ഇന്ത്യയിലെ ഫിന്‍ടെക് മേഖലയിലെ വലിയ ചര്‍ച്ചയായി മാറിയ സംഭവമാണ് പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് (PPBL) ലൈസന്‍സ് റദ്ദാക്കല്‍. വര്‍ഷങ്ങളായി നീണ്ടുനിന്ന മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും ഒടുവില്‍ നിര്‍ണായക നടപടിയിലേക്ക് നയിച്ചു. ബാങ്കിംഗ് ബിസിനസ് പൂര്‍ണമായി നിര്‍ത്തണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചതോടെ ഉപയോക്താക്കള്‍, നിക്ഷേപകര്‍, വിപണി - എല്ലാവരും ഒരേ ചോദ്യമാണ് ചോദിക്കുന്നത്: എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്നല്ല, ഇനി എന്ത് എന്നതാണ് പുതിയ ചോദ്യം.
ഈ നടപടി പെട്ടെന്ന് വന്നതല്ല. ആര്‍.ബി.ഐ നേരത്തെ തന്നെ പലതവണ, പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് നിര്‍ത്താന്‍ നിര്‍ദ്ദേശിച്ചു. കെ.വൈ.സി, ഡാറ്റാ മാനേജ്‌മെന്റ് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി. ബാങ്കിന്റെയും പേടിഎം മാതൃകമ്പനിയുടെയും പ്രവര്‍ത്തനങ്ങള്‍ക്കിടയിലെ വ്യക്തമായ വേര്‍തിരിവില്ലായ്മ ചോദ്യം ചെയ്തു. നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാത്തതും, ഭരണപരമായി തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ നിലനിന്നതുമാണ് ഒടുവില്‍ ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കുന്നതിലേക്ക് എത്തിച്ചത്.
നിക്ഷേപ ഇന്‍ഷുറന്‍സ്, വായ്പാ ഗാരണ്ടി കോര്‍പറേഷന്റെ സംവിധാനമനുസരിച്ച് ഒരു ബാങ്കില്‍ ഒരാള്‍ക്ക് 5 ലക്ഷം വരെയുള്ള നിക്ഷേപത്തിന് ഇന്‍ഷുറന്‍സുണ്ട്. സേവിംഗ്‌സ്, ഫിക്സഡ് ഡെപ്പോസിറ്റ്, പലിശ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ആകെ തുകയ്ക്കാണ് ഇന്‍ഷുറന്‍സ്. ഒരാള്‍ക്ക് ബാങ്കിലുള്ള ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകളും വെവ്വേറെ കാണുകയില്ല. 5 ലക്ഷം വരെ ഉള്ളവര്‍ക്ക് പണം സുരക്ഷിതമാണ്. അതിനു മുകളില്‍ ഉള്ളവര്‍ക്ക് മുഴുവന്‍ തുകയും ഉറപ്പില്ല. പണം തിരികെ കിട്ടുന്നത് ഉടനെയാവില്ല. പ്രക്രിയ അനുസരിച്ച് ഘട്ടംഘട്ടമായാകും. അതായത്, ചെറിയ നിക്ഷേപകര്‍ക്ക് ആശ്വസിക്കാം. വലിയ തുക നിക്ഷേപിച്ചവര്‍ക്ക് ആശങ്ക ബാക്കി.
പേടിഎം ബാങ്ക് പൂട്ടിയാലും പേടിഎം ആപിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലയ്ക്കില്ല. നിയമപരമായി രണ്ടും രണ്ട് സ്ഥാപനങ്ങളാണ്. മാതൃകമ്പനി ആയ One 97 Communications ഇതിനകം തന്നെ പേടിഎം ബാങ്കിനെ ആശ്രയിക്കുന്നത് കുറച്ചിരുന്നു. മറ്റ് ബാങ്കുകളുമായി പങ്കാളിത്തം വര്‍ധിപ്പിക്കുകയും ചെയ്തു. അതിനാല്‍ UPI, പേയ്‌മെന്റ് സേവനങ്ങള്‍ തുടരുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. അതേസമയം പേടിഎം ബാങ്കുമായി ബന്ധപ്പെടുത്തിയ വാലറ്റ്, ഫാസ്ടാഗ് തുടങ്ങിയവ പ്രവര്‍ത്തിക്കില്ല. പേടിഎം വഴി ചാര്‍ജ് ചെയ്യാന്‍ വേറെ ബാങ്ക് അക്കൗണ്ട് മുഖേന പണം നല്‍കേണ്ടി വരും.
Jefferies, Bernstein, Goldman Sachs പോലുള്ള ബ്രോക്കറേജുകളുടെ വിലയിരുത്തല്‍ പ്രകാരം ബിസിനസിന് വലിയ ആഘാതമില്ല. പേടിഎം ബാങ്ക് കോര്‍ ബിസിനസിന് നിര്‍ണായകമല്ല. വരുമാനത്തില്‍ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല. റിസര്‍വ് ബാങ്ക് നടപടി പ്രതീക്ഷിച്ചിരുന്നതു കൊണ്ട് തന്നെ റിസ്‌ക് ഇതിനകം മാര്‍ക്കറ്റില്‍ പ്രതിഫലിച്ചു കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഒരു പ്രധാന മുന്നറിയിപ്പ് ബാക്കിയുണ്ട്. നിയന്ത്രണ സ്ഥാപനങ്ങളോട് വിശ്വാസം നഷ്ടപ്പെടുന്നത് ഭാവിയിലെ വളര്‍ച്ചയ്ക്ക് തടസമാകും.
ലൈസന്‍സ് റദ്ദാക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ പേടിഎം ഓഹരികള്‍ ഏകദേശം 6% വരെ താഴ്ന്നു. ബാങ്കിന്റെ ലൈസന്‍സ് പോയതു വഴി നിക്ഷേപകരുടെ ആത്മവിശ്വാസ കുറവ്, ബ്രാന്‍ഡ് വിശ്വാസ്യതയില്‍ വന്ന ഇടിവ് എന്നിവയൊക്കെത്തന്നെ കാരണങ്ങള്‍. എന്നാല്‍ വലിയ തകര്‍ച്ച ഉണ്ടായില്ല. പ്രധാന ബിസിനസിനെ നേരിട്ടു ബാധിക്കുന്നില്ല എന്നതാണ് അതിനു കാരണം.
ഈ സംഭവം ഒരു കമ്പനിയുടെ പ്രശ്‌നം മാത്രമല്ല. ഇത് മുഴുവന്‍ ഫിന്‍ടെക് മേഖലയ്ക്കും ഒരു മുന്നറിയിപ്പാണ്. പെരുമരം പോലെ വളര്‍ന്നാല്‍ മാത്രം പോരാ, അത് മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ചുകൊണ്ടല്ലെങ്കില്‍ ഭാവിയില്‍ പിടി വീഴാം. ബാങ്കിംഗ് ലൈസന്‍സ് എന്നത് കടുത്ത ഉത്തരവാദിത്തമാണ്. റെഗുലേറ്ററി നിയമങ്ങള്‍ മറികടക്കാന്‍ ആര്‍ക്കും കഴിയില്ല. ആര്‍.ബി.ഐയുടെ നിലപാട് വ്യക്തമാണ്. നിക്ഷേപകരുടെ സുരക്ഷിതത്വമാണ് പരമപ്രധാനം. എന്നാല്‍ ആ സുരക്ഷ നല്‍കുന്നതിനും ഒരു പരിധിയുണ്ടെന്ന് മനസിലാക്കാന്‍ പേടിഎം സംഭവം നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്നു. പേടിഎമ്മിന് ബിസിനസ് തുടരാം, പക്ഷേ വിശ്വാസ്യത ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു സ്ഥാപനത്തിന്റെയും ആണിക്കല്ലാണ്. അതിലാണ് ഇളക്കം തട്ടിയിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine