canva
Banking, Finance & Insurance

23 ഇൻഷുറൻസ് കമ്പനികൾ റഗുലേറ്ററുടെ കടുത്ത നിരീക്ഷണത്തിൽ; കമ്മീഷനാണ് വിഷയം, പോളിസി വിലയിലും വർധന

പോളിസി ഉടമകളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി, വിതരണ ചെലവുകൾ നിയന്ത്രണം വിട്ട് ഉയരുന്ന പ്രവണതയാണ് കണ്ടെത്തിയത്

Dhanam News Desk

ഇൻഷുറൻസ് ഏജന്റുമാർക്കും ഇടനിലക്കാർക്കും അസാധാരണമായ കമ്മീഷനുകൾ അനുവദിച്ച വിഷയത്തിൽ 23 ഇൻഷുറൻസ് കമ്പനികൾ കടുത്ത നിരീക്ഷണത്തിൽ. ലൈഫ്, നോൺ–ലൈഫ് മേഖലകളിലായി പ്രവർത്തിക്കുന്ന ഈ കമ്പനികൾ ചെലവു പരിധികൾ ലംഘിച്ചതായാണ് റെഗുലേറ്ററുടെ കണ്ടെത്തൽ. പോളിസി ഉടമകളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി, വിതരണ ചെലവുകൾ നിയന്ത്രണം വിട്ട് ഉയരുന്ന പ്രവണതയാണ് കണ്ടെത്തിയത്.

2024–25 സാമ്പത്തിക വർഷത്തിൽ ലൈഫ് ഇൻഷുറൻസ് മേഖലയിൽ കമ്മീഷൻ ചെലവ് ഏകദേശം 18 ശതമാനം വർധിച്ച് ₹60,800 കോടി എത്തിയപ്പോൾ, മൊത്തം പ്രീമിയം വളർച്ച 6–7 ശതമാനം മാത്രം. നോൺ–ലൈഫ് ഇൻഷുറൻസ് മേഖലയിൽ കമ്മീഷൻ ചെലവ് ₹47,000 കോടി കടന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റെഗുലേറ്ററി വൃത്തങ്ങൾ വ്യക്തമാക്കുന്നതനുസരിച്ച്, 15 ജനറൽ ഇൻഷുറൻസ് കമ്പനികൾ നിശ്ചിത ചെലവു പരിധി ലംഘിച്ചതിൽ ഇളവു തേടി വിശദീകരണം സമർപ്പിച്ചിട്ടുണ്ട്. ഈ അപേക്ഷകളിൽ തീരുമാനമെടുത്തിട്ടില്ല.

കമ്മീഷൻ അനുപാതം ഉപഭോക്തൃ സൗഹൃദവും സാമ്പത്തികമായി സുസ്ഥിരവുമാകണമെന്ന് ഇൻഷുറൻസ് നിയന്ത്രണ വികസന അതോറിട്ടിയായ ഐ.ആർ.ഡി.എ.ഐ നിർദേശിച്ചു. അമിത കമ്മീഷനുകൾ പോളിസികളുടെ വില വർധിപ്പിക്കുകയും, കമ്മീഷൻ ലക്ഷ്യമിട്ട വിൽപ്പന (mis-selling) പ്രോത്സാഹിപ്പിക്കാനുള്ള സാധ്യത ഉയർത്തുന്നതായും റെഗുലേറ്റർ ചൂണ്ടിക്കാട്ടുന്നു.

എന്തുകൊണ്ട് ഇത് പ്രധാനമാണ്?

ഉയർന്ന കമ്മീഷൻ ചെലവുകൾ ഇൻഷുറൻസ് കമ്പനികളുടെ ലാഭക്ഷമതയെ ബാധിക്കുന്നതിനൊപ്പം, ഉപഭോക്താക്കൾക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കാം. ദീർഘകാലത്തിൽ ഇത് ഇൻഷുറൻസ് മേഖലയിലെ വിശ്വാസ്യതക്കും സ്ഥിരതയ്ക്കും വെല്ലുവിളിയാകുമെന്നതാണ് റെഗുലേറ്ററുടെ വിലയിരുത്തൽ.

കമ്മീഷൻ പേയ്‌മെന്റുകൾക്ക് കൂടുതൽ വ്യക്തതയും നിയന്ത്രണവും കൊണ്ടുവരുന്ന പുതിയ മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. ഏജന്റുമാരുടെയും ബ്രോക്കർമാരുടെയും പ്രതിഫല ഘടനയിൽ കടുത്ത മാനദണ്ഡങ്ങൾ കൊണ്ടുവരാനും സാധ്യതയുണ്ട്. ഇൻഷുറൻസ് മേഖലയിൽ ഉപഭോക്തൃ സംരക്ഷണവും ചെലവു നിയന്ത്രണവും കേന്ദ്രബിന്ദുവാക്കി പുതിയൊരു നിയന്ത്രണ ചട്ടം വന്നേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT