Credit card Canva
Banking, Finance & Insurance

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ ആവേശം; തിരിച്ചടക്കാന്‍ കഴിയുന്നില്ല; കുടിശിക 33,886 കോടി രൂപ

ബാങ്കുകള്‍ വ്യാപകമായി ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതും ഉപയോഗം കൂടുന്നതിനും കുടിശിക വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ട്

Dhanam News Desk

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നതിനൊപ്പം തിരിച്ചടവ് മുടക്കുന്നവരുടെ എണ്ണവും കൂടുന്നതായി കണക്കുകള്‍. ഒരു വര്‍ഷം വരെ തിരിച്ചടവ് മുടങ്ങുന്ന ക്രെഡിറ്റ് കാര്‍ഡ് പെയ്‌മെന്റുകള്‍ 44.34 ശതമാനം ഉയര്‍ന്നതായി ഗവേഷണ സ്ഥാപനമായ സിആര്‍ഐഫ് (Centre for Research in International Finance) റിപ്പോര്‍ട്ടില്‍ പറയുന്നു. 91 ദിവസം മുതല്‍ 360 ദിവസം വരെയുള്ള കുടിശിക വിഭാഗത്തിലാണ് തിരിച്ചടവ് കൂടുതലായി മുടങ്ങുന്നത്. ഈ വിഭാഗത്തില്‍ 33,886 കോടി രൂപയാണ് കുടിശികയുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇത് 23,475 കോടി രൂപയായിരുന്നു.

42 ശതമാനം പലിശ

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം എളുപ്പമാണെങ്കിലും ഉയര്‍ന്ന പലിശ നിരക്കുകള്‍ പലപ്പോഴും തിരിച്ചടവ് മുടങ്ങാന്‍ കാരണമാണ്. പലിശ രഹിത സമയം കഴിഞ്ഞാല്‍ ബാങ്കുകള്‍ 42 മുതല്‍ 46 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. ഇതോടെ തിരിച്ചടവിന്റെ തുക വര്‍ധിക്കുകയും കുടിശികയാകുകയും ചെയ്യുന്നു.

ബാങ്കുകള്‍ വ്യാപകമായി ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതും ഉപയോഗം കൂടുന്നതിനും കുടിശിക വര്‍ധിക്കുന്നതിനും കാരണമാകുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡുകളുടെ പലിശ നിരക്കിനെ കുറിച്ചും മറഞ്ഞിരിക്കുന്ന ചാര്‍ജുകളെ കുറിച്ചും ഉപയോക്താവിന് വ്യക്തമായ വിവരമില്ലാത്തതും തിരിച്ചടവ് പ്രതിസന്ധിയിലാക്കും. ഇത് ക്രെഡിറ്റ് സ്‌കോറിനെ വരെ ബാധിക്കും. ഈ വര്‍ഷം മെയ് മാസത്തെ കണക്കനുസരിച്ച് ഇന്ത്യയില്‍ 11.11 കോടി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗത്തിലുണ്ട്. ഒരു വര്‍ഷം മുമ്പ് 10.33 കോടിയായിരുന്നു. 2021 ജനുവരിയില്‍ 6.10 കോടിയും.

ബാങ്കുകള്‍ക്കും വെല്ലിവിളി

ഉപയോക്താവിന് വേണ്ടി ബാങ്കുകള്‍ മുന്‍കൂറായി നല്‍കുന്ന പണമാണ് കുടിശികയായി മാറുന്നത്. ഇതില്‍ വലിയൊരു ഭാഗം പിന്നീട് കിട്ടാക്കടമായും മാറും. ഇത് ക്രെഡിറ്റ് കാര്‍ഡ് ബിസിനസില്‍ ശ്രദ്ധയൂന്നുന്ന ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഓഫറുകളുമായി നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം ക്രമാതീതമാകുമ്പോള്‍ തിരിച്ചടവ് മുടങ്ങുന്നത് പല ബാങ്കുകള്‍ക്കും ബാധ്യതയായി മാറുകയാണ്. തിരിച്ചടക്കാന്‍ കഴിയുന്ന തുകക്ക് മാത്രമേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാവൂ എന്ന യാഥാര്‍ത്ഥ്യം പല ഉപയോക്താക്കളും തിരിച്ചറിയാറില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT