തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശ നിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (MCLR/എം.സി.എല്‍.ആര്‍) ഓഗസ്റ്റ് 20 മുതല്‍ പ്രാബല്യത്തില്‍ വരുംവിധത്തില്‍ മാറ്റം വരുത്തി. അതേസമയം ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് എം.സി.എല്‍.ആര്‍ നിരക്കില്‍ മാറ്റം വരുത്താതെ നിലനിറുത്തി.
എസ്.ഐ.ബിയുടെ പുതുക്കിയ നിരക്കനുസരിച്ച് ഒറ്റ ദിവസം കാലാവധിയുള്ള എം.സി.എല്‍.ആര്‍ 9.75 ശതമാനത്തില്‍ നിന്ന് ഒറ്റയടിക്ക് 7.90 ശതമാനത്തിലേക്കും ഒരുമാസക്കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 9.75 ശതമാനത്തില്‍ നിന്ന് 8.55 ശതമാനത്തിലേക്കും കുറച്ചു. ഈ കാലാവധിയില്‍ വായ്പകളെടുത്തിട്ടുള്ളവര്‍ക്ക് പ്രതിമാസ തിരിച്ചടവില്‍ (EMI) ആശ്വാസം ലഭിക്കും.
അതേ സമയം മൂന്ന് മാസക്കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ നിരക്ക് 9.80 ശതമാനത്തില്‍ നിന്ന് 9.85 ശതമാനത്തിലേക്കും ആറ് മാസക്കാലാവധിയുള്ള വായ്പകളുടെ നിരക്ക് 9.85 ശതമാനത്തില്‍ നിന്ന് 9.90 ശതമാനത്തിലേക്കും വര്‍ധിപ്പിക്കുകയാണുണ്ടായത്. ഒരു വര്‍ഷക്കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്കും 9.95 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി വര്‍ധിപ്പിച്ചു.
അടിസ്ഥാന നിരക്ക് കൂട്ടിയതോടെ ഈ കാലാവധികളിലെ എം.സി.എല്‍.ആര്‍ അധിഷ്ഠിതമായ വായ്പകളുടെ ഇ.എം.ഐ കൂടും. സ്വര്‍ണപ്പണ വായ്പ, ബിസിനസ് വായ്പ, വ്യാപാരികളുടെ ഓവര്‍ഡ്രാഫ്റ്റ്, ജി.എസ്.ടി ബിസിനസ് വായ്പ എന്നിവയ്ക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ എം.സി.എല്‍.ആര്‍ ബാധകം.
ഒരു മാസക്കാലാവധിയുള്ള വായ്പകള്‍ക്ക് 9.45ശതമാനവും ഒരു മാസക്കാലാവധിയുള്ള വായ്പകള്‍ക്ക് 9.50 ശതമാനവും മൂന്ന് മാസക്കാലാവധിയുള്ള വായ്പകള്‍ക്ക് 9.55 ശതമാനവുമാണ് ഫെഡറല്‍ ബാങ്ക് നിശ്ചിയിച്ചിട്ടുള്ള എം.സി.എല്‍.ആര്‍ നിരക്കുകള്‍. ആറുമാസക്കാലാവധി വായ്പകള്‍ക്കിത് 9.65 ശതമാനവും ഒരു വര്‍ഷക്കാലാവധി വായ്പകള്‍ക്കിത് 9.70 ശതമാനവുമാണ്.
എന്താണ് എം.സി.എല്‍.ആര്‍?
ബാങ്കുകള്‍ വിതരണം ചെയ്യുന്ന വായ്പയുടെ അടിസ്ഥാന പലിശ നിരക്ക് നിര്‍ണയിക്കാനായി 2016ല്‍ റിസര്‍വ് ബാങ്ക് അവതരിപ്പിച്ചതാണ് എം.സി.എല്‍.ആര്‍. റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കില്‍ അധിഷ്ഠിതമാണിത്. റിപ്പോ നിരക്ക് മാറുന്നതിന് ആനുപാതികമായി എം.സി.എല്‍.ആറിലും മാറ്റം വരും. റിപ്പോയ്ക്ക് പുറമേ മറ്റു പല ഘടകങ്ങളും വിലയിരുത്തിയാണ് ബാങ്ക് വായ്പാ പലിശ നിര്‍ണയിക്കുന്നത്. ഇത് ഓരോ ബാങ്കിനും വ്യത്യസ്തവുമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine