ബാങ്ക് ശാഖയില്‍ നേരിട്ടെത്തി പണം നല്‍കിയാല്‍ എന്‍ഇഎഫ്ടി (NEFT) വഴി മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 50,000 രൂപ വരെ അയയ്ക്കാം. ഇതിനായി പണം അയയ്ക്കുന്നയാള്‍ക്ക് ആ ബാങ്കില്‍ അക്കൗണ്ട് വേണമെന്നില്ല. ആഭ്യന്തര പണമിടപാടുകള്‍ സംബന്ധിച്ച നിലവിലെ ചട്ടങ്ങള്‍ ഏകീകരിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നവംബര്‍ 11ന് പുറത്തിറക്കിയ നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിര്‍ദേശങ്ങള്‍ അന്നുതന്നെ പ്രാബല്യത്തില്‍ വന്നു. നിലവിലുള്ള 50,000 രൂപ പരിധി ആര്‍ബിഐ നിലനിര്‍ത്തി.
ബാങ്കുകള്‍ക്ക് അവരുടെ അംഗീകൃത ഏജന്റുമാര്‍ (ബിസിനസ് കറസ്പോണ്ടന്റുമാര്‍), എടിഎമ്മുകള്‍ തുടങ്ങിയ സംവിധാനങ്ങളിലൂടെയും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയയ്ക്കാനുള്ള സൗകര്യം നല്‍കാം. ഈ രീതിയില്‍ ഒരിടപാടിന് പരമാവധി 5,000 രൂപ അയയ്ക്കാം. പണം അയയ്ക്കുന്ന ഒരാള്‍ക്ക് പ്രതിമാസം ആകെ 25,000 ആണ് പരിധി.
സ്വീകരിക്കുന്നയാള്‍ക്ക് ബാങ്ക് അക്കൗണ്ടില്ലെങ്കില്‍, അയയ്ക്കുന്നയാളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് തുക കൈമാറി പണമായി നല്‍കാനും ബാങ്കുകള്‍ക്ക് സൗകര്യമൊരുക്കാം. 'ക്യാഷ് പേ-ഔട്ട്' എന്ന ഈ സേവനത്തില്‍ എടിഎം, ബാങ്കിന്റെ അംഗീകൃത ഏജന്റ്, അല്ലെങ്കില്‍ മറ്റൊരു അംഗീകൃത പണമിടപാട് സംവിധാനം വഴി തുക കൈപ്പറ്റാം. ഒരിടപാടിന് 10,000 രൂപ വരെയും ഒരാള്‍ക്ക് പ്രതിമാസം ആകെ 25,000 വരെയുമാണ് ലഭിക്കുക. പണം അയയ്ക്കുന്ന ബാങ്ക് സ്വീകരിക്കുന്നയാളുടെ പേരും വിലാസവും രേഖപ്പെടുത്തണം.
ഇടപാടുകളുടെ ആവൃത്തിയും അക്കൗണ്ടുകളിലേക്ക് പണം വരുന്നതിലെ അസാധാരണ മാറ്റങ്ങളും നിരീക്ഷിക്കാന്‍ ബാങ്കുകളും ബന്ധപ്പെട്ട ബാങ്കിതര സ്ഥാപനങ്ങളും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം. ഈ സേവനം വഴി അക്കൗണ്ടില്‍ പണം എത്തിയാല്‍ ഉപഭോക്താവിന് അറിയിപ്പ് നല്‍കണം. ഒരു അക്കൗണ്ടിലേക്കോ ഒരു കൂട്ടം അക്കൗണ്ടുകളിലേക്കോ പണം എത്തുന്ന ഇടപാടുകള്‍ പെട്ടെന്ന് കൂടിയാല്‍ ഉടന്‍ പരിശോധിക്കുകയും സംശയാസ്പദമായ ഇടപാടുകള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും വേണം. പണം തത്സമയം അല്ലെങ്കില്‍ അതിനടുത്ത സമയത്തിനുള്ളില്‍ കൈമാറാനാകുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ.
തിരിച്ചറിയല്‍ രേഖയോ വിലാസരേഖയോ ഇല്ലാത്തതിനാല്‍ ഔപചാരിക ബാങ്കിങ് സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പ്രയാസപ്പെടുന്നവര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും ചെറിയ തുകകള്‍ കൈമാറുന്നത് എളുപ്പമാക്കാനാണ് ആഭ്യന്തര പണമിടപാട് സംവിധാനം കൊണ്ടുവന്നത്. കാര്‍ഡില്‍നിന്ന് കാര്‍ഡിലേക്കുള്ള പണമിടപാടുകള്‍ക്ക് അതത് പണമിടപാട് സംവിധാനങ്ങളുടെ ചട്ടങ്ങള്‍ ബാധകമാകും.
Read DhanamOnline in English
Subscribe to Dhanam Magazine