Image : Piramal Finance 
Banking, Finance & Insurance

പിരമല്‍ ഫൈനാന്‍സിന്റെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ വനിതാ ശാഖ തൃപ്പൂണിത്തുറയില്‍

കേരളത്തില്‍ ഈ വര്‍ഷം 5 പുതിയ ശാഖകള്‍ കൂടി; ബിസിനസ് ലക്ഷ്യം 300-350 കോടി

Dhanam News Desk

പിരമല്‍ എന്റര്‍പ്രൈസസിന് കീഴിലെ ധനകാര്യ സ്ഥാപനമായ പിരമല്‍ കാപ്പിറ്റല്‍ ആന്‍ഡ് ഹൗസിംഗ് ഫൈനാന്‍സിന്റെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ വനിതാ ശാഖ തൃപ്പൂണിത്തുറയില്‍ 'മൈത്രേയി' എന്ന പേരില്‍ തുറന്നു. കേരളത്തില്‍ കമ്പനിയുടെ ഇടപാടുകാരില്‍ 50 ശതമാനത്തിലധികവും സ്ത്രീകളാണെന്നത് പരിഗണിച്ചാണ് ആദ്യ സമ്പൂര്‍ണ വനിതാ ശാഖ ഇവിടെ തുറന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ജയ്‌റാം ശ്രീധരന്‍ പറഞ്ഞു.

മികച്ച യാത്രാ സൗകര്യം, സ്ത്രീസൗഹൃദം തുടങ്ങിയ ഘടകങ്ങളാണ് തൃപ്പൂണിത്തുറ തിരഞ്ഞെടുക്കാന്‍ കാരണം. നിലവില്‍ ആറ് ജീവനക്കാരാണ് ശാഖയില്‍. രണ്ടുപേരെ കൂടി ഉടന്‍ നിയമിക്കും. മുംബയ്, മൊഹാലി, രാജസ്ഥാനിലെ അജ്മീര്‍ റോഡ്, ന്യൂഡല്‍ഹിയിലെ ഛത്താര്‍പൂര്‍ എന്നിവിടങ്ങളിലും വൈകാതെ വനിതാ ശാഖകള്‍ തുറക്കും. തൊഴില്‍രംഗത്ത് സ്ത്രീകള്‍ക്ക് തുല്യ പരിഗണന ഉറപ്പാക്കുക കൂടി ലക്ഷ്യമിട്ടാണ് വനിതാശാഖകള്‍ തുറക്കുന്നത്.

മൂന്ന് വര്‍ഷം മുമ്പുവരെ ബില്‍ഡര്‍മാര്‍ക്ക് മാത്രം വായ്പകള്‍ നല്‍കിയിരുന്ന സ്ഥാപനമായിരുന്നു പിരമല്‍ ഫൈനാന്‍സ്. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ദിവാന്‍ ഹൗസിംഗിനെ ഏറ്റെടുത്താണ് റീറ്റെയ്ല്‍ ഉപയോക്തൃ വായ്പകളിലേക്കും കടന്നത്.

ഇപ്പോള്‍ ഭവന വായ്പ, യൂസ്ഡ് കാര്‍ വായ്പ, എം.എസ്.എം.ഇ വായ്പ തുടങ്ങിയവയുമുണ്ട്. രാജ്യത്താകെ 410 ശാഖകള്‍. 30 ലക്ഷം ഇടപാടുകാര്‍; 31,000 കോടി രൂപയുടെ ബിസിനസുമുണ്ട്.

കേരളത്തില്‍ വലിയ പ്രതീക്ഷ

കേരളത്തില്‍ 18 ശാഖകളും 250 കോടി രൂപയുടെ ബിസിനസും 2,000 ഇടപാടുകാരുമാണ് കമ്പനിക്കുള്ളത്; ജീവനക്കാര്‍ 330. സംസ്ഥാനത്ത് ഈ വര്‍ഷം 5 പുതിയ ശാഖകള്‍ കൂടി തുറക്കും. ഇതിന്റെ ഭാഗമായി കാമ്പസ് റിക്രൂട്ട്‌മെന്റുകളും കേരളത്തില്‍ സംഘടിപ്പിക്കും. വര്‍ഷാന്ത്യത്തോടെ പ്രതിമാസ ബിസിനസ് നിലവിലെ 20 കോടി രൂപയില്‍ നിന്ന് 50 കോടി രൂപയിലേക്കും മൊത്തം ബിസിനസ് 300-350 കോടി രൂപയിലേക്കും ഉയര്‍ത്തുകയാണ് ലക്ഷ്യം.

കേരളത്തിലെ ഇടപാടുകാരില്‍ 50 ശതമാനത്തിലധികവും സ്ത്രീകളാണ്; ദേശീയ ശരാശരി 20 ശതമാനം മാത്രം. സംസ്ഥാനത്തെ വായ്പകളില്‍ 70 ശതമാനവും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും 30 ശതമാനം ശമ്പളക്കാര്‍ക്കുമാണ്. ദേശീയതലത്തില്‍ 60 ശതമാനവും ശമ്പളാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കാണ്.

സ്വര്‍ണ വായ്പകളിലേക്കും

പിരമല്‍ ഫൈനാന്‍സ് ഈ വര്‍ഷം സ്വര്‍ണ വായ്പകളിലേക്കും കടക്കും. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 10 ശാഖകളിലായിരിക്കും തുടക്കം. കേരളത്തില്‍ തത്കാലമില്ല. നിരവധി ശക്തരായ എതിരാളികള്‍ കേരളത്തിലുണ്ടെന്നതാണ് കാരണം. യൂസ്ഡ് കാര്‍ വായ്പകളും കമ്പനി കേരളത്തില്‍ നല്‍കുന്നില്ല. കേരളീയര്‍ക്ക് പൊതുവേ താത്പര്യം പുതിയ വാഹനങ്ങളോടാണെന്നതിനാലാണ് ഇതെന്നും ജയ്‌റാം ശ്രീധരന്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT