Banking, Finance & Insurance

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് 30.58 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി

544.44 കോടി രൂപ മൊത്ത വരുമാനം നേടി. നടപ്പു സാമ്പത്തിക വര്‍ഷം 130 പുതിയ ശാഖകള്‍ തുറക്കും

Dhanam News Desk

മികച്ച വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ്. 2022-23 സാമ്പത്തിക വർഷത്തിൽ  കമ്പനി മാനേജ് ചെയ്യുന്ന ആസ്തി മുന്‍ സാമ്പത്തിക വര്‍ഷത്തെ 2498.60 കോടി രൂപയില്‍നിന്ന് 30.58 ശതമാനം വളര്‍ച്ചയോടെ 3262.78 കോടി രൂപയിലേക്ക് ഉയര്‍ന്നു. ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യത്തെ ചുരുക്കം ചില എന്‍ബിഎഫ്‌സികളില്‍ ഒന്നാണ് കമ്പനി എന്ന് പത്രക്കുറിപ്പിൽ അറിയിച്ചു.

ഇക്കഴിഞ്ഞ 2022-23 സാമ്പത്തിക വര്‍ഷം വരുമാന വളര്‍ച്ച, ലാഭവിഹിതം, ആസ്തി നിലവാരം എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന സൂചകങ്ങളിലും ശക്തമായ പ്രകടനം കാഴ്ചവയ്ക്കാന്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിനു കഴിഞ്ഞു.

2019-20 സാമ്പത്തിക വര്‍ഷം മുതല്‍ തുടര്‍ച്ചയായി നാല് വര്‍ഷങ്ങളില്‍ 135 ശതമാനം എന്ന സ്ഥിരതയാര്‍ന്ന വര്‍ധനയോടെയുള്ള വളര്‍ച്ചയാണ് കമ്പനി നേടിയിട്ടുള്ളത്.

മൊത്തവരുമാനം 544.44 കോടി രൂപ

കമ്പനി 544.44 കോടി രൂപയാണ് മൊത്ത വരുമാനം നേടിയത്. അറ്റാദായത്തിൽ മുന്‍വര്‍ഷത്തേക്കാള്‍ 52 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. നികുതിക്ക് മുമ്പുള്ള ലാഭം 81.77 കോടി രൂപയാണ്.

കമ്പനിയുടെ എന്‍പിഎ 0.37 ശതമാനമാണ് ഈ കാലയളവില്‍. ഈ വ്യവസായത്തിലെ ഏറ്റവും മികച്ചതാണ് എന്‍പിഎ അനുപാതം. മുത്തൂറ്റ് മിനിയുടെ റേറ്റിംഗ് സ്ഥിരതയോടെ ഓരോ വര്‍ഷവും മെച്ചപ്പെട്ടുവരികയാണ്. ശക്തമായ അടിത്തറയുള്ള കമ്പനി വരും മാസങ്ങളില്‍ മികച്ച വളര്‍ച്ച നേടുമെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.

''നിലവില്‍ രാജ്യത്തുടനീളം ശാഖകളുടെ എണ്ണം 871 ആയി ഉയര്‍ന്നിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 130-ലധികം പുതിയ ശാഖകള്‍ തുറന്ന് ആയിരത്തിലധികം ശാഖകള്‍ എന്ന നാഴികക്കല്ലിലെത്താനും ലക്ഷ്യമിടുന്നു. ഓരോ ശാഖയും ശരാശരി 5 കോടി രൂപയുടെ ആസ്തി മാനേജ് ചെയ്ത് മൊത്തം മാനേജ് ചെയ്യുന്ന ആസ്തി 5000 കോടി രൂപയിലേക്ക് എത്തിക്കാനും ഉദ്ദേശിക്കുന്നു.'' മുത്തൂറ്റ് മിനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി ഇ മത്തായി പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT