Public sector banks canva
Banking, Finance & Insurance

യെസ് ബാങ്കും എച്ച്.ഡി.എഫ്.സി ബാങ്കും കൊണ്ടുവരുന്ന ഈ പരിഷ്‌കാരങ്ങള്‍ മറ്റു ബാങ്കുകള്‍ക്ക് മാതൃകയാവുമോ?

യെസ് ബാങ്ക് സ്ത്രീകള്‍ക്കായി പ്രത്യേക ശമ്പള അക്കൗണ്ട് അവതരിപ്പിച്ചിരിക്കുന്നു. യു.പി.ഐ വഴി എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുകയാണ് എച്ച്.ഡി.എഫ്.സി ബാങ്ക്

Dhanam News Desk

ബാങ്കിംഗ് മേഖലയില്‍ ഉപഭോക്തൃ സേവനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ മാറ്റങ്ങള്‍ നടപ്പിലാകുന്നു. യെസ് ബാങ്ക് (YES Bank) സ്ത്രീകള്‍ക്കായി പ്രത്യേക ശമ്പള അക്കൗണ്ട് അവതരിപ്പിച്ചതും, എച്ച്.ഡി.എഫ്.സി ബാങ്ക് (HDFC Bank) യു.പി.ഐ വഴി എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗം.

യു.പി.ഐ വഴി പണം പിന്‍വലിക്കാന്‍ പുതിയ നിയമം

എച്ച്.ഡി.എഫ്.സി ബാങ്ക് എ.ടി.എം ഇടപാടുകളുമായി ബന്ധപ്പെട്ട ഒരു പ്രധാന മാറ്റം കൊണ്ടുവന്നത് ശ്രദ്ധേയം. ഏപ്രില്‍ 1 മുതല്‍ യു.പി.ഐ ഉപയോഗിച്ച് എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നത് സാധാരണ എ.ടി.എം ഇടപാടായി കണക്കാക്കും. ഇതോടെ യു.പി.ഐ വഴി നടത്തുന്ന (കാര്‍ഡില്ലാത്ത) എ.ടി.എം പിന്‍വലിക്കല്‍ ഇടപാടുകളും മാസത്തില്‍ ലഭിക്കുന്ന സൗജന്യ എ.ടി.എം ഇടപാടുകളുടെ പരിധിക്കുള്ളില്‍ ഉള്‍പ്പെടും.

മാസത്തില്‍ അനുവദിച്ച സൗജന്യ എ.ടി.എം ഇടപാടുകളുടെ പരിധി ഇത്തരത്തില്‍ കഴിഞ്ഞു പോയാല്‍ പിന്നെ ഓരോ ഇടപാടിനും 23 രൂപയും ബാധകമായ നികുതിയും ഈടാക്കും. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ യു.പി.ഐ വഴിയോ പണം പിന്‍വലിച്ചാലും ഒരേ ചാര്‍ജ് തന്നെ ബാധകമാകും.

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സേവിംഗ്‌സ്, ശമ്പള അക്കൗണ്ടുകള്‍ക്കുള്ള സൗജന്യ പരിധി ഇങ്ങനെയാണ്: സ്വന്തം എ.ടി.എമ്മുകളില്‍ മാസത്തില്‍ 5 സൗജന്യ പിന്‍വലിക്കല്‍. മെട്രോ നഗരങ്ങളിലെ മറ്റ് ബാങ്ക് എ.ടി.എമ്മുകളില്‍ 3 സൗജന്യ ഇടപാടുകള്‍. നോണ്‍-മെട്രോ നഗരങ്ങളില്‍ മറ്റ് ബാങ്ക് എ.ടി.എമ്മുകളില്‍ 5 സൗജന്യ ഇടപാടുകള്‍. ഇത് കഴിഞ്ഞാല്‍ സാധാരണ എ.ടി.എം ചാര്‍ജുകള്‍ ബാധകമാകും.

യു.പി.ഐ അധിഷ്ഠിത കാര്‍ഡില്ലാത്ത പിന്‍വലിക്കല്‍ ഇടപാടുകള്‍ക്ക് ഒരു ഇടപാടില്‍ പരമാവധി 10,000 രൂപ എടുക്കാം. ദിവസത്തില്‍ പരമാവധി 20,000 രൂപ; പരമാവധി 2 ഇടപാടുകള്‍ വരെ. ഈ സംവിധാനം ICCW (Interoperable Cardless Cash Withdrawal) എന്ന സംവിധാനത്തിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്.

കാര്‍ഡ് ഇല്ലാതെ പണം എങ്ങനെ പിന്‍വലിക്കാം

യു.പി.ഐ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന രീതി അറിയാമോ? ATM-ല്‍ UPI Cash Withdrawal ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ATM സ്‌ക്രീനില്‍ കാണിക്കുന്ന QR കോഡ് UPI ആപ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുക. മൊബൈലില്‍ ഇടപാട് അംഗീകരിക്കുക. ഈ സൗകര്യം BHIM, Google Pay, PhonePe, Paytm, PayZapp പോലുള്ള പ്രധാന UPI ആപ്പുകള്‍ വഴി ലഭ്യമാണ്.

വനിതകള്‍ക്കായി പ്രത്യേക അക്കൗണ്ട്

സ്ത്രീകളുടെ സാമ്പത്തിക ആവശ്യങ്ങള്‍ പരിഗണിച്ച് യെസ് ബാങ്ക് YES Essence Women's Salary Account എന്ന പുതിയ ശമ്പള അക്കൗണ്ട് അവതരിപ്പിച്ചു. മാര്‍ച്ച് 8-ന് അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്നതിനോട് അനുബന്ധിച്ചാണ് ഈ അക്കൗണ്ട് അവതരിപ്പിച്ചത്. ഇന്ത്യയില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വേഗത്തില്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ബാങ്ക് ഈ സേവനം അവതരിപ്പിച്ചത്. 2017-18 മുതല്‍ 2023-24 വരെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വലിയ തോതില്‍ വര്‍ധിച്ചുവെന്ന് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. ഗ്രാമപ്രദേശങ്ങളില്‍ സ്ത്രീകളുടെ തൊഴില്‍ 96% ഉയര്‍ന്നപ്പോള്‍, നഗരങ്ങളില്‍ ഇത് 43% വര്‍ധിച്ചു. ഈ കാലയളവില്‍ ഏകദേശം 1.56 കോടി സ്ത്രീകള്‍ ഔദ്യോഗിക തൊഴില്‍ മേഖലയിലേക്ക് പ്രവേശിച്ചു.

ബാങ്കിംഗ് സേവനങ്ങള്‍, ആരോഗ്യപരിരക്ഷ, ലൈഫ്സ്‌റ്റൈല്‍ ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ അക്കൗണ്ട്. ഈ അക്കൗണ്ട് തുറക്കുന്നവര്‍ക്ക് ആദ്യ വര്‍ഷം സൗജന്യ ലോക്കര്‍ സൗകര്യം ലഭിക്കും. കൂടാതെ 3-ഇന്‍-1 അക്കൗണ്ടിനായി ഡീമാറ്റ് അക്കൗണ്ടിന്റെ വാര്‍ഷിക ഫീസ് (AMC) ആദ്യ വര്‍ഷം പൂര്‍ണമായും ഒഴിവാക്കും. ഇതോടൊപ്പം വിവിധ ബാങ്കിംഗ് ഇടപാടുകള്‍ വഴി ആദ്യ വര്‍ഷത്തില്‍ പരമാവധി 34,000 YES Rewardz പോയിന്റ് വരെ നേടാനും അവസരം ലഭിക്കും.

ആരോഗ്യവും വെല്‍നസും

ഈ അക്കൗണ്ടിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ആരോഗ്യപരമായ ആനുകൂല്യങ്ങള്‍. ഉപഭോക്താക്കള്‍ക്ക് 5 ലക്ഷം രൂപ മൂല്യമുള്ള 'സൂപ്പര്‍ ടോപ്-അപ്പ്' ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കും. വാര്‍ഷിക ആരോഗ്യ പരിശോധന, പരിശോധനകള്‍ക്കായി വീട്ടിലെത്തിയുള്ള സാമ്പിള്‍ ശേഖരണം, ഒരു വര്‍ഷത്തെ ഹെല്‍ത്ത്കെയര്‍ മെംബര്‍ഷിപ് എന്നിവ നല്‍കും. ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യന്‍, സൈക്കോളജിസ്റ്റ്, ന്യൂട്രീഷനിസ്റ്റ് തുടങ്ങിയ വിദഗ്ധരുമായി ആശയവിനിമയം നടത്താന്‍ കഴിയും.

അക്കൗണ്ടിനൊപ്പം 'Elegance' ഡെബിറ്റ് കാര്‍ഡ് ലഭിക്കും. ഇതിലൂടെ യൂട്ടിലിറ്റി ബില്‍, ഗ്രോസറി, ട്രാവല്‍ തുടങ്ങിയ ചില വിഭാഗങ്ങളില്‍ 5% ക്യാഷ്ബാക്ക് ലഭിക്കും. ഒരു വര്‍ഷം പരമാവധി 6,000 രൂപ വരെ ക്യാഷ്ബാക്ക് നേടാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT