ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഒട്ടുമില്ലാത്ത ഇടങ്ങളിലും വ്യാപാരികളുടെ പോയിന്റ്-ഓഫ്-സെയില്‍ അഥവാ swiping machine വഴി യുപിഐ പേയ്മെന്റ് സാധ്യമാക്കുന്ന പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI). ഉപയോക്താവിന്റെ സ്മാര്‍ട്ട്ഫോണിലോ വ്യാപാരിയുടെ ടെര്‍മിനലിലോ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കിലും സുരക്ഷിതമായി ഇടപാട് പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ സാധിക്കും.
പ്രമുഖ ടെര്‍മിനല്‍ നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന പിഒഎസ് മെഷീനുകള്‍ക്ക് ഓഫ്‌ലൈന്‍ യുപിഐ സ്വീകരണത്തിനായുള്ള പ്രത്യേക സര്‍ട്ടിഫിക്കേഷന്‍ നല്‍കാനുള്ള തയാറെടുപ്പിലാണ് എന്‍.പി.സി.ഐ.
മൊബൈല്‍ നെറ്റ് വര്‍ക്ക് തീരെ ലഭിക്കാത്ത വിമാന ക്യാബിനുകള്‍, അണ്ടര്‍ഗ്രൗണ്ട് മെട്രോ റെയില്‍ ശൃംഖലകള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ ഈ സംവിധാനം വലിയ മാറ്റമുണ്ടാക്കും. സാങ്കേതിക തടസങ്ങള്‍ കാരണം പല എയര്‍ലൈനുകളും നിലവില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ യുപിഐ വലിയ ഗുണം ചെയ്യും.
ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ പ്രമുഖ യുപിഐ സേവനദാതാക്കളും ബാങ്കുകളും ഈ മാറ്റം സ്വന്തം പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളിലാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2023 സെപ്റ്റംബറിലാണ് എന്‍.പി.സി.ഐ 'യുപിഐ ലൈറ്റ് എക്‌സ്' (UPI Lite X) അവതരിപ്പിച്ചത്. ഫോണില്‍ നിന്ന് ഫോണിലേക്ക് എന്‍.എഫ്.സി വഴി പണമയക്കാനും, എന്‍എഫ്‌സി ക്യുആര്‍ കോഡുകള്‍, സൗണ്ട് ബോക്‌സുകള്‍ എന്നിവ വഴി വ്യാപാരികള്‍ക്ക് പണം നല്‍കാനും ഇത് സഹായിച്ചിരുന്നു.
എന്നാല്‍ പുതിയ ഫീച്ചറിലൂടെ വലിയ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ കാണുന്ന പരമ്പരാഗത ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് swiping machine (PoS Terminals) കൂടി ഈ ഓഫ്‌ലൈന്‍ നെറ്റ് വര്‍ക്കിന്റെ ഭാഗമാക്കുന്നു എന്നതാണ് പ്രധാന വ്യത്യാസം.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലവിലെ സാമ്പത്തിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സാധാരണ ഓഫ്ലൈന്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് 500 രൂപയും, യുപിഐ ലൈറ്റ് വഴി 1,000 രൂപയുമാണ് പരമാവധി അനുവദനീയമായ തുക. എന്നാല്‍ പുതിയ ഓഫ്ലൈന്‍ സംവിധാനത്തില്‍ ഓരോ ഇടപാടിലും 2,000 രൂപ വരെ അനുവദിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രവര്‍ത്തന നിയമങ്ങള്‍ എന്‍.പി.സി.ഐ ഉടന്‍ പുറപ്പെടുവിക്കും.
രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ റെക്കോര്‍ഡ് വേഗത്തിലാണ് വളരുന്നത്. 2026 ജൂണ്‍ മാസത്തില്‍ മാത്രം 28.92 ലക്ഷം കോടി രൂപ മൂല്യമുള്ള 2,272 കോടിയോളം യുപിഐ ഇടപാടുകളാണ് എന്‍.പി.സി.ഐ വഴി നടന്നത്. പോസ് മെഷീനുകള്‍ വഴിയുള്ള ഓഫ്ലൈന്‍ പേയ്മെന്റ് സൗകര്യം കൂടി വരുന്നതോടെ ഡിജിറ്റല്‍ യുപിഐ വിപ്ലവം അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നാണ് വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine