Banking, Finance & Insurance

എടിഎം ഇടപാടുകള്‍ മുതല്‍ പാചകവാതക സബ്‌സിഡി വരെ മാറും; നാളെ മുതല്‍ ശ്രദ്ധിക്കേണ്ട പ്രധാന സാമ്പത്തിക മാറ്റങ്ങള്‍

വലിയ തുകയുടെ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് നിശ്ചയിക്കുന്നതിലും പ്രസിദ്ധീകരിക്കുന്നതിലും ആര്‍ബിഐയുടെ പുതുക്കിയ വ്യവസ്ഥകള്‍ ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും

Dhanam News Desk

രാജ്യത്തെ ബാങ്കിംഗ്, വ്യക്തിഗത സാമ്പത്തിക രംഗത്ത് നിര്‍ണായകമായ നിരവധി മാറ്റങ്ങളാണ് നാളെ (ഒക്ടോബര്‍ 01) മുതല്‍ നിലവില്‍ വരുന്നത്. എല്‍പിജി സബ്സിഡിക്കായി ആധാര്‍ നിര്‍ബന്ധമാക്കുന്നത് മുതല്‍ എന്‍പിഎസ് ചാര്‍ജുകള്‍, ബള്‍ക്ക് ഫിക്‌സഡ് ഡിപ്പോസിറ്റ് പലിശ നിരക്കിലെ മാറ്റം, യുപിഐ ഇടപാടുകളിലെ പുതിയ പരിഷ്‌കരണങ്ങള്‍ എന്നിവക്കൊപ്പം എസ്ബിഐയുടെ സാലറി അക്കൗണ്ട് ഉടമകളെ ബാധിക്കുന്ന എടിഎം ഇടപാട് നിയമങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. സാധാരണക്കാരുടെ ദൈനംദിന സാമ്പത്തിക ഇടപാടുകളെ നേരിട്ട് സ്വാധീനിക്കുന്നതാണ് ഈ പുതിയ മാറ്റങ്ങള്‍.

എസ്ബിഐ എടിഎം പരിധി കുറയും

ഒക്ടോബര്‍ ഒന്നുമുതല്‍ എസ്ബിഐ സാലറി പാക്കേജ് അക്കൗണ്ടുകാര്‍ക്ക് മറ്റു ബാങ്കുകളുടെ എടിഎമ്മുകളില്‍ ലഭിക്കുന്ന സൗജന്യ പ്രതിമാസ ഇടപാടുകള്‍ പത്തില്‍നിന്ന് അഞ്ചാകും. സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ ഇതില്‍ ഉള്‍പ്പെടും. ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളില്‍ നാല് സൗജന്യ പണം പിന്‍വലിക്കലുകള്‍ തുടരും. തുടര്‍ന്നുള്ള ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും ഈടാക്കും.

എല്‍പിജിക്ക് ആധാര്‍ പരിശോധന

സബ്‌സിഡിയോടെ പാചകവാതകം ലഭിക്കാന്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ബയോമെട്രിക് ആധാര്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. പരിശോധന നടത്താത്തവര്‍ക്ക് സബ്‌സിഡിയില്ലാതെ വിപണി വിലയ്ക്ക് സിലിണ്ടര്‍ ലഭിക്കും.

യുപിഐയില്‍ മാറ്റം

2,000 രൂപയ്ക്ക് മുകളിലുള്ള നിര്‍ദിഷ്ട വ്യാപാരി ഇടപാടുകളില്‍ പുതിയ എംഡിആര്‍ സംവിധാനം ബാധകമാകും. ഉപയോക്താവില്‍ നിന്ന് പ്രത്യേകം ചാര്‍ജ് ഈടാക്കില്ല. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകള്‍ സൗജന്യമായി തുടരും. ഒക്ടോബര്‍ 15ന് പുതിയ മാറ്റം നിലവില്‍ വരും.

പലിശനിരക്ക് മുന്‍കൂട്ടി അറിയണം

വലിയ തുകയുടെ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് നിശ്ചയിക്കുന്നതിലും പ്രസിദ്ധീകരിക്കുന്നതിലും ആര്‍ബിഐയുടെ പുതുക്കിയ വ്യവസ്ഥകള്‍ ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

ബാങ്കുകള്‍ ബള്‍ക്ക് ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് മുന്‍കൂട്ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ഓരോ പ്രവൃത്തിദിവസവും രാവിലെ 10 മണിക്ക് നിരക്ക് അറിയിക്കണമെന്നാണ് വ്യവസ്ഥ. അനുവദിച്ചിരിക്കുന്ന പത്ത് മിനിറ്റ് അധികസമയം ഉള്‍പ്പെടെ രാവിലെ 10:10നകം ഇത് പ്രസിദ്ധീകരിച്ചിരിക്കണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT