NRI remittance Image Courtesy: Canva
Banking, Finance & Insurance

അതിര്‍ത്തി കടന്നെത്തിയത് 11 ലക്ഷം കോടി രൂപ; ഇന്ത്യന്‍ പ്രവാസികളുടെ പണമയക്കല്‍ കുത്തനെ കൂടി; വിദേശ പണം വരവില്‍ ഒന്നാമത്

വിനിമയ നിരക്കിലുള്ള ഇടിവ്, ഡിജിറ്റല്‍ പേയ്‌മെന്റ്, ഉയര്‍ന്ന ശമ്പളം എന്നിവ പ്രവാസികളുടെ പണമയക്കല്‍ കുടാന്‍ കാരണമാണെന്ന് ഫിനാന്‍ഷ്യല്‍ സേവന ദാതാക്കള്‍

Dhanam News Desk

രൂപയുടെ വിലയിടിവ് തുടരുന്നതിനിടെ ഇന്ത്യയിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ തോത് കുത്തനെ കൂടി. 2024 ഡിസംബര്‍ വരെ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെ ബാങ്കുകളില്‍ എത്തിയത് 129.1 ബില്യണ്‍ ഡോളര്‍ (11,20,000 കോടി രൂപ.). കഴിഞ്ഞ വര്‍ഷം പ്രവാസികളുടെ പണം ഏറ്റവും കൂടുതല്‍ സ്വീകരിച്ച രാജ്യം ഇന്ത്യയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14.3 ശതമാനത്തിന്റെ വര്‍ധന. വര്‍ധനയുടെ തോതിലും ഇന്ത്യയാണ് മുന്നില്‍.

കൂടുതല്‍ പണമെത്തുന്നത് ഈ രാജ്യങ്ങളില്‍ നിന്ന്

വിദേശ ഇന്ത്യക്കാരുടെ പണം ഇന്ത്യയിലേക്ക് കൂടുതലായി എത്തുന്നത് യുഎസ്, യുഎഇ, സൗദി അറേബ്യ, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നാണ്. മെക്‌സിക്കോ (68 ബില്യണ്‍ ഡോളര്‍), ചൈന (48 ബില്യണ്‍ ഡോളര്‍), ഫിലിപ്പൈന്‍സ് (40 ബില്യണ്‍ ഡോളര്‍), പാക്കിസ്ഥാന്‍ (33 ബില്യണ്‍ ഡോളര്‍) എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്നിലുള്ളത്.

ഇന്ത്യ ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് യുഎഇയില്‍ നിന്നുള്ള പണമയക്കല്‍ വലിയ തോതില്‍ വര്‍ധിച്ചതായി ദുബൈയിലെ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു. ഡോളറുമായുള്ള വിനിമയ നിരക്കില്‍ മാസങ്ങളായി ഇന്ത്യന്‍ രൂപ ഉള്‍പ്പടെയുള്ള ഏഷ്യന്‍ കറന്‍സികളുടെ വിലയിടിവ് പണമയക്കല്‍ കൂടാന്‍ പ്രധാന കാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ശക്തമാതോടെ, വിനിമയ നിരക്ക് യഥാസമയം അറിഞ്ഞ് പണം വേഗത്തില്‍ അയക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും അദീബ് പറഞ്ഞു.

മുതലെടുക്കുന്നത് ഏഷ്യന്‍ രാജ്യങ്ങള്‍

ഡോളര്‍ ശക്തിപ്പെടുമ്പോള്‍ വിനിമയ മൂല്യത്തിനുള്ള വ്യത്യാസം മുതലെടുക്കുന്നത് ഏഷ്യന്‍ രാജ്യങ്ങളാണെന്ന് ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിലെ സാമ്പത്തിക വിദഗ്ധയായ ഡോ.മീര ഗുപ്ത പറയുന്നു. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പണമയക്കലും കൂടിയിട്ടുണ്ടെന്ന് ഡോ.മീര ചുണ്ടിക്കാട്ടുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ പാകിസ്ഥാനിലേക്കുള്ള പണമിടപാടുകള്‍ 20 ശതമാനവും ബംഗ്ലാദേശിലേക്ക് 15 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. ഡോളറിന്റെ കരുത്ത് കൂടല്‍, ഡിജിറ്റല്‍ പേയ്‌മെന്റ്, വികസിത രാജ്യങ്ങളിലെ ഉയര്‍ന്ന ശമ്പളം എന്നിവ പ്രവാസികളുടെ പണമയക്കല്‍ കൂടാന്‍ കാരണമാണെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലയിലെ പ്രൊഫഷണലുകള്‍ ചൂണ്ടിക്കാട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT