്പത്തിക ഭദ്രതയ്ക്കും നൽകിയ തുല്യപ്രാധാന്യമാണ് ബാങ്കിനെ ഈ നേട്ടത്തിന് അർഹമാക്കിയത്.

ചടങ്ങിൽ ധനം ബിസിനസ് മീഡിയ ചെയർമാനും ചീഫ് എഡിറ്ററുമായ കുര്യൻ ഏബ്രഹാം, എക്സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ മരിയ ഏബ്രഹാം, സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡി & സി.ഇ.ഒ മഹേഷ് മുരളീധർ പൈ, സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും അവാർഡ് ജൂറി അംഗവുമായ ഏബ്രഹാം തരിയൻ, ജിയോജിത് ഇൻവെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സതീഷ് മേനോൻ, കെ. വെങ്കിടാചലം അയ്യർ ആൻഡ് കമ്പനി സീനിയർ പാർട്ണറും ബി.എഫ്.എസ്.ഐ അഡ്വൈസറി കമ്മിറ്റി അംഗവുമായ എ. ഗോപാലകൃഷ്ണൻ, വർമ്മ ആൻഡ് വർമ്മ സീനിയർ പാർട്ണർ വിവേക് കൃഷ്ണ ഗോവിന്ദ് തുടങ്ങിയവർ സംബന്ധിച്ചു.

Kotak Mahindra Bank won the Dhanam Bank of the Year 2026 award in the large-bank category, recognising its business growth, asset quality and financial discipline.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT