ഇന്ത്യയുടെ അതിവേഗം വളരുന്ന ഇൻഷുറൻസ് വിപണിയിൽ സ്ഥാനം ഉറപ്പിക്കാൻ ലക്ഷ്യമിട്ട് മഹീന്ദ്ര ആൻഡ് മഹീന്ദ്രയും (M&M) കനേഡിയൻ ഇൻഷുറൻസ് ഭീമനായ മാനുലൈഫ് ഫിനാൻഷ്യൽ കോർപ്പറേഷനും കൈകോർക്കുന്നു. 50:50 അനുപാതത്തിലാണ് ഇവര്‍ പുതിയ ലൈഫ് ഇൻഷുറൻസ് സംരംഭം ആരംഭിക്കുന്നത്. 7,200 കോടി രൂപയുടെ മൊത്തം മൂലധന നിക്ഷേപം ലക്ഷ്യമിടുന്ന സംയുക്ത സംരംഭത്തിൽ ഓരോ പങ്കാളിയും 3,600 കോടി രൂപ വീതം നിക്ഷേപിക്കും. ആദ്യ അഞ്ച് വർഷത്തിനുള്ളിൽ ഓരോരുത്തരും 1,250 കോടി രൂപയുടെ പ്രാഥമിക നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ ഇൻഷുറൻസ് വിപണിയിൽ ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ പങ്കാളിത്തം. നിലവിൽ 2020-ൽ ആരംഭിച്ച മഹീന്ദ്ര മാനുലൈഫ് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് എന്ന മ്യൂച്വൽ ഫണ്ട് സംരംഭത്തിലൂടെ ഇരു കമ്പനികളും സഹകരിക്കുന്നുണ്ട്. ആ ബന്ധം കൂടുതൽ ശക്തിപ്പെടുത്തിയാണ് ലൈഫ് ഇൻഷുറൻസ് മേഖലയിലേക്ക് പ്രവേശിക്കുന്നത്.
ഗ്രാമീണ, അർദ്ധ നഗര മേഖലകളിലെ ഉപയോക്താക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിൽ ഒന്നാം സ്ഥാനത്തെത്താനും, നഗര ഉപയോക്താക്കൾക്കായി മികച്ച സംരക്ഷണ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നൽകാനും പുതിയ കമ്പനി ലക്ഷ്യമിടുന്നു. 2047-ഓടെ 'എല്ലാവർക്കും ഇൻഷുറൻസ്' (Insurance for All) എന്ന ഇന്ത്യയുടെ ദേശീയ കാഴ്ചപ്പാടുമായി സംയോജിച്ചായിരിക്കും ഇവരുടെ പ്രവർത്തനം.
ഗ്രാമീണ മേഖലകളിലെ മഹീന്ദ്രയുടെ ശക്തമായ വിതരണ ശൃംഖലയും, നഗര കേന്ദ്രങ്ങളിലെ മാനുലൈഫിന്റെ ഏജൻസി വൈദഗ്ധ്യവും സംയോജിപ്പിച്ചുകൊണ്ട് ഉപയോക്താക്കൾക്ക് പ്രാധാന്യം നൽകുന്ന ഒരു ഡിജിറ്റൽ ഇൻഷുറൻസ് കമ്പനി കെട്ടിപ്പടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മഹീന്ദ്ര ഗ്രൂപ്പ് സിഇഒ ഡോ. അനീഷ് ഷാ പറഞ്ഞു. ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താനുള്ള സുപ്രധാന നാഴികക്കല്ലാണിതെന്നും, ഭാവിയിലെ രാജ്യത്തിന്റെ ബൃഹത്തായ സമ്പദ്‌വ്യവസ്ഥയിൽ വളർച്ചയ്ക്ക് ഇത് മികച്ച സ്ഥാനമുറപ്പിക്കുമെന്നും മാനുലൈഫ് സിഇഒ ഫിൽ വിതറിംഗ്ടൺ അറിയിച്ചു. റെഗുലേറ്ററി അനുമതികൾ ലഭിച്ച ശേഷം സംരംഭം ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും.
Mahindra and Manulife to launch ₹7,200 crore life insurance venture to expand in India's growing insurance market.
Read DhanamOnline in English
Subscribe to Dhanam Magazine