Image courtesy: canva 
Banking, Finance & Insurance

എന്‍.ഇ.എഫ്.ടി വഴിയുള്ള പണമിടപാടില്‍ പുതിയ ഉയരം കുറിച്ച് ഫെബ്രുവരി 29; യു.പി.ഐ ഇടപാടുകള്‍ കുറഞ്ഞു

ജനുവരിയില്‍ യു.പി.ഐ ഇടപാടുകള്‍ 1,220 കോടിയായിരുന്നു

Dhanam News Desk

ഇലക്ട്രോണിക് പണമിടപാട് സംവിധാനമായ നാഷണല്‍ നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (NEFT) ഫെബ്രുവരി 29ന് എക്കാലത്തെയും ഉയര്‍ന്ന ഒറ്റ ദിവസത്തെ ഇടപാടുകള്‍ രേഖപ്പെടുത്തി. മൊത്തം 4.10 കോടി ഇടപാടുകളാണ് ഫെബ്രുവരി 29ന് നടന്നതെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

പത്ത് വര്‍ഷങ്ങളില്‍ മികച്ച വളര്‍ച്ച

കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ (2014-23) എന്‍.ഇ.എഫ്.ടി, ആര്‍.ടി.ജി.എസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) സംവിധാനങ്ങള്‍ ഇടപാടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ യഥാക്രമം 700 ശതമാനവും 200 ശതമാനവും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ യഥാക്രമം 670 ശതമാനവും 104 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. 2023 മാര്‍ച്ച് 31ന് നടന്ന 16.25 ലക്ഷം ഇടപാടുകളാണ് ആര്‍.ടി.ജി.എസിന്റെ എക്കാലത്തെയും ഉയര്‍ന്ന ഒറ്റ ദിവസത്തെ ഇടപാടുകള്‍.

2019 ഡിസംബര്‍ 16 മുതല്‍ വര്‍ഷത്തിലെ 365 ദിവസവും 24*7 അടിസ്ഥാനത്തില്‍ എന്‍.ഇ.എഫ്.ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. 2020 ഡിസംബര്‍ 14 മുതല്‍ ആര്‍.ടി.ജി.എസും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. റിസര്‍വ് ബാങ്ക് നിയന്ത്രിക്കുന്ന എന്‍.ഇ.എഫ്.ടി, ആര്‍.ടി.ജി.എസ് എന്നിവ യഥാക്രമം റീറ്റെയ്ല്‍, മൊത്തവ്യാപാര പേയ്മെന്റുകള്‍ തീര്‍ക്കാനാണ് ഉപയോഗിക്കുന്നത്.

യു.പി.ഐ ഇടപാടുകള്‍ കുറഞ്ഞു

യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഫെബ്രുവരിയില്‍ ചെറിയ തോതില്‍ കുറഞ്ഞതായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കി. ഫെബ്രുവരിയില്‍ 18.28 ലക്ഷം കോടി രൂപ ഇടപാട് മൂല്യത്തോടെ മൊത്തം 1,210 കോടി ഇടപാടുകളാണ് നടന്നത്. ജനുവരിയില്‍ ഇടപാടുകള്‍ 1,220 കോടിയായിരുന്നു. ഇടപാട് മൂല്യം 18.41 ലക്ഷം കോടി രൂപയും. അതേസമയം ഫെബ്രുവരിയിലെ ഇടപാടുകളില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 61 ശതമാനവും ഇടപാട് തുകയില്‍ 48 ശതമാനവും വര്‍ധനയുമുണ്ടായി. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT