Mathew Muthoottu Canva
Banking, Finance & Insurance

മുത്തൂറ്റ് മിനിയുടെ ആസ്തി ഈ വര്‍ഷം 4,200 കോടി കടക്കും; ക്രെഡിറ്റ് റേറ്റിംഗില്‍ ഉയര്‍ച്ച; സുരക്ഷിത വളര്‍ച്ചയെന്ന് ഐസിആര്‍എ

മാറുന്ന വിപണി സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാനായതായി മുത്തൂറ്റ് മിനി മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ്

Dhanam News Desk

ദേശീയ തലത്തില്‍ വിപണി സാന്നിധ്യമുള്ള സാമ്പത്തിക സേവന രംഗത്തെ പ്രമുഖ കേരള കമ്പനിയായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്റെ ക്രെഡിറ്റ് റേറ്റിംഗില്‍ ഉയര്‍ച്ച. ഐ.സി.ആര്‍.എ റേറ്റിംഗ് പ്രകാരം മുത്തൂറ്റ് മിനിയുടെ റേറ്റിംഗ് എ സ്റ്റേബിള്‍ വിഭാഗത്തിലേക്കാണ് ഉയര്‍ന്നത്. കമ്പനിയുടെ ദീര്‍ഘകാല വായ്പാ ഘടന ശക്തമാണെന്നാണ് പുതിയ റേറ്റിംഗ് തെളിയിക്കുന്നത്. പ്രവര്‍ത്തനങ്ങളിലെ സ്ഥിരതയും ആസ്തി മൂല്യത്തിന്റെ കരുത്തും ദേശവ്യാപകമായ പ്രവര്‍ത്തനങ്ങളുമാണ് മികച്ച് റേറ്റിംഗിന് സഹായിച്ചതെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് അറിയിച്ചു. മാറുന്ന വിപണി സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാനായതായി മുത്തൂറ്റ് മിനി മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റും സിഇഒ പി.ഇ മത്തായിയും പറഞ്ഞു.

ആസ്തി മൂല്യം 4,200 കോടി കടക്കും

കമ്പനിയുടെ ആസ്തി മൂല്യം ഈ സാമ്പത്തിക വര്‍ഷം 4,200 കോടി രൂപ കടക്കുമെന്നാണ് കണക്കാക്കുന്നത്. 2024 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നികുതിയുള്‍പ്പടെയുള്ള ലാഭം 86.18 കോടി രൂപയില്‍ നിന്ന് 103.84 കോടി രൂപയായി വര്‍ധിച്ചു. 20.5 ശതമാനം വളര്‍ച്ച. ഇതേ കാലയളവില്‍ കമ്പനിയുടെ പി.ടി.എ 24.35 ശതമാനം വളര്‍ച്ച നേടി. 60.04 കോടിയില്‍ നിന്ന് 74.66 കോടി രൂപയായാണ് വര്‍ധിച്ചത്. കിട്ടാക്കടം 0.77 ശതമാനത്തിന്റെ കുറഞ്ഞ നിരക്കില്‍ നിലനിര്‍ത്താനും കമ്പനിക്ക് കഴിഞ്ഞു.

മാറുന്ന വിപണിയിലും മികച്ച പ്രകടനം

മാറി കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങളിലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതാണ് ഐസിആര്‍എ റേറ്റിംഗ് മികച്ചതാക്കാന്‍ സഹായിച്ചതെന്ന് മുത്തൂറ്റ് മിനി മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. 2024 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച വരുമാനവും ലാഭവും നേടാനായി. വ്യത്യസ്ത വിപണി സാഹചര്യങ്ങളിലും മികച്ച സേവനം നല്‍കാന്‍ കഴിഞ്ഞു. അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ സാമ്പത്തിക സ്ഥിരതയും വളര്‍ച്ച നേടുന്നതിലുള്ള അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തനവുമാണ് മികച്ച ക്രെഡിറ്റ് റേറ്റിംഗ് തെളിയിക്കുന്നതെന്ന് മുത്തൂറ്റ് മിനി സിഇഒ പി.ഇ മത്തായി പറഞ്ഞു. ടയര്‍2, ടയര്‍3 നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. ഗുണനിലവാരവും ഇടപാടുകാരുടെ വിശ്വാസവും മുറുകെ പിടിച്ച് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

12 സംസ്ഥാനങ്ങളിലായി 948 ബ്രാഞ്ചുകളാണ് കമ്പനിക്കുള്ളത്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന, ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഗോവ, പുതുച്ചേരി എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT