യുപിഐ ഇടപാടിന് നികുതി ചുമത്താന്‍ ആലോചന ഇല്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. 2,000 രൂപക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി ചുമത്തുമെന്ന വ്യാപക പ്രചരണങ്ങള്‍ക്കിടയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.
കേള്‍ക്കുന്നതെല്ലാം കിംവദന്തി മാത്രമാണെന്നും നിലവില്‍ അത്തരത്തിലുള്ള ഒരു ശുപാര്‍ശയും ഇല്ലെന്നും ധനകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ' പൂര്‍ണമായും തെറ്റായ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന, യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യമാണിത്.''
കച്ചവടക്കാര്‍ ബാങ്കുകളുമായും പെയ്‌മെന്റ് സേവന ദാതാക്കളുമായും നടത്തുന്ന ഡിജിറ്റല്‍ പണമിടപാടുകളില്‍ ഈടാക്കുന്ന മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) നിലവില്‍ വ്യക്തികള്‍ക്ക് ബാധകമല്ലാത്തതിനാല്‍ യുപിഐക്ക് ജിഎസ്ടി ഇല്ലെന്ന വിശദീകരണവും ധനമന്ത്രാലയം നല്‍കിയിട്ടുണ്ട്. വ്യക്തികള്‍ കച്ചവടസ്ഥാപനങ്ങളുമായി നടത്തുന്ന യുപിഐ ഇടപാടുകളില്‍ എംഡിആര്‍ വേണ്ടെന്ന് സര്‍ക്കാര്‍ 2020 ജനുവരിയില്‍ തീരുമാനിച്ചിട്ടുണ്ട്.
വന്‍കിട കച്ചവടക്കാര്‍ക്കിടയില്‍ യുപിഐ ഇടപാടുകള്‍ക്ക് 0.30 ശതമാനം എംഡിആര്‍ ചുമത്തണമെന്ന് പെയ്‌മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(PCI) പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. റുപേ ഡെബിറ്റ് കാര്‍ഡുകളിലെ വലിയ ഇടപാടുകള്‍ക്ക് എംഡിആര്‍ വേണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
കുറഞ്ഞ തുകയുടെ ഇടപാടുകളെ പ്രോല്‍സാഹിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ തുക ഇത്തവണ കുറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം 3,268 കോടി രൂപ വകയിരുത്തിയപ്പോള്‍ ഇത്തവണ 1,500 കോടിയായി കുറച്ചു. ഇതാണ് എംഡിആര്‍ ചുമത്തണമെന്ന ആവശ്യം മുന്നോട്ടുവെക്കാന്‍ പെയ്‌മെന്റ് കൗണ്‍സിലിനെ പ്രേരിപ്പിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine