canva
Banking, Finance & Insurance

ഇക്കാര്യത്തില്‍ വീഴ്ചവരുത്തിയാല്‍ ഇനി നിങ്ങളുടെ മൊബൈല്‍ ഫോണിന് പൂട്ടുവീഴും, പുതിയ നീക്കത്തിന് ആര്‍.ബി.ഐ, ഉപഭോക്തൃ അവകാശ ലംഘന ആശങ്കയും ഉയരുന്നു

ഫോണുകള്‍ ഉള്‍പ്പെടെയുള്ള കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ മൂന്നിലൊന്നും വാങ്ങുന്നത് ചെറുവായ്പകള്‍ വഴിയാണ്‌

Dhanam News Desk

വായ്പാ കുടിശികകള്‍ കുമിഞ്ഞു കൂടുന്നത് ഒഴിവാക്കാന്‍ പുതിയ നീക്കത്തിന് ഒരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ). വായ്പയെടുത്ത് തിരിച്ചടക്കുന്നതില്‍ വീഴ്ചവരുത്തുന്നവരുടെ മൊബൈല്‍ ഫോണുകള്‍ റിമോട്ട് സംവിധാനത്തില്‍ ലോക്ക് ചെയ്യാന്‍ വായ്പാ ദാതാക്കള്‍ക്ക് അധികാരം നല്‍കിയേക്കുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.

വായ്പ നല്‍കുന്ന സമയത്ത് ഇന്‍സ്റ്റാള്‍ ചെയ്ത ഒരു ആപ്പ് ഉപയോഗിച്ച് ഉപകരണങ്ങള്‍ ലോക്ക് ചെയ്യുന്നതാണ് ഈ രീതി. വായ്പാദാതാക്കളുമായി കൂടിയാലോചിച്ച ശേഷം, ഫോണ്‍ ലോക്കിംഗ് സംവിധാനങ്ങളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചുകൊണ്ട്, മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആര്‍.ബി.ഐ ഫെയര്‍ പ്രാക്ടീസസ് കോഡ് അപ്ഡേറ്റ് ചെയ്യുമെന്നാണ് സൂചനകള്‍.

കടം വാങ്ങുന്നവരില്‍ നിന്ന് മുന്‍കൂര്‍ സമ്മതം നിര്‍ബന്ധമാക്കുന്നതും ലോക്ക് ചെയ്ത ഫോണുകളിലെ വ്യക്തിഗത ഡാറ്റ ആക്സസ് ചെയ്യുന്നതില്‍ നിന്ന് വായ്പാ ദാതാക്കളെ വിലക്കുന്നതുമായ നിയമങ്ങള്‍ ഇതിലുണ്ടാകും. ചെറിയ ടിക്കറ്റ് വായ്പകള്‍ തിരിച്ചുപിടിക്കാന്‍ വായ്പാദാതാക്കള്‍ക്ക് അധികാരമുണ്ടെന്ന് ഉറപ്പാക്കാനും അതേസമയം ഉപഭോക്താക്കളുടെ ഡാറ്റ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ഇതുവഴി ആര്‍.ബി.ഐ ഉദ്ദേശിക്കുന്നത്.

ഈ നീക്കം നടപ്പിലാക്കിയാല്‍, ബജാജ് ഫിനാന്‍സ്, ഡിഎംഐ ഫിനാന്‍സ്, ചോളമണ്ഡലം ഫിനാന്‍സ് തുടങ്ങിയ ഉപഭോക്തൃ വായ്പാ കമ്പനികള്‍ക്ക് തിരിച്ചടവ് ഉറപ്പാക്കിക്കൊണ്ട് കൂടുതല്‍ ഉപയോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കാനാകും.

സംരംക്ഷണം ലക്ഷ്യം

ഫോണുകള്‍ ഉള്‍പ്പെടെയുള്ള കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ മൂന്നിലൊന്നും വാങ്ങുന്നത് ചെറുവായ്പകള്‍ വഴിയാണെന്ന് ഹോം ക്രെഡിറ്റ് ഫിനാന്‍സ് 2024ല്‍ നടത്തിയ പഠനത്തില്‍ പറയുന്നു. രാജ്യത്ത് ഇന്ന് 140 കോടി ജനങ്ങള്‍ക്ക് 116 കോടി മൊബൈല്‍ കണക്ഷനുകളുണ്ടെന്നാണ് ടെലികോം അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ക്രെഡിറ്റ് ബ്യൂറോയായ CRIF ഹൈമാര്‍ക്കിന്റെ അഭിപ്രായത്തില്‍ 100,000 രൂപയില്‍ താഴെയുള്ള വായ്പകളുടെ തിരിച്ചടവ് മുടങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പകളുടെ 85 ശതമാനവും വഹിക്കുന്നത് ബാങ്ക് ഇതര വായ്പാദാതാക്കളാണ്.

ഇന്ത്യയിലെ ബാങ്കിംഗ് സംവിധാനത്തിലെ മൊത്തം ഭക്ഷ്യേതര വായ്പയുടെ മൂന്നിലൊന്ന് ഭാഗവും വ്യക്തിഗത വായ്പകളാണെന്ന് സെന്‍ട്രല്‍ ബാങ്ക് ഡാറ്റകളും കാണിക്കുന്നു, ഫോണുകള്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുള്ള വായ്പകള്‍ ആകട്ടെ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്.

ഉയരും ഉപയോക്തൃ അവകാശ ആശങ്കകള്‍

അതേസമയം, ഈമാറ്റം നടപ്പിലാക്കിയാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ചൂഷണത്തിന് ഇരയാകാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഉപയോക്തൃ അവകാശത്തെചൊല്ലിയുള്ള ആശങ്കകള്‍ ഉയരാന്‍ ഇത് ഇടയാക്കുമെങ്കിലും ചെറു വായ്പകളുടെ കുടിശികകള്‍ ആശങ്കാജനകമായ വിധത്തില്‍ ഉയരുന്നതാണ് ഇത്തരമൊരു നീക്കത്തിന് ആര്‍.ബി.ഐയെ പ്രേരിപ്പിക്കുന്നത്.

വായ്പ തിരിച്ചടവ് മുടങ്ങിയവരുടെ ഫോണുകള്‍ ലോക്ക് ചെയ്യുന്നത് നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ വര്‍ഷം വായ്പാദാതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

Lenders May Soon Get Power to Lock Phones of Defaulters: RBI Proposal

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT