Banking, Finance & Insurance

കേരള ബാങ്ക് സി.ഇ.ഒ ആയി പി.എസ് രാജനെ നിയമിച്ചു

Dhanam News Desk

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജരായി സേവനമനുഷ്ഠിക്കുന്ന പി.എസ് രാജനെ കേരള ബാങ്കിന്റെ സിഇഒ ആയി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. യൂണിയന്‍ ബാങ്കിന്റെ ഗ്രാമീണ സംരംഭക പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടറായ അദ്ദേഹം കിറ്റ്കോ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്.

കാര്‍ഷിക ബിരുദാനന്തര ബിരുദധാരിയായ പി.എസ് രാജന് പൊതുമേഖലാ ബാങ്കില്‍ മൂന്ന് പതിറ്റാണ്ടിലേറെ പ്രവര്‍ത്തന പരിചയമുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയിലെ പഠനത്തിനു ശേഷം ഗ്രാമവികസന ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മുന്‍ഗണനാ വായ്പ, വായ്പാ നയം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗങ്ങളില്‍ വിവിധ ചുമതലകള്‍ വഹിച്ചു. യൂണിയന്‍ ബാങ്കിന്റെ കോട്ടയം, കോഴിക്കോട്, എറണാകുളം റീജിയണല്‍ മേധാവി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട് കോതമംഗലം സ്വദേശിയായ രാജന്‍.

കേന്ദ്ര ധനകാര്യ വകുപ്പ് ചെറുകിട ഇടത്തരം വ്യവസായ വായ്പാ വിതരണത്തിന് നല്‍കുന്ന അവാര്‍ഡ്, കേരളത്തില്‍ കുടുംബശ്രീ വായ്പാ വിതരണത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം എന്നിവ യൂണിയന്‍ ബാങ്കിന് നേടിയെടുക്കാന്‍ പി.എസ് രാജന്റെ നേതൃപരമായ പ്രവര്‍ത്തനത്തിലൂടെ സാധ്യമായി. മൊബൈല്‍ ബാങ്കിംഗ്, ആധാര്‍ ബ്രിഡ്ജ് എന്നിവയുടെ തുടക്ക കാലത്ത്  എന്‍പിസിഐയുമായി സഹകരിച്ച് ഡിജിറ്റല്‍ ബാങ്കിങ് ഉത്പന്ന വികസനരംഗത്തും അദ്ദേഹം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT