Banking, Finance & Insurance

വായ്പാ മോറട്ടോറിയം തിങ്കളാഴ്ച അവസാനിക്കും, വായ്പയെടുത്തവര്‍ ആശങ്കയില്‍

Dhanam News Desk

ആഗസ്റ്റ് 31ന് ശേഷം വായ്പാ മോറട്ടോറിയം നീട്ടാന്‍ ആര്‍ബിഐ തയാറാകാത്ത സാഹചര്യത്തില്‍ വായ്പയെടുത്തവരുടെ ആശങ്കയേറുന്നു. തിങ്കളാഴ്ചയാണ് വായ്പാ മോറട്ടോറിയം അവസാനിക്കുന്നത്. ഇത് നീട്ടി നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് റിസര്‍വ് ബാങ്ക്. കോവിഡ് പ്രതിസന്ധിയില്‍ തൊഴിലും വരുമാനമാര്‍ഗവും നഷ്ടപ്പെട്ടവര്‍ വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ്.

വായ്പാ മോറട്ടോറിയം ഡിസംബര്‍ വരെ നീട്ടുന്നതിനുള്ള പുതിയ വാദം കേള്‍ക്കുമെന്ന് ഇന്നലെ സുപ്രീം കോടതി പറഞ്ഞിരുന്നു. വായ്പ മോറട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇത്തരം നിര്‍ണ്ണായകമായ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്കിന് പിന്നില്‍ ഒളിക്കാന്‍ കഴിയില്ലെന്ന പരാമര്‍ശമാണ് കോടതി നടത്തിയത്. ദുരന്തനിവാരണനിയമപ്രകാരം പലിശ ഒഴിവാക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്

വായ്പകള്‍ക്കുള്ള മോറട്ടോറിയം ഒരു താല്‍ക്കാലിക പരിഹാരം മാത്രമാണന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറയുന്നത്.

വായ്പാ മോറട്ടോറിയം നീട്ടുന്നതില്‍ ബാങ്കുകള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. വായ്പതിരിച്ചടവ് അടയ്ക്കാന്‍ കഴിവുള്ളവര്‍ പോലും മോറട്ടോറിയം ഉപയോഗിക്കുന്നുണ്ടെന്നും അതിനാല്‍ നീട്ടരുതെന്നും ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ദീപക് പരേഖ്, എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍, കോട്ടക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കോട്ടക് എന്നിവര്‍ പറഞ്ഞിരുന്നു.

കോവിഡ് പ്രതിസന്ധിയില്‍ നിരവധിപ്പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ഉപജീവനമാര്‍ഗം ഇല്ലാതാകുകയും നിരവധി ബിസിനസുകള്‍ പ്രതിസന്ധിയിലാകുകയും ചെയ്ത സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് ലോണ്‍ മോറട്ടോറിയം പ്രഖ്യാപിച്ചത്. മെയ് 31ന് അവസാനിക്കുന്ന രീതിയിലായിരുന്നു ആദ്യ ഘട്ടം മോറട്ടോറിയം. പിന്നീടത് ആഗസ്റ്റ് 31 വരെ നീട്ടി.

വായ്പ നല്‍കുന്നവര്‍ക്ക് തിരിച്ചടവ് കാലാവധി പരമാവധി രണ്ട് വര്‍ഷം വരെ നീട്ടാന്‍ കഴിയും. വായ്പാതിരിച്ചടവ് കുറയ്ക്കാന്‍ ഇത് സഹായകമാകും. എന്നാല്‍ തൊഴില്‍ നഷ്ടപ്പെട്ടവരും വലിയ തുക വായ്പയെടുത്ത് ബിസിനസ് തുടങ്ങിയരും ഈ പ്രതിസന്ധിഘട്ടത്തെ എങ്ങനെ നേരിടണമെന്നറിയാത്ത അവസ്ഥയിലാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT