Image by Canva 
Banking, Finance & Insurance

നിഷ്‌ക്രിയ ആസ്തികള്‍ പെരുകുന്നു; മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് തിരിച്ചടി

കിട്ടാക്കടം പ്രതിസന്ധിയിലാക്കുന്നത് പ്രമുഖ കമ്പനികളെ; പട്ടികയില്‍ മലയാളി കമ്പനിയും

Dhanam News Desk

നിഷ്‌ക്രിയ ആസ്തികള്‍ പെരുകുന്നത് രാജ്യത്തെ പ്രധാനപ്പെട്ട അഞ്ച് മൈക്രോഫിനാന്‍സ് കമ്പനികളെ പ്രതിസന്ധിയിലാക്കുന്നു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഈ കമ്പനികളുടെ 2025 ലെ മൂന്നാം പാദത്തിലെ സംയുക്ത നഷ്ടം 1,241 കോടി രൂപയാണ്. 2024 കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 844.8 കോടി രൂപ ലാഭമുണ്ടാക്കിയ കമ്പനികളാണിവ. എന്നാല്‍ 2025 രണ്ടാം പാദത്തില്‍ നഷ്ടം 229 കോടിയായി മാറി. നിഷ്‌ക്രിയ ആസ്തികള്‍, എഴുതി തള്ളല്‍ എന്നീ വിഭാഗങ്ങളില്‍ 2,357 കോടി രൂപയായാണ് ഇപ്പോള്‍ വര്‍ധിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 376.1 കോടി മാത്രമായിരുന്നു. അഞ്ചു കമ്പനികളുടെ പട്ടികയില്‍ ഒരു മലയാളി കമ്പനിയുമുണ്ട്

മുന്നില്‍ മൂന്ന് കമ്പനികള്‍

നിഷ്‌ക്രിയ ആസ്തികള്‍ ഭാവിയിലേക്ക് നിലനിര്‍ത്താനായി നീക്കി വെക്കുന്ന തുകയുടെ തോത് വര്‍ധിക്കുന്നത് കമ്പനികളുടെ പ്രകടനത്തെ ബാധിക്കുകയാണ്. കിട്ടാക്കടമായി നില്‍ക്കുന്ന തുകയുടെ ഭാവിയിലെ സംരക്ഷണത്തിനായി തുക മാറ്റിവെക്കണമെന്നത് റിസര്‍വ് ബാങ്കിന്റെ നിയമമാണ്. വായ്പാ തിരിച്ചടവ് ഭാവിയില്‍ കമ്പനികളുടെ നിലനില്‍പ്പിനെ ബാധിക്കാതിരിക്കാനാണ് റിസര്‍വ് ബാങ്കിന്റെ കരുതല്‍. ഇത്തരത്തില്‍ വലിയ തുക മാറ്റിവെക്കേണ്ടി വന്നിട്ടുള്ളത് പ്രധാനമായും മൂന്നു കമ്പനികള്‍ക്കാണ്. സ്പന്ദന സ്ഫൂര്‍ത്തി ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ്‍ ലിമിറ്റഡ്, ഫ്യൂഷന്‍ ഫിനാന്‍സ് എന്നിവയാണിത്. മൂന്നു കമ്പനികളുടെയും സംയുക്ത നഷ്ടം 2,000 കോടി രൂപക്കടുത്താണ്. സാറ്റിന്‍ ക്രെഡിറ്റ് കെയറും മലയാളി കമ്പനിയായ മുത്തൂറ്റ് മൈക്രോഫിനുമാണ് പട്ടികയിലുള്ള മറ്റു കമ്പനികള്‍ .

ക്രെഡിറ്റ് ആക്‌സസിന്റെ നിഷ്‌ക്രിയ ആസ്തി കഴിഞ്ഞ വര്‍ഷം 3.99 ശതമാനമായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ 0.97 ശതമാനമായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ സ്പന്ദന സ്ഫൂര്‍ത്തിയുടെ നിഷ്‌ക്രിയ ആസ്തി 1.61 ശതമാനത്തില്‍ നിന്ന് 4.85 ശതമാനമായി. ഫ്യൂഷന്‍ ഫിനാന്‍സ് ലിമിറ്റഡിന്റേത് 9.4 ശതമാനത്തില്‍ നിന്ന് 12.6 ശതമാനമായും വര്‍ധിച്ചു. കമ്പനികളുടെ കിട്ടാക്കടം വര്‍ധിച്ചത് പ്രധാനമായും മൂന്നാം പാദത്തിലാണെന്ന് ക്രെഡിറ്റ് റേറ്റിംഗ് കമ്പനിയായ ഐസിആര്‍എ സീനിയിര്‍ വൈസ് പ്രസിഡന്റ് എഎം കാര്‍ത്തിക് പറയുന്നു

പ്രവര്‍ത്തന മൂലധനത്തില്‍ കുറവില്ല

അതേസമയം, മൈക്രോ ഫിനാന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഇതര സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മൂലധനത്തില്‍ കുറവില്ലെന്ന് ഡാറ്റകള്‍ കാണിക്കുന്നു. സ്പന്ദനയുടെ ഭാവി ബിസിനസിനായി നീക്കിവെച്ചിരിക്കുന്നത് 750 കോടി രൂപയാണ്. കാപിറ്റല്‍ അഡിക്വസി റേഷ്യോ (സിഎആര്‍) 36 ശതമാനമാണ്. ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണിന്റെ സിഎആര്‍ 25.9 ശതമാനമുണ്ട്. പുതിയ അവകാശ ഓഹരികളിലുടെ 800 കോടി രൂപ സമാഹരിക്കാനും കമ്പനി ലക്ഷ്യമിടുന്നു. നിലവിലുള്ള നിഷ്‌ക്രിയ ആസ്തി പ്രതിസന്ധികളെ മറികടക്കാനുള്ള മൂലധനം കമ്പനികള്‍ക്കുണ്ടെന്ന് കാര്‍ത്തിക് ചൂണ്ടിക്കാട്ടുന്നു. ആസ്തികളില്‍ ഈ വര്‍ഷം വലിയ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകില്ല. അതേസമയം 2026 സാമ്പത്തിക വര്‍ഷത്തില്‍ 10 ശതമാനത്തിന് മുകളില്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT