രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കുള്ള വായ്പകളില്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ 13 ശതമാനം വളര്‍ച്ച. മുന്‍ വര്‍ഷത്തെ 31 ലക്ഷം കോടിയിൽ നിന്ന് 35.2 ലക്ഷം കോടി രൂപയായി.
നിലവിലുള്ള വായ്പക്കാര്‍ക്ക് കൂടുതല്‍ വായ്പകള്‍ നല്‍കിയതാണ് വളര്‍ച്ചയെ സഹായിച്ചതെന്ന് ട്രാന്‍സ് യൂണിയന്‍ സിബിലും സിഡ്ബിയും സംയുക്തമായി പുറത്തുവിട്ട എം.എസ്.എം. പള്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വായ്പകളുടെ ആസ്തി നിലവാരവും കൂടുതല്‍ മെച്ചപ്പെട്ടു. തിരിച്ചടവിലുള്ള വീഴ്ചകളില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. 90 ദിവസത്തിനും 720 ദിവസത്തിനുമിടയില്‍ കുടിശിക വരുന്ന വായ്പകളുടെ തിരിച്ചടവ് വീഴ്ച 1.8 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2024 മാര്‍ച്ചില്‍ 2.1 ശതമാനമായിരുന്നു വീഴ്ച.
വന്‍കിട വായ്പക്കാര്‍ കൂടുതല്‍ അച്ചടക്കം പാലിക്കുന്നുണ്ടെങ്കിലും ചെറുകിട സംരംഭകർ ഇതില്‍ പിന്നോക്കം പോകുന്നുണ്ട്. 10 ലക്ഷം വരെ വായ്പകളെടുത്തിട്ടുള്ളവരുടെ കുടിശിക നിരക്ക് ഒരു വര്‍ഷം മുമ്പത്തെ 5.1 ശതമാനത്തില്‍ നിന്ന് 5.8 ശതമാനമായി. 10 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വായ്പയെടുത്തിട്ടുള്ളവരുടെ കുടിശിക നിരക്ക് 2.8 ശതാനത്തില്‍ നിന്ന് 2.9 ശതമാനത്തിന്റെ നേരിയ വര്‍ധനമാണ് രേഖപ്പെടുത്തിയത്.
വാണിജ്യ വായ്പകള്‍ക്കുള്ള ആവശ്യം ശക്തമായി തുടരുകയാണ്. വായ്പാ അന്വേഷണങ്ങളില്‍ മാര്‍ച്ച് പാദത്തില്‍ 11 ശതമാനം വര്‍ധനയുണ്ടായി. എന്നാല്‍ വിതരണം ചെയ്ത വായ്പയുടെ തോതില്‍ മൂന്ന് ശതമാനം മാത്രമാണ് വര്‍ധന. വിവിധ കാരണങ്ങള്‍ മൂലം ജനുവരി- മാര്‍ച്ച് പാദത്തില്‍ വായ്പാ വിതരണം 11 ശതമാനം കുറഞ്ഞിരുന്നു.
ആദ്യമായി വായ്പയെടുക്കുന്ന (New to Credit/NTC) വിഭാഗമാണ് വായ്പാ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിക്കുന്നത്. മാര്‍ച്ചില്‍ പുതിയ വായ്പകളില്‍ 47 ശതമാനം വളര്‍ച്ചയുണ്ടായി. എന്നാല്‍ മുന്‍വര്‍ഷത്തെ 51 ശതമാനവുമായി നോക്കുമ്പോള്‍ കുറവുണ്ട്. പൊതുമേഖല ബാങ്കുകളുടെ വായ്പകളില്‍ 60 ശതമാനവും ആദ്യ തവണ വായ്പക്കാരാണ്.
പുതിയ വായ്പകളില്‍ 53 ശതമാനം ട്രേഡ് വായ്പകളാണ്.മാനുഫാക്ചറിംഗ് വിഭാഗത്തിലുള്ള വായ്പകള്‍ 70 ശതമാനം വരും. പ്രൊഫഷണല്‍, സര്‍വീസ് മേഖലയിലെ വായ്പകള്‍ 36 ശതമാനമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ശതമാനം വര്‍ധന.
എം.എസ്.എം.ഇ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വായ്പകള്‍ നല്‍കിയിട്ടുള്ളത് മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളാണ്. മൊത്തം വായപയുടെ 48 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങള്‍ ചേര്‍ന്നാണ് നല്‍കിയിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine