രാജ്യത്തെ പ്രമുഖ സ്വര്‍ണവായ്പ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന് ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ മികച്ച നേട്ടം. ലാഭം മുന്‍വര്‍ഷം സമാനപാദത്തെ അപേക്ഷിച്ച് 43 ശതമാനം ഉയര്‍ന്നു. ജൂണ്‍ പാദത്തിലെ ലാഭം 2,825 കോടി രൂപയാണ്. മുന്‍വര്‍ഷം സമാനപാദത്തില്‍ ഇത് 1,974 കോടി രൂപയായിരുന്നു.
ഏകീകൃത വായ്പാ ആസ്തി 43 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,91,532 കോടി രൂപയിലെത്തി. 57,594 കോടി രൂപയുടെ വളര്‍ച്ചയാണ് ഈ പാദത്തില്‍ മാത്രമായി ഉണ്ടായത്. സ്വര്‍ണ പണയ വായ്പാ ആസ്തി 48 ശതമാനം ഉയര്‍ന്ന് 1,75,527 കോടി രൂപയായി. ഈ പാദത്തിലെ വളര്‍ച്ച 56,767 കോടി രൂപയാണ്.
മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം വായ്പാ ആസ്തി 43 ശതമാനം വര്‍ധിച്ച് 1,72,053 കോടി രൂപയായി. അറ്റാദായം 25 ശതമാനം വര്‍ധിച്ച് 2,550 കോടി രൂപയായി. സ്വര്‍ണ പണയ വായ്പാ ആസ്തി 44 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,63,298 കോടി രൂപയായി.
ഒരു ശാഖയിലെ ശരാശരി സ്വര്‍ണപ്പണയ ആസ്തി 32.47 കോടി രൂപയാണ്. 2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഗ്രൂപ്പ് മൊത്തം 86 പുതിയ ശാഖകള്‍ തുറന്നു.
മുത്തൂറ്റ് ഫിനാന്‍സിന്റെ കീഴില്‍ വരുന്ന സബ്‌സിഡിയറി കമ്പനികളും ഈ പാദത്തില്‍ മികച്ച പ്രകടനം നടത്തി. മുത്തൂറ്റ് ഹോംഫിന്‍ ലിമിറ്റഡിന്റെ (Muthoot homefin ltd) വരുമാനം 11 ശതമാനം ഉയര്‍ന്ന് 110 കോടി രൂപയായി. ലാഭം 114 ശതമാനം വര്‍ധിച്ച് നാലു കോടി രൂപയായി.
ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ് ലിമിറ്റഡ് (Belstar Microfinance Limited) വരുമാനം ഒന്‍പത് ശതമാനം ഉയര്‍ന്ന് 452 കോടി രൂപയായി. മുന്‍വര്‍ഷം സമാനപാദത്തില്‍ 128 കോടി രൂപ നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക് എത്താനും കമ്പനിക്കായി. 66 കോടി രൂപയാണ് ഈ പാദത്തിലെ ബെല്‍സ്റ്റാറിന്റെ ലാഭം.
മുത്തൂറ്റ് മണി ലിമിറ്റഡ് (Muthoot Money Ltd) വരുമാനം ആദ്യപാദത്തില്‍ 139 ശതമാനം വര്‍ധിച്ച് 511 കോടി രൂപയിലെത്തി. ലാഭം 366 ശതമാനം നേട്ടത്തോടെ 172 കോടി രൂപയായി ഉയര്‍ന്നു. മുത്തൂറ്റ് ഫിനാന്‍സിന്റെ ശ്രീലങ്കന്‍ സബ്‌സിഡിയറിയായ ഏഷ്യ അസറ്റ് ഫിനാന്‍സ് പിഎല്‍എസി (Asia Asset Finance PLC, Sri Lanka) വരുമാനത്തില്‍ 137 ശതമാനമാണ് വര്‍ധന.
മുത്തൂറ്റ് ഫിനാന്‍സിന്റെ മൊത്തം വായ്പ ആസ്തി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1,91,532 കോടി രൂപയില്‍ എത്തിയതായി മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് വ്യക്തമാക്കി. ഉപയോക്താക്കളുടെ നിരന്തരമായ വിശ്വാസവും ഡിജിറ്റല്‍ പരിവര്‍ത്തനങ്ങളിലെ വേഗതയും ഈ നേട്ടത്തിന് കാരണമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണ വായ്പാ രംഗത്തെ കമ്പനിയുടെ നേതൃത്വവും, മികച്ച പ്രവര്‍ത്തനക്ഷമതയും, ഉപഭോക്തൃ ബന്ധങ്ങളുമാണ് ഈ വളര്‍ച്ചയ്ക്ക് അടിത്തറയെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine