Banking, Finance & Insurance

ആശിര്‍വാദില്‍ ₹250 കോടി നിക്ഷേപത്തിന് മണപ്പുറം ഫിനാന്‍സ്; ഭുവനേഷ് താരാശങ്കര്‍ ഗ്രൂപ്പ് സി.എഫ്.ഒ

മണപ്പുറം ഫിനാന്‍സിന്റെ മൊത്തം വായ്പാ പരിധി 75,000 കോടിയായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശവും ബോര്‍ഡ് അംഗീകരിച്ചു

Dhanam News Desk

അനുബന്ധ സ്ഥാപനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡില്‍ (എംഎഫ്‌ഐ) 250 കോടി രൂപയുടെ അധിക നിക്ഷേപം നടത്താന്‍ മണപ്പുറം ഫിനാന്‍സ് ബോര്‍ഡിന്റെ അംഗീകാരം. ഇത് ഒന്നോ അതിലധികമോ തവണകളായി കൈമാറും. 2015 ല്‍ ഏറ്റെടുത്ത എന്‍ബിഎഫ്സി-എംഎഫ്ഐ വഴിയുള്ള മൈക്രോ-ലെന്‍ഡിംഗ് പ്രവര്‍ത്തനങ്ങളിലെ വളര്‍ച്ചാവേഗം കൂട്ടുന്നതാണ് ഈ നീക്കം.

ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി ഭുവനേഷ് താരാശങ്കറിനെ നിയമിക്കുന്നതിനും ബോര്‍ഡ് അംഗീകാരം നല്‍കി. ഇത് ഉടനടി പ്രാബല്യത്തില്‍ വരും. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ തരാശങ്കറിന് ആര്‍ബിഎല്‍ ബാങ്ക്, ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക്, സിറ്റിബാങ്ക് എന്നിവയുള്‍പ്പെടെയുള്ള പ്രധാന ധനകാര്യ സേവന സ്ഥാപനങ്ങളിലായി മൂന്ന് പതിറ്റാണ്ടിന്റെ പരിചയമുണ്ട്.

മണപ്പുറം ഫിനാന്‍സിന്റെ മൊത്തം വായ്പാ പരിധി 75,000 കോടിയായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശവും ബോര്‍ഡ് അംഗീകരിച്ചു. വായ്പാ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാനുള്ള ശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

ഓഹരി വിപണിയില്‍, കമ്പനിയുടെ ഓഹരികള്‍ ഇന്ന് നേരിയ ഇടിവോടെ ₹313.90ല്‍ അവസാനിച്ചു. ആറ് സെഷനുകളിലായി മുന്നേറ്റമായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT